Saturday, July 7, 2007

സവിത. ഇരു നിറം, 20 വയസ്സ് , തരക്കേടില്ല!

ഞാന്‍ സവിതയെ ആദ്യമായി കാണുന്നത്, ഏതാണ്ടൊരു നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ തൃശ്ശിവപേരൂര്‍‍ നഗരാതിര്‍ത്തിയിലെ കോടാലി എന്ന് പേരായ കൊച്ചു ഗ്രാമത്തില്‍ വച്ചാണ്.

എന്റെ അമ്മായിനെ കോടാലിയിലേക്കാണ് കെട്ടിച്ചേക്കുന്നത് എന്നതുകൊണ്ട് വെറുതെ പൊക്കിപ്പറയാണെന്ന് തോന്നരുത്. സംഗതി ഗ്രാമമാണെങ്കിലും, ടോക്കിയോ നഗരത്തിന്റെ സെറ്റിട്ട ഒരു ഗെറ്റപ്പായിരുന്നു കോടാലിക്ക്.

കം റ്റു ദി പോയിന്റ്. അന്നൊരു ബുധനാഴ്ചയായിരുന്നു. സമയം നാലുമണി ആവുന്നേയുള്ളു. എന്ന് വച്ചാല്‍ സ്കൂള്‍ വിടാറായിട്ടില്ല. പള്ളിയുടെ മുന്‍പിലുള്ള കലുങ്കിന്റെ താഴെയുള്ള കാനയില്‍ നിന്നും ഒരു കാക്ക ഒരു മുട്ടത്തോടെടുത്ത് പറന്നു.

മുട്ടത്തോട് വീണ ശബ്ദം കേട്ട് അതെടുക്കാന്‍ നൂറേ നൂറില്‍ വന്നൊരു പെരുച്ചാഴി, ‘ അപ്പോഴേക്കും അതും കൊണ്ട് പോയോ?’ എന്നുപറഞ്ഞ് ഒരു മിനിറ്റ് വളരെ ഇമ്പോര്‍ട്ടന്റായ എന്തോ ഒന്ന് പോയ അണ്ണാന്റെ പോലെ നിന്ന്, കുറച്ച് കഴിഞ്ഞപ്പോള്‍ തിരിച്ച് തന്റെ മാളം ലക്ഷ്യമാക്കി ആടിയാടി പോയി.

അഗൈന്‍ കം റ്റു ദി പോയിന്റ്. (ഈ തലച്ചോറിനെക്കൊണ്ട് ഞാന്‍ തൊറ്റു. ഒരു കാര്യം മര്യാദക്ക് നേരെ ചൊവ്വേ പറയാന്‍ സമ്മതിക്കില്ല, അപ്പോഴേക്കും എടേല്‍ കയറി ഓരോ വിചാരങ്ങള്‍ വന്നോളും!)

സവിതയെ ഞാനാദ്യമായി കാണുമ്പോള്‍ അവളുടെ കയ്യില്‍ ഒരു ചായഗ്ലാസുണ്ടായിരുന്നു.

സവിത. ഇരു നിറം. ഒതുക്കമുള്ള ശരീരം. തിളക്കമാര്‍ന്ന സ്കിന്‍. ചര്‍മ്മം കണ്ടാല്‍ പ്രായപൂര്‍ത്തി ആയെന്ന് തന്നെ തോന്നില്ല.

രാമച്ച വിശറി പനി നീരില്‍ മുക്കി ആരോമല്‍ വീശും തണുപ്പായിരുന്നു അവള്‍ വരുമ്പോള്‍! (രാധാസ് സോപ്പ് തേച്ച് കുളി) ഡ്രൈവിങ്ങ് സ്കൂളില്‍ ജോലി. മൂന്നക്ക ശമ്പളം. (വല്ല നൂറ്റമ്പതോ ഏറിയാല്‍ ഇരുന്നൂറോ) ആര്‍ക്കും ലൈനാക്കാന്‍ തൊന്നുന്ന നോട്ടം. നല്ല പെരുമാറ്റം.

പരിചയപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ ഞങ്ങള്‍ പേര്‍ വിളിച്ചു.

രണ്ടാം ദിവസം അവളെന്നെ ചേട്ടാ കൂട്ടി വിളീച്ചു.

അപ്പോള്‍ ഞാനൊരക്ഷരം കുറച്ച്, ഞാനവളെ സവി എന്നും വിളിച്ചു.

മൂന്നാം ദിവസം അവള്‍ എന്നെ ഓണ്‍ലി ചേട്ടാ എന്ന് വിളിച്ചു.

അപ്പോള്‍ ഞാനവളെ ഒരു കുട്ടി ‘സവിക്കുട്ടീ’ എന്ന് വിളീച്ചു.

അങ്ങിനെ ഞങ്ങള്‍ മുട്ടന്‍ ലവ്വായി.

അതിന് ശേഷം പല പല രാത്രികളിലും ഞാന്‍ അവളെക്കുറിച്ച് കഥകള്‍ മിനഞ്ഞു. ഞാനുമവളും കൂടി ബോട്ടില്‍ പോകുന്നതും, ബോട്ട് മുങ്ങുന്നതും, അങ്ങിനെ ഞങ്ങള്‍ നീന്തി ഒരു കൊടും കാട്ടില്‍ അകപ്പെടുന്നതും, രാത്രി സിംഹത്തിന്റെ കരച്ചില്‍ കേട്ട്... എന്റെ അടുത്തേക്ക് അവള്‍ ഒട്ടിയൊട്ടി വരുന്നതും..... അങ്ങിനെയെല്ലാമെല്ലാം... !!

അങ്ങിനെ ക്ലൈമാക്സ് സെയിമായ എത്രയെത്ര വെര്ഷന്‍!

അങ്ങിനെയിരിക്കെ ഒരു ദിവസം... അവള്‍ക്കു വേണ്ടി സ്പെഷലായി തലയില്‍ മൂലോട് കമിഴ്ത്തി വച്ച സ്റ്റൈലില്‍ മുടി ചീകിയൊതുക്കി വന്ന എന്റെ ഹൃദയം ഡ്രൈവിങ്ങ് സ്കൂളിന്റെ മുന്‍പില്‍ വച്ച് രണ്ട് മിനിറ്റ് സ്തംഭിച്ചു.

ഡ്രൈവിങ്ങ് സ്കൂളില്‍ എന്റെ സവിക്കുട്ടിയിരിക്കാറുള്ള ചുമന്ന പ്ലാസ്റ്റിക്ക് കസേരയില്‍.... ദാണ്ടെ വേറൊരു ക്ടാവിരിക്കുന്നു.

സവിക്കെന്ത് സംഭവിച്ചു?? അവള്‍‌ക്ക് മഞ്ഞപ്പിത്തം പിടിച്ചോ? ഇനി ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിരിക്കുമോ? ആ... എന്തെങ്കിലുമാവട്ട്... നമുക്കതന്ന്വേഷിക്കലല്ലേ പണി!

സവിക്ക് പകരമായി വന്ന, ഇടവിട്ടിടവിട്ട് കൈപ്പക്ക കൊണ്ടാട്ടത്തിന്റെ ഡിസൈനുള്ള മഞ്ഞ ചുരിദാറുകാരിയെ ഞാന്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

മറ്റത്തൂരുള്ള സാവിത്രി ടീച്ചറുടെ രണ്ടാമത്തെ കൊച്ച് മിനി, വയസ്സ് - 19, പ്രീഡിഗ്രി തോറ്റു. നല്ല കനമുള്ള ശരീരം.

അവിടെ വച്ച്, ആ സ്പോട്ടില്‍ വച്ച്, ഞാന്‍ സവിക്കുട്ടിയുടെ ഫോട്ടോ എന്റെ മനസ്സിന്റെ ക്ലിപ്പ് ബോര്‍ഡില്‍ നിന്ന് മാറ്റി, അവിടെ മിനിക്കുട്ടിയെ കയറ്റി വച്ചു.

അന്ന് രാത്രി ഞങ്ങളൊരുമിരിച്ചായിരുന്നു ബോട്ടില്‍ പോയത്.

(ഇതൊരു വെറും കെട്ടുകഥ മാത്രം)

32 comments:

ദുര്‍ബലന്‍ said...

ഇദ് കോടാലിക്കാരനായ ബഹുവ്രീഹിക്കിരിക്കട്ടേ!!

Manu said...

ഈശ്വരാ.. ഇവിടെ തേങ്ങയടിക്കാന്‍ എനിക്കൊരവസരം
ഠ് ഠ് ഠേ... !!1

ആഷ | Asha said...

ഒരു ദിവസം എന്തോന്നു സംഭവിച്ചു ദുര്‍ബലാ?
ഈ ദുര്‍ബലന്റെ ഒരു കാര്യം മുടിഞ്ഞ സസ്പെന്‍സ് ആക്കി കളഞ്ഞല്ലോ.

കുറച്ചു ഡയറിക്കുറിപ്പുകള്‍ വായിക്കാന്‍ ബാക്കിയുണ്ടേ അതു നോക്കട്ടെ

RR said...

റ്റെന്‍ഷന്‍ ആക്കിയല്ലൊ :( ചുമ്മാ മനുഷ്യനെ മുള്‍മുനയില്‍ നിര്‍ത്താതെ ബാക്കി പറ ;)

Manu said...

ആ ‘ഇതു ഞാനല്ല’ കലക്കി...

ഡ്രൈവിംഗ് സ്കൂളില്‍ ജോലിയോ ...
എന്റ്മ്മോ.. ഇനി ഈ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞേ ഈ വഴിക്കുള്ളൂ... ഞാന്‍ ഓടി

ഇനിയെന്തൊക്കെയാണോ പുകില്‍..
വൈയ്റ്റ്ചെയ്യാന്‍ വൈയ്റ്റിംഗ് ചാര്‍ജ് ഒണ്ടോ..

ബിന്ദു said...

ഡയറിക്കുറിപ്പല്ലെ ഇത്? :)

ദില്‍ബാസുരന്‍ said...

ദുര്‍ബലാ,
തുടരനുമിറക്കാന്‍ തുടങ്ങിയോ? എനിയ്ക്ക് വയ്യ...

ടെന്‍ഷനടിപ്പിയ്ക്കാതെ ബാക്കി പോരട്ടെ...... :-)

കുട്ടന്മേനൊന്‍ | KM said...

ടോക്കിയോ നഗരത്തിന്റെ ഗെറ്റപ്പായിരുന്നു കോടാലിക്ക്.
ഹ ഹ ഹ. എന്തൊരു ഗറ്റപ്പ്. ദുര്‍ഗുണാ, ഇങ്ങനെ ടെന്‍ഷനില്‍ നിര്‍ത്തല്ലേ. അതോ കുറുമാന്റെ പോലെ സവിയെ സെല്‍വിയാക്കി വിഗാര നിര്‍ഫരതയിലേക്ക് കൊണ്ടുപോകാനാണോ ?

Dinkan-ഡിങ്കന്‍ said...

ദുര്‍ബലോ സസ്പെന്‍സില്‍ നിര്‍ത്താനാണ് ഭാവം എങ്കില്‍ ഡിങ്കന്‍ ഡയറീലെ പേജുകള്‍ കീറിപ്പറിച്ചോടും കേട്ടാ. സംഗതി കൊള്ളാം

ഓഫ്.ടോ
കോടാലി ടൊക്കിയോ തന്നെടോ..
ബ്ലേഡ് മാഫിയക്കാര് മുത്ത് മുറ്റായി നിന്ന കാലത്ത് തൃശൂര്‍ന്ന് വരന്തരപ്പള്ളി, മുപ്ലിയം വഴി കോടാലി പോണ ബസില്‍ ഒരുത്തന്റെ കഴുത്ത് ബ്ലേഡ് വെച്ച് മുറിച്ച് താഴെ ക്ലീനര്‍ ഉപയോഗിക്കണ ബക്കറ്റ് വെച്ച് കൊടുത്തു. ആ പാവം കമ്പിയില്‍ തന്നെ പിടിച്ച് വെറുങ്ങലിച്ച് മരിച്ചു. കേസ് കോടതീല് വിളിച്ചപ്പോള്‍ ബസില് ഡ്രൈവറില്ല,കണ്ടക്ടരില്ല, കിളിയില്ല, യാത്രക്കാരില്ല. മയ്സ്രേട്ട് ഞെട്ടിപ്പോയി. കാലിയായ ബസ് തന്നത്താന്‍ ഓടുന്നു. അതില്‍ കഴുത്ത് മുറിഞ്ഞ് ഒരു പാവം. കേസ്സ് തള്ളി

കുതിരവട്ടന്‍ said...

ദുര്‍ബലന്‍ കഥയും എഴുതുമോ? ;-)

തരികിട said...

കോടാലി സവി കലക്കീല്ലോ..

ഇനി സവികുട്ടിടെ മാര്‍ക്ക്‌ കൂടുന്നതു (അതോ കുറയുന്നതൊ) വായിക്കാന്‍ എത്രനാളു വെയിറ്റുചെയ്യണം എന്റെ ടോക്കിയോ മാഷേ

SAJAN | സാജന്‍ said...

ദുര്‍ബലന്‍ പഴയ ഫോമിലായി..
ഇതു ഭാവനയാണല്ലേ.. വേറും ഭാവന.. അതല്ലേ.. കിടന്നതു എഴുന്നെറ്റതും ഒന്നും എഴുതാതിരുന്നത്..ടെന്‍ഷനടിപ്പിക്കാതെ.. വേഗം അടുത്തത് എഴുതൂ...:)

Mullappoo || മുല്ലപ്പൂ said...

ദുര്‍ബലാ,
എഴുത്തിങ്ങനെ ദുര്‍ബലമായി പോരട്ട്.
കാലത്തെ ഇതു വായിച്ചിട്ട് ഇരുന്നാല്‍, ദിവസം മുഴുവന്‍ ഒരു ചിരി ഉണ്ടാവും മനസ്സില്‍.

ഏറനാടന്‍ said...

ദുര്‍ബലാ നിങ്ങളൊരു ബീര്‍ബലനാട്ടോ.. (ബീര്‍-ബലന്‍).

എറണങ്കുളത്തെ സവിത തിയ്യേറ്റര്‍ ഈ പറഞ്ഞ സവിതയുടേയാണോ. അതോ..

ആ, എന്നിട്ട്‌? എളുപ്പം പറ ബാക്കി..

കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്::

ആ പഴയ സസ്പെന്‍സ് “പ്രിയ” അതിനെ വഴീലു കളഞ്ഞോ??

പിന്നേം വാതിലു തുറന്നതിനു നന്ദി.

Siju | സിജു said...

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍
എന്നു വെച്ചാല്‍ 1850 നും 1900 ത്തിനും ഇടയില്‍ന്നല്ലേ..
അപ്പൊ ദുര്‍ബലന്‍ ഉണ്ടാരുന്നോ..
അല്ല ഇതിനി കഥയാണോ.. ഡയറിയല്ലേ..

എന്തായാലും മാത്യുമറ്റത്തിന്റെ മനോരമയിലെ നോവല്‍ വായിച്ച് അടുത്തയാഴ്ചയെന്തു സംഭവിക്കുമെന്ന് ആലോചിച്ചിരുന്നതു പോലെ ഞാനിരിക്കുന്നു.

അരവിന്ദ് :: aravind said...

"ക്ലൈമാക്സ് സെയിമായ എത്രയെത്ര വെര്ഷന്‍! "

ചിരിച്ചു മറിഞ്ഞു!
സൂപ്പര്‍ ഫോമിലായല്ലോ ദുര്‍ബലാ..:-)

ഇത്തിരിവെട്ടം|Ithiri said...

ദുര്‍ബൂ... :)

ദുര്‍ബലന്‍ said...

വായിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് നന്ദി.

ഡയറിയെഴുതാന്‍ മൂഡില്ല.

പക്ഷെ, അക്കാലമുപേക്ഷിക്ക വയ്യ.

അതുകൊണ്ട്, എന്റെ നാട്ടിലെ അന്നത്തെ പ്രധാന ക്ടാങ്ങള്‍സിനെ ഒന്ന് ഓര്‍ത്ത് പരിചയപ്പെടുത്തിക്കളയാം എന്നു കരുതി. അത് തന്നെയായിരുന്നൂലോ സെന്റിമെന്റ്സിന്റെ മെയിന്‍ അട്രാക്ഷനും! :)

നാട്ടുകാരുടെ കയ്യില്‍ നിന്ന് അടി എരന്ന് വാങ്ങുക എന്റെ ലക്ഷ്യമല്ല. ചുമ്മാ... ഒരു രസം.

എന്റെ ഡേ & നൈറ്റ് സ്വപ്നങ്ങളില്‍ കയറിയിറങ്ങിയ ലലനാമണികളെക്കുറിച്ച് പറഞ്ഞാല്‍ പലര്‍ക്കും ഇഷ്ടമാവുമെന്ന പ്രതീക്ഷയില്‍...

തുടരുന്നു!

സ്‌നേഹത്തോടെ,
ദുര്‍ബലന്‍.

പടിപ്പുര said...

ദുര്‍ബലാ, നീ മേടിക്കും... :)

ഇടിവാള്‍ said...

“ഞാന്‍ സവിതയെ ആദ്യമായി കാണുന്നത്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ തൃശ്ശിവപേരൂര്‍‍ നഗരാതിര്‍ത്തിയിലെ കോടാലി എന്ന് പേരായ കൊച്ചു ഗ്രാമത്തില്‍ വച്ചാണ്.“

തുടക്കം തന്നെ മുട്ടന്‍ തെറ്റാണല്ലോ ദുര്‍ബൂ കാണിച്ചിരിക്കുന്നത്!!!

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതി ..എന്നാല്‍ 1850 നു ശേഷം 1899 വരെയുള്ള വര്‍ഷങ്ങള്‍ ആണു...

ഇത് ദുര്‍ബലന്റെ ഡയറിയല്ലേ.. ഗ്രാന്റ് ഗ്രാന്ഡ് ഫാദറിന്റെ ഒന്നുമല്ലല്ലോ?

ദുര്‍ബലന്റെ ആണെങ്കില്‍, ഇരുപതാം നൂറ്റാന്റായി ..

1972 മെയ്ഡ് അല്ലേ? ;)

ബാക്കി എല്ലാം കസറന്‍ !

ആ ദുര്‍ബലന്‍ എന്ന പേരു കലക്കി ട്ടാ ..അര്‍ത്ഥവത്താക്കി ! (കുറച്ചു ദിവസം ഇന്‍‌വൈറ്റഡ് ആള്‍ക്കാര്‍ക്കു മാത്രേ ബ്ലോഗില്‍ പ്രവേശനം നല്‍കിയിരുന്നുള്ളൂല്ലേ ..അതാ പറഞ്ഞേ)

ittimalu said...

ഇതെങ്ങനാ “ബോറടി” ആയത്..?

ദുര്‍ബലന്‍ said...

ഇടിവാളേ... അതിനെന്തിനാ ഇങ്ങിനെ ചൂടാവുന്നേ? ഒരു ഒന്നല്ലേ കുറഞ്ഞുള്ളൂ!

പറഞ്ഞാല്‍ പോരെ? ഇങ്ങിനെ മിരട്ടണോ? :)

വെല്‍, മാറ്റി.

Peelikkutty!!!!! said...

അങ്ങിനെയിരിക്കെ ഒരു ദിവസം....
ദുര്‍‌ബുലൂ‍ൂ ഒന്നു വേഗം‌ പറ :)

kaithamullu - കൈതമുള്ള് said...

അപ്പോ ഡ്രൈവിംഗ് പഠിപ്പിക്കലാ സവിക്കുട്ടീടെ ജോലി, അല്ലേ? വെരുതേയല്ല, മീശ മുളക്കാത്ത ദുര്‍ബലന്‍ ഓണ്‍ലിച്ചേട്ടന്‍ കൈയും കാലും തലയുമടിച്ച് വീണുപോയത്!

അഗ്രജന്‍ said...

...പള്ളിയുടെ മുന്‍പിലുള്ള കലുങ്കിന്റെ താഴെയുള്ള കാനയില്‍ നിന്നും ഒരു പെലക്കാക്ക ഒരു മുട്ടത്തോടെടുത്ത് പറന്നു...

വായനക്കാരെ ഭീതിയുടെ അഗാധതലങ്ങളിലേക്ക് പിടിച്ചുവലിച്ചിടുന്ന വരികള്‍!




ദുര്‍ബലാ... :))

sandoz said...

ദുര്‍ബൂ....
ഡയറിയെഴുത്തീന്ന് തുടരനില്‍ എത്തിയോ......
എന്തേലും ആവട്ടെ..സംഗതി ക്ലീന്‍.....
അടുത്ത ഭാഗം പോരട്ടേ.....

സൂര്യോദയം said...

ദുര്‍ബല്‍... ഡയറി എഴുത്ത്‌ നിര്‍ത്തരുത്‌... പ്ലീസ്‌... ;-)
അതിന്നിടയില്‍ ഈ സൈസും പോന്നോട്ടെ.. വിരോധം ഇല്ല (അതായത്‌ ചായയ്ക്ക്‌ പാല്‍ ഇത്തിരി കൂടിയാലും പഞ്ചസാര ഒട്ടും കുറയ്ക്കണ്ട എന്ന്)

Jishad said...

“ഈ തലച്ചോറിനെക്കൊണ്ട് ഞാന്‍ തൊറ്റു. ഒരു കാര്യം മര്യാദക്ക് നേരെ ചൊവ്വേ പറയാന്‍ സമ്മതിക്കില്ല, അപ്പോഴേക്കും എടേല്‍ കയറി ഓരോ വിചാരങ്ങള്‍ വന്നോളും“
എനിക്ക് ഈ ഡയലോഗ് ആണ്‍ ഇഷ്‌ടമായത്.

പിന്നെ മൂന്ന് ദിവസം കൊണ്ട് ഒര്‍ മുട്ടന്‍ ലവ്വ് സ്റ്റാര്‍ട്ട് ചെയ്‌തത്, ചുരുക്കി പറഞ്ഞതും ഇഷ്‌ടമായി.

ഈശ്വരാ.. ഞാനൊക്കെ എന്നാണ്‍ ഇതു പോലെ ഒരു ബ്ലോഗ് എഴുതുക.

അലിഫ് /alif said...

തുടരനും കൊള്ളാം, എങ്കിലും
ഡയറി എഴുത്ത്‌ നിര്‍ത്തല്ലേ ദുര്‍ബലാ, ഇടയ്ക്കെങ്കിലും അതും വേണം. ദുര്‍ബലന്റെ ജയനി 28,1993 നുള്ള എന്റെ പ്രതികരണം ദാ,ഇവിടെ
ഇങ്ങനെ

Pramod.KM said...

സവിയല്ലെങ്കില്‍ മിനി.
രണ്ടായാലും ഒന്നും നടക്കാന്‍ പോകുന്നില്ലല്ലോ.ഹഹ.നമുക്കെന്ത് ചേതം?

tk sujith said...

ജീവിതത്തെ ഈ ദുര്‍ബലനെപ്പോലെ ഇത്ര നര്‍മ്മമധുരമായി അനുഭവിച്ചവര്‍,അനുഭവിക്കുന്നവര്‍ ആരെങ്കിലും കാണുമോ നമ്മുടെ കൂട്ടത്തില്‍?

ഒന്നു റീ വൈന്റ് ചെയ്ത് കഴിഞ്ഞകാലം തിരികെപ്പിടിച്ച് ഒന്നുകൂടി നന്നായി ജീവിക്കാന്‍ തോന്നുന്നുണ്ട് ഈ കുറിപ്പുകള്‍ വായിക്കുമ്പോള്‍.
എഴുത്തിലെ കയ്യടക്കം അതിശയിപ്പിക്കുന്നു.
ദുര്‍ബലാ...എനിക്ക് കടുത്ത അസൂയ തോന്നുന്നു!അതിനു മരുന്നില്ല എന്നറിഞ്ഞിട്ടും...........