Saturday, November 17, 2007

മെയ് 13, 1993

ഇന്നലെ രാത്രി ചന്ദ്രനില്‍ ചെന്നിറങ്ങിയതായി സ്വപ്നം കണ്ടു. അതും തനിച്ച്. പാമ്പുകടിക്കാന്‍, ആകപ്പാടെ ടെന്‍ഷനായിപ്പോയി. വേറെ ഒരു സ്ഥലവും കിട്ടിയില്ല!

സ്വപ്നങ്ങള്‍ ഈയിടെയായി കുറച്ച് കൂടുതലാണ്. ഒടുക്കത്തെ ഈ സ്വപ്നങ്ങള്‍ കാരണം മനുഷ്യന് ഉറങ്ങാന്‍ പേടിയാവുകയാണ്! മൂന്ന് ദൈവങ്ങളേം പ്രാര്‍ത്ഥിക്കുന്നുണ്ട്. പോരാത്തതിന് തലോണയില്‍ ‘നാരായണ, കര്‍ത്താവേ, അല്ലാഹു’ എന്നും എഴുതി മൂന്ന് മതങ്ങളുടെ ലോഗോയും വിരല്‍ കൊണ്ട് വരക്കും. എന്നിട്ടും ഒരു രക്ഷയുമില്ല.

നമ്മള്‍ എവിടെ ഇടിച്ച് നില്‍ക്കും? എന്ന രീതിയില്‍ ഭാവിയെ കുറിച്ചാലോക്കുമ്പോള്‍ പകല്‍ യാതോരു മനസ്സമാധാനമില്ല, സ്വപ്നങ്ങള്‍ കാരണം ഇപ്പോള്‍ രാത്രിയുമില്ല. എന്തൊരു ത്വയിരക്കേടാണിത്.

സ്വപ്നം കണ്ടോട്ടേ, പക്ഷെ, ഈ ആനചവിട്ടിക്കൊല്ലാന്‍ വരണതും കൊക്കയിലേക്ക് വീഴുന്നതും കാണണ നേരം, വല്ല ശ്രീദേവിയുടെയോ പൂനം ദാസ് ഗുപ്തയുടെ കൂടെയോ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്ന് കുളിക്കണതോ... ഊട്ടിക്കോ കൊടൈക്കനാലിലെക്കോ പോണതോ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അങ്ങിനെയെങ്കില്‍ ഒരു ദിവസം ഒരു പതിനാറ് മണിക്കൂറെങ്കിലും ഞാന്‍ കിടന്നുറങ്ങിയേനെ!

റ്റെലിപ്പതിയുടെ ഉപദ്രവം ഈയിടെയായി കൂടി കൂടി വരുന്നുണ്ട്. എവിടെ ചെന്നവസാനിക്കുമോ എന്തോ?

ഹിപ്നോട്ടൈസ് കാരന്‍ ഗഡി പറഞ്ഞത് ആയിരത്തിലൊരാള്‍ക്കേ ഇതുണ്ടാവു, പ്രാക്റ്റീസ് ചെയ്താല്‍ കൂട്ടി ഒരു സംഭവം ആയി മാറും എന്നൊക്കെയുമാണ്. പിന്നെ, നമുക്ക് വേറെ പണിയില്ലല്ലോ. സന്യാസം സ്വീകരിച്ചാല്‍ തിളങ്ങാം എന്നും സൂചിപ്പിച്ചു. ബെസ്റ്റ്! ജോറ് അങ്കമാവും.

സത്യം പറഞ്ഞാല്‍, അങ്ങേര്‍ അന്നങ്ങിനെ പറഞ്ഞേന് ശേഷം, സന്യാസത്തെക്കുറിച്ച് തമാശക്കായിട്ടാണെങ്കിലും ചിന്തിച്ചിട്ടൊക്കെയുണ്ട്. ബസില്‍ യാത്രചെയ്യുമ്പോഴാണ് പൊതുവേ ഇങ്ങിനെ ഭാവി പരിപാടികളെപ്പറ്റി കൂടുതല്‍ ആലോചന. പക്ഷെ, ചില ചില തിയറ്ററുകളിലെ പോസ്റ്റര്‍ കാണുമ്പോള്‍, സന്യാസം ഒന്നും നമുക്ക് പറ്റില്ല എന്ന് തോന്നുകയും ചെയ്യും.

കാലത്ത് തൃശ്ശൂര്‍ പോയി. ഈകെയും ഞാനും. പവര്‍ ന്റെ ഷോറൂമില്‍ പോയി ഒരു ഷൂ വാങ്ങി. 450 രൂപയായി. മാന്‍ഷയറിലും പോയിരുന്നു. ഐ.ആര്‍.എസിലും കയറി.

ബസ് സ്റ്റോപ്പില്‍ വച്ച് സൂസനെ കണ്ടു.

എണീറ്റത്: 5:20
കിടന്നത്: 10:30

8 comments:

RR said...

പൂനം ദാസ് ഗുപ്ത!! ചെറിയ ഓരോരോ ആഗ്രഹങ്ങള് കണ്ടില്ലേ ;)

ദുര്‍ബലന്‍ said...

പ്രിയ ആര്‍ ആര്‍.
ഏയ് നമുക്കങ്ങിനെയൊന്നുമില്ല!!

മനു said...

ഉവ്വ... ഏത് ഐറ്റവും എടുക്കും !!

ഒത്തിരി സ്വപ്നം കാണുന്നുണ്ടെങ്കില്‍ ഓര്‍ത്തോര്‍ത്തൊന്നു സ്ക്രാപ്പരുതോ..ദുഷ്ടന്‍

RP said...

ഇത് ഒരെണ്ണ്ണം മേടിച്ച് കട്ടിലിന്റെ മോളില്‍ തൂക്കിയിട്ടാല്‍ മതി. :) ഇതീക്കൂടെ അരിച്ച് നല്ല സ്വപ്നങ്ങള്‍ മാത്രമേ താഴേക്ക് വരൂ. :)

lekhavijay said...

ചില സ്വപ്നങ്ങള്‍ ഇങ്ങനെയാണു..ഉണര്‍ന്നു കഴിയുമ്പോള്‍, ഛെ വെറും സ്വപ്നമായിരുന്നല്ലോ എന്നു നിരാശപ്പെടുത്തുന്നവ..ചിലതു,ഹൊ രക്ഷപ്പെട്ടു ,സ്വപ്നമായിരുന്നു..എന്നു ആശ്വസിപ്പിക്കുന്നവ..
എന്തു തരം സ്വപ്നമായിരുന്നാലും വായനക്കാരോട് കൂടി പറയൂ.ഇങ്ങനെ പറയാന്‍ താങ്കള്‍ക്കേ കഴിയൂ.

വിന്‍സ് said...

ഈ ബ്ലോഗ് കിട്ടിയത് വിശാല മനസ്കന്റെ ഓര്‍ക്കുട്ട് പ്രൊഫയലില്‍ നിന്നും ആണു. പുള്ളിയുടെ പ്രൊഫയലില്‍ ഇങ്ങനെ ഒരു ലിങ്ക് ഇട്ടിട്ടുണ്ടെങ്കില്‍ എന്തായാലും മോശം ആവില്ലല്ലോ. കുറച്ചു വായിച്ചപ്പോള്‍ തന്നെ ഞാന്‍ താങ്കളുടെ ഒരു ഫാന്‍ ആയി മാറിയിരിക്കുന്നു.

ആഗ്നേയ said...

ഡയറി സൂപ്പര്‍.മൊത്തം വായിച്ചു.........ആ വേക്-അപ് ടൈം ഒഴികെ എല്ലാം വിശ്വസിച്ചു...അതു വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാട്ടാ.....

തൊമ്മാച്ച്ന്‍ said...

പൂനം ദാസ് ഗുപ്ത!!! എന്റമ്മൊ!!!!