Saturday, August 11, 2007

മെയ് 4, 1993

കുമാരേട്ടന്റെ മോന്‍ സദുചേട്ടന്റെ കല്യാണം ഇന്നായിരുന്നു. പെണ്ണുകൊണ്ടുവരാന്‍ ഞാനും പോയിരുന്നു.

ഭവാനിച്ചേച്ചീടെ ഭര്‍ത്താവ് ലോഹിച്ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ തന്നെ ചാണപ്പച്ച കളറുള്ള ഷര്‍ട്ടാണിട്ടത്. അതിട്ടാല്‍ ഞാന്‍ തച്ചോളി അമ്പുവിന്റെ ലുക്കാണെന്ന് ജീന പറഞ്ഞതില്‍ പിന്നെ ഇത് അഞ്ചാമത്തെ കല്യാണത്തിനാ ഈ ഇടണത്!

പെണ്ണിന്റെ വീട് പെരിഞ്ഞനം സൈഡിലായിരുന്നു.
പോകും വഴി, അടിച്ച് പൂക്കുറ്റിയായി കിടന്ന ഒരു കാര്‍ന്നോരെ വഴിയില്‍ നിന്ന് സൈഡിലേക്ക് മാറ്റിക്കിടത്തി. അന്നേരം ബസിലുള്ള എല്ലാ ചോത്തി ക്ടാങ്ങളും എന്നെ ആരാധനയോടെ നോക്കിയിരിക്കുമോ? നോക്കിയിരിക്കും. നോക്കിയിരിക്കും!

സദു ചേട്ടന്‌ മൊതല് കുറേ കിട്ടിക്കാണണം. സദുച്ചേട്ടനും മറ്റുള്ളവരും സൌദിയില്‍ ബിസിനസ്സല്ലേ. മക്കളൊക്കെ ഗള്‍ഫുകാരായപ്പോള്‍ കുമാരേട്ടന്റെയും ചേടത്തിയുടെയും സാമ്പത്തികം ശരിക്കും മാറി. ഓലവീടൊക്കെ പോയി അലക്കന്‍ ടെറസ്സ് വീട് പണിതില്ലേ.

സദുച്ചേട്ടന്‍ ലീവിന് വന്നപ്പോള്‍ വീട്ടില്‍ മാതൃഭൂമിക്ക് പുറമേ ദീപികയും ഹിന്ദുവും കണ്ട് ‘ഇദാര്‍ക്ക് വായിക്കാനാ അച്ഛാ ഇംഗ്ലീഷ് പത്രം? എന്നാ ഒരു ഹിന്ദിയും തമിഴും കൂടി വരുത്തായിരുന്നില്ലേ?’ എന്ന് ചോദിച്ചെന്നും, ഒന്നൊഴിച്ച് അന്നേ നിറുത്തിയെന്നും, മറ്റും കല്യാണം പറയാന്‍ വന്നപ്പോള്‍ പറഞ്ഞു ചിരിച്ചു.

കല്യാണം ഉഷാറായി. പാലടയും പായസവും പഴവുമായിരുന്നു. തരക്കേടില്ലാത്ത പോളിങ്ങ് നടന്നു. രണ്ടാമത് ചോറ് വാങ്ങിച്ചപ്പോള്‍ എന്റെ ഡബിള്‍ മുണ്ടില്‍ കുറച്ച് സാമ്പാറായി. മുരിങ്ങക്കായ ഉരുണ്ട് വന്ന് വീണതാ. ടേബീളിന് ഒരു സൈഡിലേക്കൊരു ചായ്‌വ് ഉണ്ടായിരുന്നു. അത് കഴുകാന്‍ പോയപ്പോള്‍ ആനന്ദപുരത്തെ രഘുച്ചേട്ടന്റെ അച്ഛന്‍ കുഞ്ഞാമന്‍ ചേട്ടനെ കണ്ടു. നല്ല ഏയ്ജുണ്ട്. പക്ഷെ, കല്യാണം ഒന്നും വിടില്ല. ആള്‍ക്ക് പെണ്‍ വീട്ടുകാരായിട്ട് എന്തോ ബന്ധമുണ്ടത്രേ.

ആള്‍ എന്നെന്നെ കണ്ടാലും അപ്പോള്‍,

‘നിന്റെ ചങ്ങാലൂരത്തെ വല്യമ്മയുടെ കൂടെ ഞാന്‍ സ്കൂളില്‍ പോയപ്പോള്‍...’

എന്ന് തുടങ്ങുന്ന എന്തെങ്കിലും ഒരു പഴയ കഥ പറയും. ഇന്നും പറഞ്ഞു. ഭയങ്കര ആത്മപ്രശംസയാ. എന്നെ വെട്ടിക്കും. പാമ്പിനെ കൊന്ന കഥയാ പറഞ്ഞത്. അണലിയെ പോലെ ഇരിക്കുന്ന പാമ്പാണെത്രേ. ഉം. ഉം. രാജവെമ്പാലയാവും!!

എന്റെ ബലമായ സംശയം ഗഡിയും എന്റെ വല്യമ്മയും തമ്മില്‍ ലൈനായിരുന്നു എന്നാണ്. അമ്മാവനെ പേടിച്ചിട്ടായിരിക്കണം ആള്‍ സംയമനം പാലിച്ചത്. അത് നന്നായി.

ഇതിന്റെ സത്യാവസ്ഥ വല്ല്യമ്മയോട് ഒന്ന് ചോദിക്കാമെന്ന് വച്ചാല്‍ സാധാരണ ശബ്ദത്തിലൊന്നും ചോദിച്ചാല്‍ ചെവിയിലെത്തുന്ന സ്‌റ്റേജിലല്ലോ വല്യമ്മ. ‘വല്യമ്മക്ക് ഇപ്പോള്‍ കുഴപ്പം ഒന്നും ഇല്ലല്ലോ?’ എന്ന് ചോദിച്ച് ആളെ ഒന്ന് മനസ്സിലാക്കിച്ച് വരുമ്പോഴേക്കും ബാക്കിയുള്ളവന്റെ കൊരവള്ളി പൊട്ടിപ്പോകും. പിന്നെയാണ് പ്രേമത്തെ പറ്റി ചോയ്ക്കാന്‍ പോണ്.

ജിനുവിനെയും ഷാജുവിനെയും കണ്ടിരുന്നു. അഞ്ചുമണിക്ക് കല്യാണ വിശേഷങ്ങള്‍ പറഞ്ഞ് റോഡിന്റെ സൈഡിലെ പുല്ലില്‍ ഇരുന്നു

എണീറ്റത്: 5 മണി
കിടന്നത്: 11 മണി

20 comments:

RR said...

വീണ്ടും കണ്ടതില്‍ സന്തോഷം :)

G.manu said...

:)

ഉറുമ്പ്‌ /ANT said...

:)

ദുര്‍ബലന്‍ said...

ആര്‍.ആര്‍.-:) ആദ്യമായി വായിച്ചത് ആര്‍.ആര്‍. തന്നെയായതില്‍ സന്തോഷം.

മനു ജി-:) താങ്ക്സ് ചുള്ളന്‍.

ഉറുമ്പ്-:) താങ്ക്സ് മാഷേ.

Manu said...

വൌ!!! ദുര്‍ബത്സ് ഇസ് ബാക്ക്...

ഭയങ്കര ആത്മപ്രശംസയാ. എന്നെ വെട്ടിക്കും... ഇതു കണ്ടിട്ട് ആരുടെയോ പ്രൊഫൈല്‍ ഓര്‍മ വരുന്നു :)
ചുമ്മാ....

ദുര്‍ബലന്‍ said...

മനു-:) നന്ദി മനു. ഇത് തുടര്‍ന്നെഴുതാന്‍ എനിക്ക് തോന്നിപ്പിക്കുന്നതില്‍ മനുവിന് വല്യ പങ്കുണ്ട്. ഏറ്റവും എളുപ്പം എഴുതാന്‍ പറ്റുന്ന ഒന്നാണെനിക്കിത്. രസവും ഇത് തന്നെ.

സൂര്യോദയം said...

ദുര്‍ബല്‍... തിരിച്ചുവന്നുവല്ലേ?? നന്നായി... ഞങ്ങള്‍ ദുര്‍ബലനെ മിസ്സ്‌ ചെയ്യുകയായിരുന്നു... എന്നാലും ആ മുരിങ്ങക്കായ ഉരുണ്ട്‌ വന്ന് കാലിലെങ്ങാന്‍ വീണ്‌ കാലൊടിയാഞ്ഞത്‌ നന്നായി :-)

കുഞ്ഞന്‍ said...

"ഭവാനിച്ചേച്ചീടെ ഭര്‍ത്താവ് ലോഹിച്ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ തന്നെ ചാണപ്പച്ച കളറുള്ള ഷര്‍ട്ടാണിട്ടത്. അതിട്ടാല്‍ ഞാന്‍ തച്ചോളി അമ്പുവിന്റെ ലുക്കാണെന്ന് ജീന പറഞ്ഞതില്‍ പിന്നെ ഇത് അഞ്ചാമത്തെ കല്യാണത്തിനാ ഈ ഇടണത്!"


ഈ ഷര്‍ട്ടിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടൊ???

കുഞ്ഞന്‍ said...

"ഭവാനിച്ചേച്ചീടെ ഭര്‍ത്താവ് ലോഹിച്ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ തന്നെ ചാണപ്പച്ച കളറുള്ള ഷര്‍ട്ടാണിട്ടത്. അതിട്ടാല്‍ ഞാന്‍ തച്ചോളി അമ്പുവിന്റെ ലുക്കാണെന്ന് ജീന പറഞ്ഞതില്‍ പിന്നെ ഇത് അഞ്ചാമത്തെ കല്യാണത്തിനാ ഈ ഇടണത്!"


ഈ ഷര്‍ട്ടിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടൊ???

Inji Pennu said...

ഉവ്വ! ചാണകപ്പച്ചക്കളര്‍ ഷര്‍ട്ടി എങ്ങിന്യാ തച്ചോളി അമ്പു ഇടണത്? അന്നൊക്കെ ഷര്‍ട്ടുണ്ടായിരുന്നൊ? ഈ ജീനക്കൊച്ച് ഇങ്ങിനെം കള്ളം പറയൊ? :) :)

Umesh::ഉമേഷ് said...

ദുര്‍ബ്ബലാ, വീണ്ടുമെത്തിയോ.

വെലക്കം റ്റൊ ബായ്ക്ക്, അല്ല വെല്‍ക്കം ബായ്ക്ക്!

ദിവ (ഇമ്മാനുവല്‍) said...

:-)


ദുര്‍ബലന്‍ ചിരിപ്പിച്ചേ അടങ്ങൂ !!

വക്കാരിമഷ്‌ടാ said...

ദുര്‍‌ബത്സ് വന്നാല്‍ ടെന്‍‌ഷനാണ്.

മറ്റുള്ളവരുടെ ഡയറി വായിക്കരുതെന്നാണ് സദാചാര്‍ ബോധംസ് പറയുന്നത്. ഒരു കാര്യം തെറ്റാണെന്നറിഞ്ഞാല്‍ പിന്നെ അതങ്ങ് ചെയ്തില്ലെങ്കില്‍ പിന്നെ എന്തോ പോലെ. അങ്ങിനെ സദാചാരും സദാ ചെയ്യുന്നതും തമ്മിലുള്ള വടംവലിയാണ് പിന്നെ.

അങ്ങിനെ ഒരു കള്ളത്തരം കാണിക്കുന്നതുപോലെ ഈ ഡയറിയും വായിച്ചു. പതിവുപോലെ ആരും കാണാതെ ഉറക്കെയുറക്കെ ചിരിച്ചു.

ദുര്‍ബ്ബലേട്ടാ, ദുര്‍ലഭമായല്ല, സുലഭമായിത്തന്നെ പോരട്ടെ :)

SHAN said...

(gulf videos)
visit my blog

http://shanalpyblogspotcom.blogspot.com

ശാലിനി said...

ദുര്‍ബലാ തിരിച്ചുവന്നത് സന്തോഷമായി. ഇനി മുടങ്ങാതെ എഴുതണം.

അഗ്രജന്‍ said...

ദുര്‍ബലാ... ഇതൊരു ഗ്യാപ്പില്ലാണ്ട് പോരട്ടെ...


ആ മുരിങ്ങക്കേടേ വരവ് ഞാന്‍ ശരിക്ക് കണ്ടു :)

ഉണ്ണിക്കുട്ടന്‍ said...

ദുര്‍ബൂ.. എവിടാരുന്നു.. ? ഇനി ഡെയിലി പോന്നോട്ടേ..

തച്ചോളി അമ്പു പണ്ടൊരു കല്യാണത്തിനു പോയപ്പോള്‍ ചാണാപ്പച്ചക്കളര്‍ ഷര്‍ട്ട് ഇട്ടതായി ചരിത്ര രേഖകള്‍ പറയുന്നുണ്ട്. ധൈര്യമായി ഇട്ടോ..അതിട്ടാ..നീ അമ്പു തന്നെ !

Rajeesh || നമ്പ്യാര്‍ said...

ഇവിടെ എടക്കെടക്ക് പോസ്റ്റ് വീഴുന്നത് കാണാന്‍ വല്ല്യ താല്‍പര്യംണ്ടേ. (അതെന്താ കാറ്റ് വീഴ്ചയാണോ എന്നൊന്നും ചോയ്ക്കരുത്!)

പെരിങ്ങോടന്‍ said...

ദുര്‍ബലന്‍ ഒരു വികാരജീവിയാണ് :)

തകര്‍പ്പന്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: എനിക്കുമുണ്ടൊരു ചാണകപ്പച്ചക്കളര്‍ ഷര്‍ട്ട് (ഗള്‍ഫ്) ഒത്തിരി പഴേതാണേലും അതിട്ടോണ്ട് പോട്ടെ തൃശൂര്‍ മീറ്റിനു?