Sunday, January 24, 2010

മെയ് 22, 1993

ആശാരി ആനന്ദനും ഞാനും കൂടി രാവിലെ ചാലക്കുടിക്ക് മരമെടുക്കാൻ പോയി.

മരക്കമ്പനിയിൽ ഭയങ്കര തിരക്കായിരുന്നു. മരക്കമ്പനിയിലെ ആനക്ക് മദപ്പാട് കണ്ടകാരണം വേറെ ആന വന്നിട്ടാ പണി തുടങ്ങിയത്.

ഇടഞ്ഞ മൊതലിനെ ഒരു മരത്തിന്മേൽ തളച്ചേക്കുവാ. അങ്ങിനെ മദം പൊട്ടിയ ആനയേം കണ്ടു. ലൈഫിൽ ആദ്യമായാണ്. മേത്ത് മുഴുവൻ ചെളിയും മണ്ണൂമൊക്കെ ആയി ചുട്ട അലമ്പായിട്ടാണ് നില്പ്.

രാവിലെ ഒന്നാം പാപ്പാൻ ചെന്ന്, “ഗുഡ്‌മോണിങ്ങ് ആനേ.. ഹവ്വാർ യൂ..“ എന്ന് വിഷ് ചെയ്തപ്പോൾ ആന ‘വല്യ കിന്നാരത്തിന് നിക്കാതെ എന്റെ അടുത്തൂന്ന് മാറി പോയ്ക്കോ.. അല്ലേ..ചവിട്ടി തേമ്പിക്കളയും!’ എന്നർത്ഥം വരുന്ന ഒരു നോട്ടം നോക്കിയത്രേ.

മരം വാങ്ങാൻ വന്നവർ കുറച്ച് ടീം ആനയെ നോക്കി നിന്നു.

“വല്ലതുമെടുത്ത് എറിഞ്ഞേക്കും.. അടുത്ത് ചെല്ലണ്ട!“

എന്ന പാപ്പാന്റെ നിർദ്ദേശം അവഗണിച്ചാണ് നിന്നിരുന്നത്. ഞാൻ ഇച്ചിരി ഡിസ്റ്റൻസ് ഇട്ടു.അല്ലെങ്കിൽ തന്നെ എന്നെ മൃഗങ്ങൾക്ക് കണ്ടൂട. രവിച്ചേട്ടന്റെ വീട്ടിലെ കൂറ്റൻ പോത്ത് എന്നെ കണ്ടാൽ അപ്പോ കുത്തിക്കൊല്ലും എന്ന റോളിലാ നോക്കുന്നേ. എന്നാണാവോ ഇനി അതിന്റെ കയ്യീന്ന് നമ്മക്കുള്ള കിണ്ണ് കിട്ടാൻ പോണത്. പാപ്പാൻ പറഞ്ഞ പോലെ ഇനി ആന വല്ലതും എടുത്ത് എറിഞ്ഞാൽ, പിന്നെ അതും വാങ്ങി കുടുമ്മത്തേക്ക് കൊണ്ടുപോകാമെന്നെല്ലാണ്ട് വേറെ ഒരു കാര്യവുമില്ല.

ക്യുബിക്ക് 750 രൂപയാണ് തേക്കിന്. കള്ളി ജനൽ ഫ്രെയിം ഉണ്ടാക്കാൻ മാത്രമേ തേക്കെടുത്തുള്ളൂ. മൊത്തം 9300 രൂപയായി മരത്തിന്. 60 രൂപ ടെമ്പോക്കും. ആനന്ദന് ഒരു തച്ചിന്റെ കാശ് കൊടുത്തു. ആ കമ്പനിയിൽ നിന്ന് ഇത് രണ്ടാമത്തെ മരമെടുപ്പാണ്. കട്ടിള ജനൽ ഐറ്റംസിന് മലേഷ്യൻ മയിലെള്ളാണെടുക്കാൻ മുൻപ് പോയിരുന്നു. ക്യുബിക്ക് 350 രൂപ വച്ച്.

ഇന്നുച്ചക്ക് ഞാൻ ചോറുണ്ടില്ല. ആനന്ദന് ഒരു ഹോട്ടലീന്ന് വാങ്ങി കൊടുത്തു. എനിക്ക് ഹോട്ടലിലെ ഊണ് ഒട്ടും ഇഷ്ടമല്ല. ഒരു എയിമില്ല. എന്റെ അമ്മേടെ സാമ്പാറും മീങ്കൂട്ടാനുമൊക്കെ കൂട്ടിയിട്ട് ഹോട്ടലുകാരുടെ കറികളുടെ ആ രുചി ഒട്ടും ഇഷ്ടല്ല.

വീട്ടിലെത്തിയപ്പോൾ ആറ് മണി കഴിഞ്ഞു. മരം വിറകുപുരയുടെ പിറകിലെ ചാച്ചെറക്കിൽ വച്ചു. കുളിച്ചു. ചോറുണ്ടു.

രാത്രി ചമ്പക്കുളം തച്ചൻ കാസെറ്റെടുത്തുകണ്ടു. പാട്ടുസീനിൽ..തോട് മുറിഞ്ഞ് കടന്നപ്പോൾ പാലത്തിൽ വച്ച്...വിനീത്.. അമൃതേടേ.. ഉം ഉം ഉം..

1993 മെയ് ഇരുപത്തൊന്നേ..

കാലത്തേ ടൈപ്പിന് പോയി.

വൃന്ദാവന്റെടുത്ത് വീടുള്ള മാധുരി ദീക്ഷിത്തിനെ കണ്ടു. ഇടംകണ്ണിട്ട് നോക്കിയപ്പോള്‍ അവളുടെ മുഖത്ത് ഒരു മന്ദഹാസം ദര്‍ശിച്ചു. ഇനി അവളെ നോക്കി എന്റെ പട്ടി ചിരിക്കും!

ടൈപ്പിന് വരുന്ന ഏതോ ഒരു പേട്ട ചെക്കൻ പാസായതിന്; വേണുമാഷ്, ‘നിന്റെ സൈഡിലിരിക്കുന്ന എല്ലാവര്‍ക്കും കൊടുക്കൂ‘ എന്ന് പറഞ്ഞ് തന്ന 6 ലഡു, വിതരണം നടത്തിയപ്പോള്‍ അവള്‍ക്കും ഒരെണ്ണം കൊടുത്തതിന്റെ പേരില്‍ ‘ഞാന്‍ ലഡു കൊടുത്ത് ലൈനാക്കാന്‍ ട്രൈ ചെയ്തൂന്ന്‘ പറഞ്ഞുണ്ടാക്കിയ പിശാശാണവൾ.

ഏണി എടുക്കാന്‍ പൈലേട്ടന്റെ വീട്ടില്‍ പോയപ്പോള്‍, അവള്‍ടെ കൂടെ പോളിയില്‍ പഠിക്കുന്ന പൈലേട്ടന്റെ താഴെയുള്ള മോള്‍ എല്ലാവരുടേം മുന്നില്‍ വച്ച്,

“കല്യാണം കഴിയാത്ത നായന്മാര്‍ പെമ്പിള്ളാരുള്ളതുകൊണ്ട് പ്രിയാ ബേക്കറിയില്‍ ലഡുവിന് ഭയങ്കര ചിലവാണ്” എന്ന് പറഞ്ഞത കേട്ട് എല്ലാവരും കൂടി ‘ക ക ക’ ന്ന് പറഞ്ഞ് ചിരിച്ച നേരത്ത്, ഛായ്! എല്ലാവരുടേം മുന്നില്‍ ഞാന്‍ വെറുമൊരു സ്ത്രീലമ്പടനായിപ്പോയില്ലേ?

അവള്‍ അങ്ങിനെ ഒരു ഗോസിപ്പ് ഇറക്കിയ നിലക്ക്, ലക്ഷണവശാൽ നോം ഒന്ന് മനസ്സുവച്ചാൽ മാധൂരി ദീക്ഷിത്ത് ചാഞ്ഞ് ചാഞ്ഞ് വരും!


ബാര്‍ബര്‍ ആറുമുഖന്‍ എന്നെ പറ്റി അമ്മയോട് കമ്പ്ലയിന്റെ ചെയ്യാന്‍ വന്നിരുന്നു. ഞാന്‍ ടൌസറ് ഇട്ട് നടക്കണ കാലത്ത് തൊട്ടേ എന്നെ കണ്ടിട്ടുണ്ടെന്നും, അവന്‍ എന്നോട് അങ്ങിനെ പെരുമാറുംന്ന് വിചാരിച്ചില്ല എന്നുമൊക്കെ പറഞ്ഞ് ഭയങ്കര സെന്റിമെന്റ്സ്.

മനസ്സിന് ഒരു സുഖമില്ല. അതുകൊണ്ട് ഇന്ന് വൈകീട്ട് 6 മണിക്കും രാത്രി 9 മണിക്കും ചോറുണ്ടു.

Saturday, September 6, 2008

കുമാരി മെയ് 20, 1993

ഇന്ന് പറപ്പൂര്‍ക്ക് പോയി.

കുളത്തൂര്‍ സ്റ്റോപ്പില്‍ ബസ് നിറുത്തി ഒരു മുക്കാല്‍ സെക്കന്റ് കഴിഞ്ഞേയുള്ളൂ, L ബോഡ് വച്ച ഒരു പുതുപുത്തന്‍ അമ്പാസഡര്‍ വന്ന് ആനയുടെ പിറകില്‍ ഒറ്റ പെട!.

പറവൂര്‍ ഭരതന്‍ പറയുമ്പോലെ ‘ഇത്ര നാളും അതിലേ പോയിട്ടും ഇതുവരെ’ ആ സ്റ്റോപ്പുള്ള കാര്യം കാറുകാരന്‍ കണ്ടിരിക്കില്ല. ഇടിയുടെ ആ ആച്ചലില്‍ ബസിലിരുന്ന മിക്കവരുടേം തലകള്‍ മുന്‍പോട്ട്പോയി, ഒരു മൈക്രോസെക്കന്റ് കൊണ്ട് തിരിച്ചുവന്നു സീറ്റുകമ്പിയില്‍ വന്നടിച്ചു . എല്ലാവരും തല തിരുമ്പിക്കോണ്ടാണ് എന്താ പറ്റിയേന്ന് തിരക്കിയത്.

എന്റെ അടുത്തിരുന്ന അമ്മാന്റെ തലയുടെ സൈഡിലാണ് കമ്പിയിടിച്ചത്. ചെവിയുടെ ഭാഗത്ത്. ‘മഴ ഒരു മാതിരി മാറിയ മട്ടാണല്ലേ?’ എന്ന് ചോദിച്ചതുകേട്ട് എന്നെ നോക്കിയപ്പോഴായിരുന്നു, അത്യാഹിതം സംഭവിച്ചത്. പാവത്തിന്റെ കണ്ണട താഴെ പോയി. പൊട്ടിയില്ല, ഭാഗ്യം! പൊട്ടിയെങ്കില്‍ നമ്മക്ക് ഒരു കുഞ്ഞു തെറിയെങ്കിലും കേട്ടേനെ!

ആക്സിഡന്റ് നടന്നാല്‍ കാണാന്‍ ചെല്ലാന്‍ എനിക്ക് ഭയങ്കര ഇന്ററസ്റ്റാണ്. ആള്‍ക്കാര്‍ക്ക് വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ സാധാരണ ഞാന്‍ അങ്ങിനെ ഇറങ്ങി നോക്കില്ല. സംഗതി പിന്നെ, ഒരാഴ്ചത്തെ വിശപ്പും ഉറക്കവും അതോടെ പോകും. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പമ്പിന്റെ മുന്‍പില്‍ കണ്ട ആക്സിഡന്റിന്റെ ഹാങ് ഓവര്‍ മാറി നോര്‍മ്മല്‍ ആവാന്‍ ശാന്തിയില്‍ പോയി ഡോക്ടറെ കാണേണ്ടി വന്നു. ഇപ്പഴും രാത്രി ആ ഭാഗത്തേക്ക് നോക്കുമ്പോള്‍, പേടിയാവും.

ബസില്‍ വച്ച് ഇത്തള്‍ ബാബുവിനെ കണ്ടു. ആമ്പല്ലൂര്‍ പേട്ടയിലുള്ള ഒരു ലോറിയില്‍ ഇപ്പോള്‍ കിളിയായി പോവുകയാണ്. ചേട്ടന്റെ വിശേഷങ്ങള്‍ ചോദിച്ചു. ബാബു, എന്റെ ചേട്ടന്റെ സോള്‍ ഗഡിയായിരുന്നു, ഗള്‍ഫില്‍ പോകും വരെ. പിന്നെ ബ്രേയ്ക്ക് ഡാന്‍സ് പഠിക്കാന്‍ പോയപ്പോള്‍ എന്റേം. സുകുവേട്ടന്റെ ഇത്തള്‍ കമ്പനിയിലായിരുന്നു ജോലി. കാണാന്‍ അത്ര സുന്ദരനൊന്നുമല്ല, പക്ഷെ നല്ല സ്വഭാവമാണ്. അതാണല്ലോ‍ അത്യാവശ്യവും. ബാബുവിന്റെ കയ്യില്‍ നിന്ന് ചെമ്പകപ്പൂവും ലാങ്കിപ്പൂവും വാങ്ങാന്‍ സ്കൂള്‍ കുട്ടികള്‍ ചെന്നിരുന്നു. കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി രാവിലെ ഏതെങ്കിലും വീട്ടില്‍ പോയി അത് പൊട്ടിച്ച് വക്കും. ആര്‍ക്കെങ്കിലും റോസപ്പൂ കൊടുത്തിരുന്നോ എന്നറിയില്ല!

സ്‌നേഹം മൂത്ത് വെള്ളിക്കുളങ്ങരേന്ന് വല്യ കരി ചാക്കും തലയില്‍ വച്ച് വരുന്ന പെണ്ണുങ്ങള്‍ ഇത്തള്‍ ബാബുവിന്‌ മുണ്ടിന്റെ മടിയില്‍ പൊതിഞ്ഞ് വച്ച് ഉഴുന്നുവടയും പരിപ്പുവടയും കൊണ്ടു കൊടുത്തിരുന്നൂത്രേ. ചിലപ്പോള്‍ സത്യമായിരിക്കണം.

ഇത്തള്‍ വാങ്ങാന്‍ വന്ന ഒരാളുടെ ലൂണ മോപ്പഡ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ സഹായിച്ചിട്ട്, സാധനം പെട്ടെന്ന് സ്റ്റാര്‍ട്ടായപ്പോള്‍ ബ്രേയ്ക്ക് പിടിക്കാനറിയാതെ കള്ള് ഷാപ്പിന്റെ കയറ്റം വരെ ലൂണയും കൊണ്ട് കൂടെയോടിയ കഥയും ബാബുവിനെ പറ്റിയുണ്ട്.

പറപ്പൂര്‍ ഗംഗാധരന്‍ ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വന്നിരുന്നു. അളിയന്റെ അനിയനാണ്. ചേട്ടന്‍ കത്തും ഡ്രാഫ്റ്റും കൊടുത്തയച്ചിട്ടുണ്ടായിരുന്നു. ചേട്ടനെ ബഹറിനിലേക്ക് കൊണ്ടുപോയത് അവരായിട്ടാണ്. അവര്‍ക്ക് ഭയങ്കര സെറ്റപ്പാണ്. കമ്പ്ലീറ്റ് ഗള്‍ഫുകാരല്ലേ? അതുകൊണ്ടൊക്കെ തന്നെ ഭയങ്കര വിധേയത്വമാണ്‌ എനിക്ക് അവരോട്. അവരെ അഭിമുഖീകരിക്കാന്‍ ഒരു മടിയാണ്. അതിന്റെ ആവശ്യമൊന്നുമില്ല, അവരെന്നോട് വല്യ കാര്യത്തിലേ സംസാരിക്കാറുള്ളൂ...എങ്കിലും. എയര്‍പ്പോര്‍ട്ടില്‍ നിന്ന് അവരുടെ വീട്ടിലേക്ക് പോകും വഴിയാണ് നമ്മുടെ വീട് എന്നതിനാല്‍, മിക്കപ്പോഴും വീട്ടില്‍ കയറിയിട്ടേ അവരൊക്കെ പോകു. വീടിന്റെ പടിക്കല്‍ അവരുടെ കാറ് കാണുമ്പോള്‍ ഒരു നെഞ്ചരിപ്പാണ്. പരമാവധി ഞാന്‍ അവര്‍ പോയിട്ടേ വീട്ടില്‍ ചെല്ലൂ.

ചേട്ടന്റെ വിശേഷങ്ങള്‍ കൂടുതല്‍ ചോദിക്കാനായി അമ്മ എന്നെ അവിടേക്ക് നിര്‍ബന്ധിച്ച് വിടും. അവിടെ തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ ഏറ്റവും വിലയുള്ള മീനും മറ്റുമാവും അവിടത്തെ കറികള്‍. അവരുടെ കൂടെയിരുന്ന് കഴിക്കുമ്പോള്‍ എരുവും പുളിയും രുചിയുമൊന്നും തോന്നില്ല. ശബ്ദമുണ്ടാക്കാതെ, പതുക്കെ എടുത്ത് കഴിക്കണം. എനിക്കത് പറ്റായ അല്ല, പക്ഷെ ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല.

നമുക്ക് ഇമ്മഡെ വീട്ടില് അടുക്കളയില്‍ മുട്ടിപ്പലയിരുന്നു, വടക്കേ വാതില്‍ തുറന്നിട്ട് ആ കാറ്റും കൊണ്ട്, ചാളക്കൂട്ടാനെങ്കില്‍ അത്, പയറൂട്ടാനെങ്കില്‍ അതും ചോറും മോരും കൊല്ലങ്ങളായി കഴിക്കണ എന്റെ സ്ലീല്‍ പാത്രത്തില്‍, ഒരു സ്റ്റീല്‍ കപ്പ് വെള്ളവും കുടിച്ച്, ഒറ്റക്കിരുന്ന് കഴിക്കണതിലും വലിയ ഒരു സാറ്റിസ്ഫാക്ഷന്‍ വേറേ ഒന്നുമില്ല.

അഞ്ചുമണിയായി തിരിച്ചെത്തിയപ്പോള്‍. ജിമ്മിന് പോയി. കൊടകര പള്ളിപ്പെരുന്നാളിന് പട്ടു കുടയും ചെര്‍ളക്കൂടും ഏല്പിക്കാന്‍ പേരാമ്പ്ര പള്ളീല്‍ക്ക് പോയപ്പോള്‍ പോലീസ് പിടിച്ച്, സ്റ്റേഷനിലേക്ക് കൊണ്ടുപോയി പെടച്ച കഥ വാസുവും ജേക്കബും പറഞ്ഞു. ഒരുപാട് ചിരിച്ചു.

Wednesday, September 3, 2008

മിസ്. മെയ് 19, 1993

കാലത്ത് നാലരക്കെണീറ്റു. ഭയങ്കര മഴയായിരുന്നു!

ഒന്ന് ഒന്നിന് പോയി വീണ്ടും കിടക്കാം എന്ന ന്യായമായ ആഗ്രഹത്തോടെയാണ് എണീറ്റത്. പക്ഷെ, മഴയത്ത് എങ്ങിനെ പുറത്തിറങ്ങും? സണ്‍ഷേഡിനോട് ചേര്‍ന്ന് നിന്നാല്‍ ബോഡിയുടെ ഒരു സൈഡേ കാറ്റടിയില്‍ നനയൂ. പക്ഷെ, ടി കാര്യത്തിന് നില്‍ക്കുമ്പോള്‍ കാലിലേക്ക് ചാറ്റടിയില്‍ മണ്ണും വെള്ളവും തെറിക്കുന്നത് കൊതുകടിക്കുമ്പോലെ ഒരു മഹാ ഇറിറ്റേറ്റിങ്ങ് ഫീലിങ്ങാണ്. അതുമല്ല, കാലില്‍ ചെളിയായാല്‍ പിന്നെ കിടക്കയിലും തറയിലും മൊത്തം അഴുക്കാവും.

സംഭവം ഒരു രണ്ട് മണിക്കൂറ് കണ്ട്രോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊന്നാലോചിച്ചു. ഇല്ല, മഴക്കാലത്തെ മുല്ലപ്പെരിയാറ് പോലെയായിരിക്കുകയാണ്. അങ്ങിനെ വൈഡ് ഗ്രേറ്റര്‍ ദാന്‍ സൈന്‍ പോലെ ആ പൊസിഷനില്‍ സിറ്റൌട്ടില്‍ നിന്ന്, വീണ്ടും!

കാണുന്നവര്‍ക്കെന്തറിയാം? സംഗതി റിസ്കാ. കാല്‍ക്കുലേഷനില്‍ ചെറിയ ഒരു പാളിച്ച വന്നാല്‍ സിറ്റൌട്ടും തിണ്ണയും കൊളമാണ്. കൊളം. കണ്ണും മനസ്സും ഏകാഗ്രമായിരിക്കേണ്ട മറ്റൊരു പ്രകൃയ. വീട്ടുകാര്‍ എണീക്കും മുന്‍പേ കാലത്ത് സിറ്റൌട്ട് വെള്ളമൊഴിച്ച് കഴുകുക എന്നൊക്കെ വച്ചാല്‍ തറവാട്ടുകാര്, ഫസ്റ്റ് ക്ലാസ് ചോന്മാക്ക് പറഞ്ഞിട്ടുള്ള പണിയാണോ??

മഴയും ഇരുട്ടും പണ്ടത്തേ പോലെ പേടിപ്പിക്കുന്നില്ല ഇപ്പോള്‍. ആരും കാണാതെ, ആരേയും കാണാതെ, ആരോടും മിണ്ടാതെ ഇരിക്കാനൊക്കെ ഇഷ്ടമായി തുടങ്ങി. എന്റെ കുഞ്ഞിമുറിയിലെ കിടക്കയില്‍ കാലുകള്‍ ജനല്‍ കമ്പിയിലേക്ക് കയറ്റി വച്ച് കിടക്കുന്ന കിടപ്പാണ് ഏറ്റവും സുഖകരമായ കിടപ്പ്. കാലുകള്‍ ഉയര്‍ന്നിരുന്നാല്‍ തലച്ചോറിലേക്കുള്ള

രക്തപ്രവാഹം കൂടി പെട്ടെന്ന് ഉറക്കം വരുമെന്ന് വായിച്ചതില്‍ പിന്നെ എന്നും ഈ കിടപ്പാണ്.

എട്ടുമണിയായി എണീറ്റപ്പോള്‍. ഇന്നും അമ്മ ഗോതമ്പടയുണ്ടാക്കി. എനിക്കതിഷ്ടമല്ല, പക്ഷെ അച്ഛന് ഗോതമ്പടയില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് .

കാലത്ത് നൂലപ്പോം മൊട്ടക്കറിയുമാണ് ഇഷടം. അല്ലെങ്കില്‍ പുട്ടും കടലയും. ഇഡ്ഡലിയും ദോശയും എന്നും എന്റെ വീക്ക്നെസുമാണ്. പണി എളുപ്പം നോക്കിയാവും, എന്നും പുട്ടാണ്, അല്ലെങ്കില്‍ ഗോതമ്പട.

മഴ കാരണം, പന്ത്രണ്ടരക്കാണിന്ന് ഡ്രൈവിങ്ങിന് പോയത്. സൈക്കിള്‍ പുറത്ത് വച്ചോണ്ട് ഡൈനാമോയില്‍ വെള്ളം കയറി. സീറ്റ് നനഞ്ഞോണ്ട്, പ്ലാസ്റ്റിക് കവര്‍ ഇട്ട് ഒരു കൈ കൊണ്ട് കൊട പിടിച്ച് ചവിട്ടി പോയി.

വാച്ചിന്റെ ബാറ്ററി മാറ്റാന്‍ പോയപ്പോള്‍ അവിടെ വച്ച്, സരികയേം ശ്രീദേവിയേം കണ്ടു. വിക്ടോറിയയിലെ ജൂനിയറ് ആര്‍ട്ടിസ്റ്റുകളാണ്. ഞാന്‍ പെങ്ങന്മാരെ പോലെ കരുതുന്ന ടീമാണ്. ആക്വചലി വിക്റ്റോറിയയില്‍ എനിക്ക് മൊത്തം നാല് പേരെയേ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുള്ളൂ. ഉള്ളതില്‍ ഏറ്റവും ടോപ്പിനോട്, “കുറച്ചും കൂടി തടി വച്ചില്ലെങ്കില്‍, എന്റെ വീട്ടുകാര്‍ സമ്മതിക്കില്ലാന്ന്“ പറഞ്ഞിരുന്നു. അതിനവള്‍, “ചോന്മാര്‍ക്ക് എന്നെ കൊടുക്കില്ല, ഒറിജിനല്‍ നായന്മാര്‍ക്ക് മാത്രമേ കൊടുക്കൂ“ എന്നാണ് പറഞ്ഞതെന്നാ അന്ന് സുമതി പറഞ്ഞത്.

ബാക്കിയുള്ളതില്‍ ഒന്ന് പെന്തക്കോസ്ത, പിന്നെ, ഒരു ക്രിസ്ത്യാനി, ഒരെണ്ണം ചോത്തി ക്ടാവാ. പെന്തക്കോസ്ത ആയത് നമുക്കൊരു ഇഷ്യു അല്ല, ബട്ട്, അവള്‍ക്ക് എന്നേലും ഒരു വയസ്സ് മൂപ്പ് കൂടുതലാണ്. അക്രമായി പോയി! പനമ്പിള്ളി കോളേജില്‍ ഹാള്‍ട്ടിക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍, മഴയത്ത് കുടയില്‍ ഞാനും വന്നോട്ടേ എന്ന വെറും ചൊദ്യത്തിന് എല്ലാവരുടേം മുന്‍പില്‍ വച്ച് ‘എന്നാ വാ’ എന്ന് വിളിച്ചതും, ഞങ്ങളങ്ങിനെ ഒരു കുടക്കീഴില്‍ പോയത് എങ്ങിനെ ഞാന്‍ മറക്കും?? അതിന്റെ ഉപകാരസ്മരണക്കായിരുന്നു, എലൈറ്റില്‍ കിടന്നിരുന്ന അവളുടെ ആങ്ങളയെ കാണാന്‍ ഞാന്‍ പോയത്. അവിടന്ന് ഒരുമിച്ച് തിരിച്ച് പോന്നത് എങ്ങിനെ മറക്കും?

കൃസ്ത്യാനി ക്ടാവിന്റെ കുടുമ്മത്ത് അഞ്ചിന്റെ പൈസക്ക് കൂറാടില്ല. കാര്‍ന്നോര്‍ യൂ. ടി. ആയി കള്ളും കുടിച്ച് നടക്കുകയാണ്. ഒരു ഗതിയും പരഗതിയും ഇല്ല. പക്ഷെ, ക്ടാവ് തെളി ക്ടാവാണ്. പിന്നെ, ചോത്തിക്ടാവ് ഭയങ്കര കാശുള്ള വീട്ടിലെയാ... പോലീസോ മറ്റോ ആണ് കാര്‍ന്നോര്. നമ്മള്‍ അഭ്യര്‍ത്ഥനയും കൊണ്ട് ചെന്നാല്‍ അവരുടെ വീട്ടുകാര്‍ പുളിവിറകും കൊണ്ട് ജീപ്പില്‍ വന്നിറങ്ങും! പിന്നെ, അത്രേം റിസ്ക് എടുക്കാനുള്ള എടുപ്പൊന്നും അവള്‍ക്കില്ലേനും. തിരുവാതിര കളിയുടെ അന്ന് കണ്ടല്ലോ സാരിയുടുത്തുള്ള ലുക്ക്!

ഇന്ന് ഒരു പിക്കാസ് വാങ്ങി. 75 രൂപ തായക്കും 20 രൂപ പിടിക്കുമായി.

വൈകീട്ട് ജിമ്മിന് പോയി. ജിനുവും വന്നിരുന്നു. ഗിരിജേല് ഉഗ്രനൊരു പടം വന്നിട്ടുണ്ടെന്ന് പറഞ്ഞു.

എണീറ്റത്: 8
കിടന്ന്: 8:40

Tuesday, September 2, 2008

മെയ് 18, 1993

ഡ്രൈവിങ്ങ് ക്ലാസുണ്ടായിരുന്നു. ആറേശ്വരം വരെയോടിച്ചു. ഇപ്പോള്‍ ഏറെക്കുറെ വണ്ടി റോട്ടീന്ന് പുറത്തേക്ക് പോകുമ്പോള്‍, ആ തൊരപ്പന്‍ മാഷ്‘ഇദാരുടെ ഡേഷിലേക്കാ ഈ കൊണ്ടോണേ..?’എന്ന് ചോദിക്കാതെ തന്നെ സംഗതി മനസ്സിലാ‍വുന്നുണ്ട്.

നടപ്പുര പൊളിച്ച് മേയലായിരുന്നിന്ന്‍. കുണ്ടനി സുകുവേട്ടന്റെ അജന്ത ടൈത്സില്‍ നിന്ന് 100 ഓടും 10 മൂലോടും വാങ്ങി. കാലത്ത് ഓട്ടുകമ്പനിയിലേക്ക് ചോറ്റും പാത്രം പിടിച്ച് പഴയറോഡ് വഴി കൂട്ടം കൂട്ടമായി പോകുന്ന ലാവണ്യവതികളായ ചേച്ചിമാര്‍, തലയില്‍ ചുമ്മാടും വച്ച് ഓടും കൊണ്ട് പോകുമ്പോള്‍ എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിച്ചു. ഞാനും. നിറം കുറവാണെങ്കിലും എന്താ അവരുടെയൊക്കെ ഒരു അംഗലാവണ്യം!

‘നടത്തത്തിന് സ്പീഡ് കൂട്ടാന്‍ ചെയ്യേണ്ട ഒരു പൊടിക്കൈ ഒരു മാഹാ അശ്ലീലം, ഓട് തലയില്‍ വച്ച് കൊടുക്കുന്ന ക്രൂരന്‍ എല്ലാവരോടുമായി പറഞ്ഞത് കേട്ട് മൊത്തം പൊട്ടിചിരിച്ച കൂട്ടത്തില്‍ ഞാനും ചിരിച്ചു.

ഓട്ടുകമ്പനി പണി ബോറിങ്ങാണെന്നാരാ പറഞ്ഞേ? ഒരിക്കലുമല്ല. പാര്‍ട്ട് ടൈം ജോലിക്ക് ഞാന്‍ തയ്യാര്‍.

പന്തല്ലൂക്കാരന്റെ കടയില്‍ നിന്ന് പാത്തി വാങ്ങി. 504 രൂപ.

കുട്ടിപ്പോളിന്റെ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അവന്റെ ബോധം പോയ സംഭവമാണിന്നത്തെ മെയിന്‍ ന്യൂസ്. കൊപ്രക്കളത്ത് വച്ചാണ് ഇടിനടന്നത്. കാലിന്റെ ചെറുവിരല്‍ പിരിഞ്ഞ് പോയി ത്രേ. അപ്പോള്‍ ബൈക്കിന്റെ പിറകിലുണ്ടായിരുന്ന ഷാജു, ശാന്തിയില്‍ കൊണ്ടുവന്നു. ഭാസ്കരന്‍ ഡോക്ടറെ കാണിച്ച്, സ്റ്റിച്ചിടണ റൂമില്‍ ഇരുത്തി മരുന്ന് വാങ്ങി ചെല്ലുമ്പോള്‍ പോളിനെ കാണാനില്ല. അവന്‍ മിസ്സിങ്ങ്.

നേഴ്സ്മാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും അറിയില്ല. ഷാജു പോയതിന്റെ പിന്നക്കേ പോളും എണീറ്റ് പോയിത്രേ. എങ്ങട് പോയീന്ന് ഓര്‍ത്ത് ഷാജു ആശുപത്രി‍ മൊത്തം അരിച്ച് തപ്പിയിട്ടും കാണാതെ പുറത്ത് കടന്നപ്പോള്‍, തിലകേട്ടന്റെ കടയിലിരുന്ന് പുട്ടും കടലയും കഴിക്കണ്‌ന്ന്!

എന്ത്യേഡാ പിശാശേ നീ പറയാണ്ട് പോന്നേ ന്ന് ചോദിച്ചപ്പോള്‍ ക.മാന്ന് മിണ്ടാതെ പൂട്ടില്‍ മാത്രം കോണ്‍സെണ്ട്രേറ്റ് ചെയ്യുകയാണ് ത്രേ. പോളിന് യാതൊരു ഓര്‍മ്മയും ഇല്ല. ഏത് ബൈക്ക്? ഏത് ആശുപത്രി? എന്ത് സ്റ്റിച്ച്? എന്ന റോള്‍. എന്തായാലും കുഴപ്പായില്ല, ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആള്‍ ഓക്കെ ആയി.

വൈകിട്ട് ഞാന്‍ ഒറ്റക്ക് പോയി‘കുടുംബസമേതം‘ കണ്ടു. കിണ്ണന്‍ പടം. ‘നീലരാവിലിന്നു നിന്റെ താരഹാര..’ എന്തിറ്റാ പാട്ട്! മോനിഷയെ കണ്ടപ്പോള്‍ വിഷമം തോന്നി. നല്ലോരു കൊച്ചായിരുന്നു! എന്തോരം സന്തോഷായി, അടിപൊളിയായി, ആഢംബരത്തോടെ ജീവിക്കേണ്ടതായിരുന്നു? എല്ലാം പോയില്ലേ?