Thursday, March 29, 2007

ജനുവരി 11, 1993

അങ്ങിനെ തൃക്കണിക്ക് വച്ചത് കാക്ക കൊണ്ടുപോയി. സ്റ്റാറ്റി ചൂറ്റി. ഏതൊക്കെ വരില്ലാന്ന് വിചാരിച്ചോ അതൊക്കെ വന്നു.

ദൈവമേ എന്താ ഞാനിങ്ങനെ? എന്തുമാത്രം പഠിച്ചതായിരുന്നു? ഒരു ദിവസം പോലും കുരിശുവരക്കാതെ എണീറ്റിട്ടുണ്ടോ? കിടന്നിട്ടുണ്ടോ?

എന്നിട്ടും എനിക്ക് ദൈവം എപ്പോഴും ദുഖം മാത്രം തരും. ഞാനൊന്നും രക്ഷപ്പെടാന്‍ ദൈവത്തിന് വല്യ താത്പര്യമൊന്നുമില്ല.

മനസ്സില്‍ നിറച്ചും ദുഖമാണിന്ന്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ജോണിച്ചേട്ടന്റെ വര്‍ക്ക് ഷോപ്പില്‍ പോകാന്‍ പറഞ്ഞത് കേള്‍ക്കാതെ, ഇനിയും പഠിക്കണമെന്ന് മോഹിച്ചതൊക്കെ തെറ്റായിരുന്നു. നമുക്കൊന്നും ഒന്നും പറഞ്ഞിട്ടില്ല. അതൊക്കെ ചിലര്‍ക്ക് വേണ്ടി ദൈവം റിസര്‍വ് ചെയ്ത് വച്ചിരിക്കും. യോഗമുള്ളവര്‍.

ഒരു 50 മാര്‍ക്ക് കിട്ടുമായിരിക്കും. പക്ഷെ, അതുപോരല്ലോ നമുക്ക്. ജെയിംസിനും പോളിക്കും വേണുവിനും അത്ര കിട്ടിയില്ലെങ്കിലും സാരമില്ല. അവര്‍ ഒക്കെ ഒള്ളോടത്തെ അല്ലേ? ജോലിക്കാരും പണക്കാരുമായ മാതാപിതാക്കള്‍ക്ക് പിറന്ന ഭാഗ്യം ചെയ്തവര്‍. നമ്മളോ?

പരീക്ഷ എങ്ങിനെയുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അമ്മയോട് മറുപടി ഒന്നും പറഞ്ഞില്ല. മുറിയില്‍ കയറി വാതിലടച്ചിരുന്നു. കുറെ നേരം കരഞ്ഞു.

ഭയങ്കരമായ അപകര്‍ഷതാബോധം തോന്നുന്നു.

മര്യാദക്കുള്ള ഒരു മനുഷ്യക്കോലം കിട്ടിയില്ല. ഒരുമനുഷ്യനും നമ്മളോട് സ്‌നേഹവുമില്ല. നിലയുമില്ല, വിലയുമില്ല. സ്വന്തമെന്ന് പറയാന്‍ എന്താ ഉള്ളത്? ഒന്നുമില്ല. വെറും പാഴ് ജന്മം.

നന്നാവില്ല. വിചാരിച്ചാലും. ഇങ്ങിനെയൊക്കെ വെറുതെ ജീവിച്ച് മരിച്ച് പോകും. ഓരോരോ ജന്മങ്ങള്‍! മനസ്സ് ശൂന്യമാണ്. ഒന്നും ആഗ്രഹിക്കണ്ട.

നാളെ ബാങ്കിങ്ങാണ്. പഠിക്കാന്‍ തോന്നുന്നില്ല.

എണീറ്റത്: 5 മണിക്ക്
കിടന്നത്: 9 മണിക്ക്

11 comments:

ദുര്‍ബലന്‍ said...

അങ്ങിനെ തൃക്കണിക്ക് വച്ചത് കാക്ക കൊണ്ടുപോയി. സ്റ്റാറ്റി ചൂറ്റി.

സമര്‍പ്പണം: ക്രിഷ് സാറിന്.

SAJAN | സാജന്‍ said...

എന്നിട്ട് നല്ല മാര്‍ക് കിട്ടിയോ മാഷേ
:)

അരവിന്ദ് :: aravind said...

ദുര്‍ബൂ..
ഇതൊക്കെ എനിക്ക് ഇപ്പഴും ജീവിതത്തില്‍ ചിലപ്പോ തോന്നാറുള്ളതാണ്.
പക്ഷേ ഒരിക്കലും പരീക്ഷക്ക് പൊട്ടുമ്പോള്‍ തോന്നിയിട്ടില്ല.ഒരിക്കലും പഠിക്കാഞ്ഞിട്ടായിരിക്കും.
ദേ കഴിഞ്ഞ ആഴ്ചേം കൂടെ രണ്ടെണ്ണത്തിന് പഠേ പഠേ ന്ന് പൊട്ടിയതേയുള്ളൂ.

ഇന്‍‌‌വിജിലേഷന് വന്ന മദാമ്മ ചരക്കായിരുന്നത് കൊണ്ട് കോപ്പിയടിക്കാന്‍ കൊണ്ടുപോയ തുണ്ട് പുറത്തെടുത്തില്ല.
പിടിച്ചാല്‍ അവളുടെ മുന്നില്‍ നാറൂലേ....പരീക്ഷ പിന്നേം എഴുതാം.അടുത്തതിന് വല്ല കെളവികളും ഇന്‍‌വിജിലേഷന് വന്നാല്‍ രക്ഷപ്പെട്ടു.

കരയുന്നത് നല്ലതാണ്. ഇന്ത്യ വേള്‍‌ഡ് കപ്പില്‍ നിന്നൌട്ടായപ്പോള്‍ എന്റെ കണ്ണില്‍ നിന്നും വന്നു..രണ്ട് തുള്ളി.
നെഞ്ചത്തടിക്കാന്‍ തോന്നിയത് കണ്ട്രോള്‍ ചെയ്തു.

ജീവിതം ഒരു നൂറ് മീറ്റര്‍ ഓട്ടമല്ല, മാരത്തോണ്‍ ആണെന്ന് കരുതണം. ആദ്യം പിന്നിലോടിയാലും ദുഖിക്കേണ്ട കാര്യമില്ല.ഇപ്പോള്‍ മുന്നിലോടുന്നവര്‍ പിന്നിലാകാം..പതുക്കെയോടിയാല്‍ പിന്നീട് കുതിച്ച് മുന്നിലെത്താം...ഞാന്‍ ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു. ഇഷ്ടത്തിനനുസരിച്ച് മാരത്തോണിന്റെ നീളം കൂട്ടാലോ.

പടിപ്പുര said...

സ്റ്റാറ്റി എപ്പോഴും അങ്ങിനെയാണ്‌.- ചുറ്റിക്കും

(രണ്ടുപ്രാവശ്യം ശ്രമിച്ചിട്ടും 'കിട്ടാതായപ്പോള്‍' മൂന്നാമത്തെ പ്രാവശ്യം കോപ്പിയടിച്ചാണ്‌ എനിക്ക്‌ 'കിട്ടിയത്‌')

RR said...

ഇത്തവണ ആകെ സെന്റി ആണല്ലോ :(

qw_er_ty

sandoz said...

ദുര്‍ബൂ....ച്ചെ...ച്ചെ.....എന്തായിത്‌...സംകടം വന്നാല്‍ ഇങ്ങനെയാണോ....വാതില്‍ അടച്ചിരുന്ന് ആരെങ്കിലും ഇങ്ങനെ ക്കരയുമോ........പരീക്ഷ പോയാല്‍ പോട്ടന്നേ...അതിനു ഇങ്ങനെ കരയാ തുടങ്ങിയാലോ.......

ദേ ഇബ്‌ ടെ.....നോക്ക്‌...ഞാന്‍ പറഞ്ഞ്‌ തരാ എന്ത്‌ ചെയ്യണോന്ന്......നാളേം പരീക്ഷ ഒണ്ടാവും.....നമ്മളു വെഷമിക്കേം ചെയും..അപ്പൊ വരണ വഴി ഒരു ബാറില്‍ കേറി ഒരു മൂന്നെണ്ണം വീശണം......എന്നിട്ടും പിടിച്ച്‌ നില്‍ക്കാന്‍ പറ്റണില്ലെങ്കില്‍......നേരേ ഷാപ്പിലോട്ട്‌ കേറണം...നല്ല കോണ്‍ക്രീറ്റ്‌ നോക്കി ഒരു 2 കുപ്പി ചെലുത്തണം.....ഇപ്പോ ..ഒരു സന്തോഷം ഒക്കെ വരും......സന്തോഷം വന്നു കഴിഞ്ഞാ പിന്നെ ഒന്നും നോക്കരുത്‌.....ഹോള്‍ ടിക്കറ്റ്‌ കീറി പള്ളേല്‍ കളയണം.....എന്നിട്ട്‌ പൊട്ടിച്ചിരിക്കണം.......വേണമെങ്കി ഒരു ചേഞ്ചിനു നെഞ്ചത്തും അടിച്ചോ...സ്വന്തം നെഞ്ചത്തല്ലാ..അടുത്തിരിക്കണവന്റെ........

ദില്‍ബാസുരന്‍ said...

ഹ ഹ....ദുര്‍ബലാ പ്രീഡിഗ്രി സെക്കന്റ് ഇയറോ ഫസ്റ്റ് ഇയറോ ബാങ്കിങ് ഉള്ളത്?

അരവിന്ദേട്ടാ.. ആ കമന്റ് കലക്കി.

ഓടോ: ‘താക്കോല്‍’ എന്ന വി.കെ.എന്‍ കഥയില്‍ നിന്ന്.

ഹാജിയാര് സ്ഥിരമായി അരഞ്ഞാണച്ചരടില്‍ കോര്‍ക്കാറുള്ള പണപ്പെട്ടിയുടെ താക്കോല്‍ കാണാതാവുന്നു. കണ്ട് പിടിക്കാന്‍ വന്ന സ്ഥലത്തെ ഷെര്‍ലക്ക് ഹോസ് ആരാധകന്‍ ഹസ്സന്‍ ഉടുമുണ്ടിന്റെ മടക്കില്‍ തങ്ങി നില്‍ക്കുന്നുണ്ടാവും താക്കോല്‍ എന്ന് ഊഹത്തില്‍ പറയുന്നു.
“ഹാജ്യാരെ ഇങ്ങളാ മുണ്ടൊന്നയിക്കിന്‍”
ഹാജ്യാര്‍ കുലുങ്ങികുലുങ്ങിച്ചിരിക്കുന്നു.
“ഞാന്‍ ബല്യേ ചരക്കാന്നാ അന്റെ ബിചാരം?”

:-D

കൃഷ്‌ | krish said...

ഹായ്‌.. ഇതെന്താ ദുര്‍ബൂ.. ചുവന്ന കൊടിയുമായി വന്ന്‌ സെന്റിയടിക്കുന്നേ..

അയലോത്തെ പെമ്പിള്ളാരുടേം പെണ്ണുങ്ങള്‍ടേം വായീനോക്കി പുരാണം എഴുതീട്ട്‌.. നേരെവണ്ണം പഠിക്കാതെ സ്റ്റാറ്റിക്ക്‌ മോശായതിന്‌.. ഞമ്മക്കിട്ട്‌ സമര്‍പ്പിക്കുന്നോ..
അമ്പടാ..

പോട്ട്‌..പോട്ട്‌.. സെന്റിയടിച്ച്‌ കരയാതെ.. സാന്റൂ പറഞ്ഞപോലെ ഒരു ഫുള്ളടിച്ച്‌ വിഷമം മറ്റൂ...പൊട്ടിയാ ഇനീം എഴുതാം. പഞ്ചാരയടിയും/മനഃപ്പായസവും അതുപോലെയാണോ.. ഡൊണ്ട്‌ വറീ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കരയണ്ടാ ട്ടോ അടുത്ത തവണ കോപ്പിയടിക്കാന്‍ പറ്റീലെങ്കില്‍ ചാത്തന്‍ വന്ന്...



സഹായിക്കുകയൊന്നുമില്ലാ...:) അടുത്തിരിക്കുന്നവന്റെ പേപ്പര്‍ നോക്കിയെഴുതിയാല്‍ മതി...

ദുര്‍ബലന്‍ said...

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും... വേറൊരു ഡേഷും വരില്ല.

എന്നാരാ പാടിയത്?

അവര്‍ക്ക് ബ്ലോഗര്‍മാരെ അറിയാത്തതുകൊണ്ടാ..ണ്.

സമാധാനിപ്പിക്കാന്‍ എത്തിയ മദയാനകള്‍ക്ക് എന്റെ നന്ദിനി.

അത് പറഞ്ഞപ്പോഴാ ഓര്‍ത്തേ... ഏപ്രില്‍ 19 ല്‍ അഭിനയിച്ച നന്ദിനി, എന്തിറ്റാ ടോപ്പ്.

Siju | സിജു said...

ദുര്‍ബലന്‍ തിരിച്ചെത്തിയോ..
പരീക്ഷക്ക് പഠിക്കുകയായിരുന്നോ..
വായിലും നോക്കി പഠിച്ചതിന്റെ ഗുണം കാണാനുണ്ടല്ലോ.. :-)