Friday, April 13, 2007

മൈ ജാന്‍ 27,1993.

പനിയടിച്ചു. പാടത്തെ വെയില്‍ ആവശ്യത്തിനും അനാവശ്യത്തിനും കൊണ്ടില്ലേ? ഒരു നൂറുനൂറ്റമ്പത്‌ ഡിഗ്രിയെങ്കിലുമുണ്ടാവണം! ഓരോ അഞ്ചുമിനിറ്റിലും രോമാഞ്ചം അനുഭവപ്പെടുന്നു. തൊണ്ടയിലാകെ, വക്ക്‌ പൊട്ടിയ കുപ്പിയുടെ അടപ്പ്‌ തിരിക്കുമ്പോലെയൊരൂ ഒരു കിരുകിരിപ്പ്‌.

ഒന്നിനും ഒരു ഉന്മേഷവും തോന്നുന്നില്ല. മനസ്സില്‍ ബന്ദ്‌ നടക്കുന്ന പോലെ വല്ലാത്തൊരു ശാന്തത. പാരസെറ്റമോളുകളെ വയറ്റിലേക്ക്‌ ഈരെണ്ടെണ്ണം വച്ച്‌ നേരാനേരം വിട്ടിരുന്നു. അവളുമാര്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്ന ലക്ഷണം കാണാനില്ല. വെറുതെ വര്‍ത്താനം പറഞ്ഞിരിക്കുകയാവും. ജാതിയതല്ലേ?

മൂക്കിലൂടെ നീരൊഴുക്ക്‌ കലശലല്ല. അതൊരു സമാധാനം.

വയ്യെങ്കിലും ഇന്നും ഞാന്‍ പാടത്തൊന്ന് പോയി വന്നു. തലമുടി ചപ്ര ചിപ്രയാണ്‌. കുളിച്ചില്ലായിരുന്നു. പ്രിയയുടെ വീടിന്റെ മുന്‍പിലൂടെ വെറുതെ രണ്ട്‌ ചാല്‍ നടന്നിട്ടും എടുത്തുപറയത്തക്ക പ്രയോജനം കിട്ടിയില്ല. സമയ ദോഷം.

'ഈ കോഴിയവിടന്നൊന്ന് പോകുന്നുണ്ടോ? ശല്യം' എന്ന് അകത്തുനിന്ന് വിളിച്ച്‌ പറഞ്ഞത്‌ കേട്ട്‌ ഞാനവിടെ ഒരു നിമിഷം സ്തംഭ്ദനായി നിന്നു. പിന്നാലെ ഒരു ചാത്തന്‍ കോഴി പറന്നുപോയി. ഭാഗ്യം. അപ്പോ നമ്മളെയല്ല ഉദ്ദേശിച്ചത്‌!

എന്തായാലും ഒരാഴ്ച ഇങ്ങിനെ പോട്ടെ. അടുത്ത ആഴ്ചയോടെ നമുക്കൊന്ന് മുട്ടി നോക്കാം. പഠിപ്പിന്റെ പോയിന്റില്‍ തന്നെ തുടങ്ങാം. അക്കൌണ്ടന്‍സിയില്‍ നമുക്കുള്ള അതിഭയങ്കരമായ പരിജ്ഞാനം കോരിയൊഴിച്ച്‌ ഹൃദയം ഒന്നിളക്കി മറിക്കാം. എന്നിട്ട്‌ തമാശ നമ്പറുകള്‍ എറിഞ്ഞ്‌ മുണ്ടകന്‌ കണ്ടം ഞവര്‍ത്തിയിടുമ്പോലെ, ഒന്ന് നിരത്തിയതിന്‌ ശേഷം വിത്തിടാം.

ഏസ്‌ യൂഷ്വല്‍ വിത്ത്‌ മുളക്കാതിരിക്കാനാണ്‌ സാധ്യത. എന്നാലും, നിങ്ങള്‍ കീപ്പ്‌ മുട്ടിങ്ങ്‌, യോഗവും ഭാഗ്യമുണ്ടെങ്കില്‍ തുറക്കപ്പെടും എന്നല്ലേ കര്‍ത്താവ്‌ അല്‍ക്കുല്‍ത്താന്‍ മലയുടെ മോളില്‍ വച്ച്‌ അരുള്‍ ചെയ്തത്‌. ആള്‍ അങ്ങിനെ തോന്നുന്നത്‌ കണാകുണാ പറയുന്ന പുള്ളിയൊന്നുമല്ല. എന്തൊക്കെ പറഞ്ഞിട്ടിണ്ടോ അതെല്ലാം കാര്യമാണ്‌. ഇക്കാരണങ്ങളാലെല്ലാം ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നവനുമാണ്‌ ഞാന്‍. ഇഷ്ടഭാര്യായോഗത്തിനു വേണ്ടി മതം മാറാന്‍ വല്യ വിരോധമൊന്നുമില്ലെങ്കിലും!

ഞാന്‍, ചുറുചുറുക്കും കറുകറുപ്പും ഒത്തിണങ്ങിയ ഒരു റോമന്‍ കത്തോലിക്കന്‍ (രോമം കത്തിയൊലിച്ചതാണെന്ന് ചില പാപികള്‍ പറയും) മാപ്ലക്കുട്ടി, സുന്ദരിയും ശാലീനതയും തേക്കിലയില്‍ പൊതിഞ്ഞ തവളയിറച്ചി പോലെ മുറ്റി മുറ്റിനില്‍ക്കുന്ന ഒരു നായരുകുട്ടിയെ ആത്മാര്‍ത്ഥമായി ലവ്വാന്‍ മുട്ടിയിട്ട്‌ ലൈന്‍ വലിക്കാന്‍ മുട്ടിയാലും ഇല്ലെങ്കിലും ലോകം ഇങ്ങിനെയൊക്കെയങ്ങ്‌ ചലിക്കും. ഭൂമി കറങ്ങുകേം ജൂണ്‍ മാസത്തില്‍ മഴപെയ്യുകയും ആ മഴയത്ത്‌ നനഞ്ഞൊട്ടി കുഞ്ഞുങ്ങള്‍ പുത്തനുടുപ്പും പുത്തന്‍ കുടയും കൊണ്ട്‌ സ്കൂളില്‍ പോവുകയും ചെയ്യും. പിന്നെ എന്തിന്‌ എന്റെ മോഹങ്ങള്‍ ഞാന്‍ തല്ലിക്കെടുത്തി പിന്നീട് നഷ്ടസ്വര്‍ഗ്ഗങ്ങളെപ്പറ്റി വിലപിക്കണം? അതിന് ഞാന്‍ രണ്ടാമത് ജനിക്കണം. എന്നാ പറയാനാ... പ്രിയയെന്റെ അസ്ഥിക്ക്‌ പിടിച്ചിരിക്കുന്നു.

എന്റെ രാത്രികളും പകലുകളും മറ്റെല്ലാ വിനോദങ്ങളും വെടിഞ്ഞ്‌ പ്രിയയെന്ന ന്യൂക്ലിയസ്സിനെ ചുറ്റിപ്പറ്റി കറങ്ങുന്നു. കാലത്ത്‌ എണിക്കുമ്പോള്‍ കുരിശ്‌ വരക്കുന്നതുമുതല്‍, കുളിക്കുമ്പോഴും ചോറുണ്ണുമ്പോഴും കളിക്കുമ്പോളും വൈകുന്നേരം പ്രാത്ഥിക്കുമ്പോഴും ഉറങ്ങുമ്പോഴും ഞാന്‍ പ്രിയയെ ഓര്‍ക്കുന്നു.

പ്രിയ! അവളുടെ പേരൊന്നുമാറ്റിയാലൊ? ആ പേര്‍ അവളെ മറ്റുള്ളവര്‍ വിളിക്കട്ടെ. ഭൂമിയിലെ മേറ്റ്ല്ലാവരും അവള്‍ക്ക്‌ ആങ്ങളമാരും പിതൃക്കളുമാണല്ലോ. ഞാനല്ലേ അവളുടെ കാമുകന്‍. അപ്പോള്‍ ഞാനവളെ പ്രിയയെന്ന് വിളിച്ചാ പോരാ.

ഏപ്രില്‍ പതിനെട്ടില്‍ ബാലചന്ദ്രമേനോന്‍ വിളിക്കുമ്പോലെ, 'കുട്ടന്‍' എന്നു വിളിച്ചാലോ? ഏയ്‌ അത്‌ വേണ്ട. അതല്ലേ നമ്മള്‍ ജീനയെ ഇത്രയും വിളിച്ചിരുന്നത്‌! കണ്‍ഫ്‌യൂഷന്‍ ആകും.

ഏയ്‌ കണ്‍ഫൈയൂഷന്റെ പ്രസ്നമൊന്നുമില്ല. ഇനിയിപ്പോ ജീനക്ക്‌ ജീനയുടെ വഴി എനിക്കെന്റെ വഴി. ബട്ടര്‍ കേയ്ക്ക്‌ കിട്ടുകയാണെങ്കില്‍ എന്തിന്‌ കിട്ടാത്ത കൊട്ടക്കേയ്ക്ക്‌!!

'മോളൂ' എന്ന് വിളിച്ചാലോ? ഏയ്‌.

പ്രിയാന്നുള്ള പേരാവുമ്പോള്‍ എന്നാ 'പാറു' എന്നാക്കിയാലൊ?? നൈസ്. അതെ അതുമതി.

അപ്പോള്‍ ലോകത്തെ സകമാല പുരുഷകേസരികള്‍ക്കും പ്രിയ വെറും പ്രിയയായിരിക്കുമ്പോള്‍ എനിക്കവള്‍, എനിക്കുമാത്രം, അവള്‍ പ്രിയ പാറുവായിരിക്കും.

വേഗം വീട്ടിലെത്തി വീണ്ടും ചുക്കുകാപ്പീ കുടിച്ചു.

എണീറ്റത്: 8:00 ന്
ഉറങ്ങിയത്: 8:30 ന്

14 comments:

ദുര്‍ബലന്‍ said...

അപ്പോള്‍ ഞാന്‍ എണീറ്റത്: 8:00 ന്
ഉറങ്ങിയത്: 8:30 ന്

ദുര്‍ബലന്‍ said...

സമര്‍പ്പണം: അസങ്കുചിതമനസ്കന്‍ സാറിന്.

ദില്‍ബാസുരന്‍ said...

സ്നേഹിക്കുന്നവളെ പേര് മാറ്റിവിളിക്കണം എന്ന് തോന്നുന്നതിന്റെ പിന്നിലെ സൈക്കോളജി ഇതാണല്ലേ? ഇത്രയും കാലവും ഈ പേരിനൊരു കുഴപ്പവുമില്ലായിരുന്നല്ലോ ഇന്നലെ മുതല്‍ ഇതെന്താ പുതിയ പേര് എന്ന് ഇനി ചോദിച്ചാല്‍

ഭൂമിയിലെ മേറ്റ്ല്ലാവരും അവള്‍ക്ക്‌ ആങ്ങളമാരും പിതൃക്കളുമാണല്ലോ. ഞാനല്ലേ അവളുടെ കാമുകന്‍. അപ്പോള്‍ ഞാനവളെ പ്രിയയെന്ന് വിളിച്ചാ പോരാ.

എന്ന ഡയലോഗ് കാച്ചാം. ആഹഹാ‍ാ.. ദുര്‍ബലാ കൊട്കൈ... :-)

ഇടിവാള്‍ said...

ഹെന്റെ പാറൂ.. അല്ലാ പാറേമാതാവേ..പാറാമേക്കാവിലമ്മേ!

ദുര്‍ബലന്‍ ഡയറിക്കുറീപ്പു മാറ്റി, ആത്മകഥ എഴുത്തിലേക്കു തിരിഞ്ഞോ ?

വാട്ടേവര്‍ , ഈ പോസ്റ്റ് ഉഗ്രന്‍! ശരിക്കും ചിരിച്ചു ;)

ആ‍ാ രോമം കത്തിയൊലിച്ചത് . ഹോ ഹോ ഹോ, ആദ്യമായാ അതു കേക്കുന്നേ, ചിരി നിര്‍ത്താന്‍ വയ്യ !!

അസങ്കുചിത മനസ്കനോ ? അങ്ങനൊരാളുണ്ടോ ? അതോ വിശാല മനസ്കനെയാണോ ഉദ്ദേശിച്ചത് ?

ദുര്‍ബലന്‍ said...

ദില്‍ബാസുര ചക്രവര്‍ത്തിക്കും ഇടിവാള്‍ ചേട്ടനും നന്ദി. സമര്‍പ്പണം, സങ്കുചിതമനക്സനു തന്നെ.

വേണു venu said...

ദുര്‍‍ലഭം തന്നെ ഈ മാതിരി ഡയറികള്‍‍.
എല്ലാം വായിക്കുന്നുണ്ടു് കേട്ടോ.:)

RR said...

ദുര്‍ബലാ, ഇതു ശരിക്കും കലക്കി. ചിരിച്ചിട്ടു വയ്യ. ബാക്കി കൂടി പോരട്ടെ :)

അലിഫ് /alif said...

ന്റെ ദുര്‍ബൂ..
ഡയറി കുറിപ്പുകള്‍ ഒന്ന് വിടാതെ വായിക്കുന്നു. നന്നാവുന്നുണ്ട്, ഈ തുറന്ന എഴുത്ത്..
അപ്പോളിപ്പോള്‍ പ്രണയപനിയിലാണ്, ഇനി അതോണ്ടാവുമോ, സാധാരണ നേരത്തെ എണീല്‍ക്കുന്ന ദുര്‍ബു, ഇന്ന് 8 മണിവരെ കിടന്നുറങ്ങിപ്പോയത്..?
-വിഷു ആശംസകള്‍.

കുതിരവട്ടന്‍ said...

പനിയായതു കൊണ്ടായിരിക്കും നേരത്തേ തന്നെ കിടന്നത്. അല്ലെങ്കില്‍ ഒരു 12, 12.30 ആകാതെ കിടക്കാറില്ലല്ലോ.

SAJAN | സാജന്‍ said...

:)

Sul | സുല്‍ said...

ദുര്‍ബലാ
കാര്യം അസ്തിക്കു പിടിച്ചപ്പം എഴുത്തിന്റെ ശൈലി തന്നെ മാറിയല്ലോ. പ്രേമിക്കുന്നവരെപറ്റി എത്ര വേണമെങ്കിലും എഴുതാം അല്ലേ. നന്നാവുന്നുണ്ട് :)

-സുല്‍

സൂര്യോദയം said...

ആ പനിയുടെ വിവരണം ഉഗ്രന്‍....
എന്തിനാ ദുര്‍ബലാ പേരു പാറൂട്ടീന്ന് ആക്കണേ... എന്തായാലും മാറ്റുവാണേല്‍ റിസ്ക്ക്‌ കുറയ്ക്കാന്‍ വല്ല കൊച്ചുമറിയം എന്നോ മറിയക്കുഞ്ഞ്‌ എന്നോ ഉള്ള ക്രിസ്ത്യന്‍ പേരല്ലേ നല്ലത്‌?? :-))

ഇക്കാസ്ജി ആനന്ദ്ജി said...

കലക്കി ദുര്‍ബലാ കലക്കി.
നീ ബലരാമനാണെടാ.. ബലരാമന്‍..

ആഷ | Asha said...

ezhuthu oro pagilum mechapettu varunnu
nalla resam vaayikkan