Monday, August 27, 2007

മെയ് 8, 1993

ഇന്ന് കാലത്ത് ഒരു അമ്മി കൊത്ത് സംഘം വന്ന് മതിലിന്റെ അപ്പുറത്ത് വാകയുടെ താഴെ തമ്പടിച്ചു. ഒരു കാര്‍ന്നോരും കൂടെ മൂന്നാല് പെണ്ണുങ്ങളും രണ്ടാണുങ്ങളും പിന്നെ ചക്കചൌണി പൊലെ കുറെ കുട്ടികളും.

പല്ലുതേക്കുമ്പോള്‍, എന്തിറ്റാ ഇവര്‍ കാണിക്കണേ എന്ന് നോക്കാന്‍ മതിലിന്റെ അടുത്ത് പോയി നിന്നു. കുളിച്ചിട്ട് അവര്‍ ഒരു കൊല്ലമെങ്കിലും ആയിട്ടുണ്ടാവും. കാ‍ലത്ത് തന്നെ അടുപ്പ് കൂട്ടി, കുക്കിങ്ങ് തുടങ്ങി. ഭയങ്കര കുക്കിങ്ങാണ്. ഒരു പാത്രത്തില്‍ ചോറു വച്ച് എന്തിറ്റൊക്കെയോ ഇട്ട് തിളപ്പിക്കുവാണ്. വേറെ കറിയൊന്നുമില്ല.

അതില്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍ കൊച്ച് കൂട്ടത്തിലെ ഒരുത്തനുമായി ഭയങ്കര ചിരിയും കളിയും പിടിവലിയും വര്‍ത്താനവുമാണ്. ഞാന്‍ കുറേ നേരം എന്തിറ്റാ ഇവര്‍ പറയണേ എന്ന് കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ച് പിടിച്ച് നിന്നു.

പക്ഷെ, നമ്മള്‍ ‘എന്തെങ്കിലും നടക്കുമോ?’ എന്ന രീതിയില്‍ വല്ലതും ഒളിഞ്ഞ് കാണാന്‍ നില്‍ക്കുകയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചോ ആവോ? പെണ്ണ് എന്നെ ചൂണ്ടി എന്തോ പറയണ പോലെ തോന്നിയപ്പോള്‍ ഞാന്‍ തിരിച്ചുപോന്നു. ഓ പിന്നേയ്. ഞാന്‍ അതിനൊന്നുമല്ല അവിടെ നിന്നത്!

ഇന്ന് വപ്പി രാജന്റെ പെങ്ങളുടെ കല്യാണമായിരുന്നു. ഞാന്‍ പോയിരുന്നു. ചെറിയ വീട്ടുകാരാണ്. നിറം കുറവാണെങ്കിലും നല്ല ഐശ്വര്യമുള്ള ചേച്ചിയാണ് അവന്റെ. നല്ല സ്വഭാവവുമാണ്. എന്നെ എവിടെ വച്ച് കണ്ടാലും ചിരിക്കും. ഭര്‍ത്താവ് യമന്‍ എന്ന് പറഞ്ഞ സ്ഥലത്താണത്രേ.

വൈകുന്നേരം മാര്‍ക്കറ്റീന്ന് മീന്‍ വാങ്ങി.

ഏണീറ്റത്: 5:30
കിടന്നത്: 10:15

8 comments:

വിഷ്ണു പ്രസാദ് said...

കൊള്ളാലോ ഗഡീ ഡയറി.
ഓണാശംസകള്‍...

കലേഷ് കുമാര്‍ said...

:)

വക്കാരിമഷ്‌ടാ said...

ദുര്‍‌ബത്സ്, ഡേറ്റിനൊരു ദൌര്‍‌ബല്ല്യം :) അതോ റാന്‍ഡമാണോ?

Murali Menon (മുരളി മേനോന്‍) said...

ഡയറിക്കുറിപ്പുകള്‍ തുടരുക, വായന തുടരുന്നു..

മനു said...

തിരിഞ്ഞുപോന്നത് നന്നായി ... അല്ലേല്‍ കല്ലുകൊത്തുപുരാണം എഴുതേണ്ടിവന്നേനേ.... പരമബോറല്ലേ :)

Anonymous said...

golden barintavidathe vaka maram ipplum undo? njan avide kozhipidutham fame kutti polyude veetil kalyanangalkku vannittundu

ദുര്‍ബലന്‍ said...

എല്ലാ വാകമരങ്ങളും വെട്ടിക്കളഞ്ഞു... :((

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഭര്‍ത്താവ് യമന്‍“ ഇടയിലൊരു കോമാ ഇടാരുന്നു ആരേലും തെറ്റിദ്ധരിച്ചാലോ?