Wednesday, February 28, 2007

ജാനു 6, 1993

ഇന്ന് സപ്ലി എക്സാം തുടങ്ങി. ഇംഗ്ലീഷ്, ലോകമലയാളത്തിലെ സകലചരാചരങ്ങളെയും ഞെട്ടിച്ചുകൊണ്ട് ഞാന്‍ പാസ്സായതുകൊണ്ട്, ഇന്ന് പോയില്ല.

സ്റ്റാറ്റി 11 നാണ്. തുരുപ്പ് ചീട്ട്. ഇസ്പേഡ് ജാക്കി. അതിന് ഒരു പെരുക്ക് പെരുക്കണം.

പരീക്ഷയെക്കുറിച്ചാലോചിക്കുമ്പോള്‍ ഉള്ള ആ ഒരു ആന്തല്‍, വിശപ്പില്ലായ്മ ഇതുവരെ മാറിയിട്ടില്ല. വല്ലോണം ഈ പഠിപ്പീര് ഒന്ന് കഴിഞ്ഞ് കിട്ടിയിട്ടുവേണം, ഒന്ന് റിലാക്സായി നടക്കാന്‍.

ഫസ്റ്റ് പിഡിസിയിലെ രേഖ സമ്മാനക്കൂപ്പണ്‍ കൊണ്ടുവന്നു. എല്ലാവരും ഓരൊന്നെടുത്തു. ഞാന്‍ ഒരഞ്ചണ്ണം എടുത്തു. കാണാന്‍ എത്ര മോശമാണേലും കാശുകാരനാ‍യാല്‍ ഏത് പെണ്ണും ഐ ലവ് യു പറയും, ബഹുമാനിക്കും.
ഒന്നാം സമ്മാനം ഫാന്‍. രണ്ടാമന്‍ മിക്സി. മൂന്നാമന്‍ ക്ലോക്ക്. കിട്ടിയാല്‍, കൊണ്ടുപോയി നിന്റ അപ്പന് കൊടുത്തേര് എന്ന് പറയാം.

രേഖ, മുളകുപൊടിപ്പിക്കണ കടയിലേക്ക് പോകുന്ന വളവിലുള്ള വീട്ടിലെയാണ്. കാണാന്‍ തരക്കേടില്ല. അച്ഛന് ആധാരമെഴുത്ത്. പക്ഷെ, കണ്ടാല്‍ വിറകുവെട്ടാണെന്നേ തോന്നൂ.

‘അച്ഛന് കച്ചോടം പിടിച്ച് തന്നാല്‍ മോള് കമ്മീഷന്‍ തരുമോ?’

എന്ന് ചോദിച്ചേന് ശേഷം. രേഖക്കുട്ടി കുറച്ച് ഗര്‍വ്വിലായിരുന്നു.

‘വയറ് ചാടി വരുന്നുണ്ടല്ലോ ഡീ ...ഗ്രഹണി മാറിയില്ലയെങ്കില്‍ വല്ല ആന്റിഫോറം വാങ്ങി കഴിക്കാരുന്നില്ലേ? ’ എന്ന് ചോദിച്ചതിന് ശേഷം മിണ്ടാട്ടം കമ്പ്ലീറ്റ് നിര്‍ത്തി. കൂപ്പണ്‍ വാങ്ങല്‍ വഴി ഉടക്ക് എന്തായാലും സോള്‍വായി.

കരണ്ടില്ലാത്തതുകൊണ്ട്, ഇന്ന് ട്യൂഷന് പോയില്ല. നല്ല ദിവസം.

5:05 -11:00

Tuesday, February 27, 2007

ജാനു 5, 1993

ഇന്ന് ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പോയി.

പ്രതീക്ഷിച്ചത്ര തിരക്ക് കണ്ടില്ല. വേഗം കിട്ടി. വേഗം പോന്നു.

പെമ്പിള്ളാര്‍ നേരത്തേ വന്ന് വാങ്ങിക്കൊണ്ട് പോയി. കഷ്ടായിപ്പോയി.

ആ ചുരുണ്ട മുടിയുള്ള വെളുവെളുത്ത കൊച്ചിനെയെങ്കിലും ഒന്നു കണ്ടാല്‍ മതിയായിരുന്നു.

അവള്‍ പെന്തക്കോസ്ത ആണെന്നാ തോന്നണത്. മാലയും കമ്മലും ഒന്നും ഇല്ല. അവള്‍ക്ക് എന്തിനാ മാലയും വളയും? പൊന്നും കുടത്തിന് എന്തിനാ ബ്യൂട്ടീ സ്പോട്ട്. സിനിമാനടി ഗൌതമിയുടെ അനിയത്തിയെപ്പോലെയാ ഇരിക്കുന്നെ.

അവളെക്കെട്ടാന്‍ പെന്തക്കോസ്തയാവാനും ഞാന്‍ റെഡി. കെട്ടും പ്രസവവും എല്ലാം കഴിയുമ്പോള്‍ സാവധാനം മിരട്ടല്‍ എടുത്ത് കാര്യം പറഞ്ഞ് മനസ്സിലാക്കി നമുക്ക് നമ്മുടെ ടീം തന്നെ ആക്കാമല്ലോ!

‘ഞാന്‍ പറയണത് കേട്ടില്ലെങ്കില്‍ നിന്റോടെ കൊണ്ടാക്കും‘ എന്ന് പറഞ്ഞാല്‍ ഒന്നു കിടുങ്ങി, ഡീസന്റാകാത്ത ഭാര്യമാരുണ്ടോ?

പോരും വഴി, മാവിന്റ്റെ കൂട്ടമുള്ള കനാല്‍ ഭാഗത്തെത്തിയപ്പോള്‍ ഒരു വട്ടമാവില്‍ കട്ടകുത്തി മാങ്ങ കണ്ടു. ഒന്നര ഇഞ്ച് മെറ്റല്‍ പെരുക്കി എറിഞ്ഞ് മാങ്ങ 7 എണ്ണം വീണു. ചെനച്ചതായിരുന്നു, റോഡില്‍ കുത്തി പൊളിച്ചു തിന്നു. നേരിയ മധുരം ഉള്ള മാങ്ങകള്‍.

അതും കടിച്ചു തിന്നേച്ച്, റോജയിലെ ‘രുക്കുമണീ’ എന്ന പാട്ട്

‘രുക്കുമണീ‍.. രുക്കുമണീ...
എന്തിറ്റണ്ടീ അവടെ ശബ്ദം..
ഓഹോ..ഹോ..ഹോ’

ന്ന് ഉറക്കെ പാടിയാണ് ബസ് സ്റ്റോപ്പിലേക്ക് തിരിച്ച് നടന്നത്.

മാമുവും പള്ളനും ഷാജിയും ലാലുവും കൂടി, മൊത്തം അഞ്ചുപേര്‍ കൂടി ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ഒരു സീറ്റില്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു.

വീട്ടില്‍ ഇന്ന് ഉച്ചക്ക് മുയലിറച്ചി ആയിരുന്നു കറി വച്ചത്. പോള്‍സേട്ടന്‍ ആളുടെ വണ്ടിയുടെ കുറുകെ ചാടിയപ്പോള്‍ കിട്ടി കൊണ്ടു തന്നതാ.

മാങ്ങ എറിഞ്ഞതുകൊണ്ട് ചുമല്‍ വല്ലാത്ത വേദന.

5:45 ഏ.എം.
11:10 പി.എം.
വരവ്: 10 രൂപ
ചിലവ്: 4 രൂപ

ജാനു 4, 1993

പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ബാങ്കിങ്ങില്‍ തുടങ്ങി. വസന്ത ടീച്ചറെ ഓര്‍ത്ത് വായന തുടങ്ങി.

വസന്ത ടീച്ചര്‍ നല്ല അടക്കവും ഒതുക്കവുമുള്ള ടീച്ചറാണ്. എപ്പോ കണ്ടാലും ചിരിക്കും. നന്നായി ക്ലാസെടുക്കയും ചെയ്യും. പക്ഷെ, അധികം നാള്‍ ടീച്ചറുടെ ക്ലാസിലിരിക്കാന്‍ വിധി അനുഭവിച്ചില്ല. രാജ് ദൂത് ബൈക്കുള്ള ഒരു എല്‍.ഐ.സി. എജന്റ് കെട്ടിക്കൊണ്ടുപോയി. ക്രൂരന്‍. ഭിലായിലാണ് ന്നാ കേട്ടത്. പ്രെഗനന്റായോ എന്തോ. എന്തായാലും പെറ്റിട്ടുണ്ടാവില്ല. ഇനി 7 മാസത്തില്‍ മാസം തികയാതെ പ്രസവിച്ചൂടാന്നും ഇല്ല. സന്തോഷ് അങ്ങിനെ ഉണ്ടായതല്ലേ?

ഇപ്പോള്‍ ദക്ഷിണാഫ്രക്കന്‍ പര്യടനം നടക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ്. ഇന്ന് ഇന്ത്യ 60-1 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. അലന്‍ ഡൊണാള്‍ഡ്, പിശാശുമോറന്‍ ഒറ്റക്ക് നമ്മുടെ പിള്ളാരെ ഔട്ടാക്കും. ജഡേജ വെറുതെ സ്ഥലം കാണാന്‍ പോയതാ. മാങ്ങണ്ടി തലയന്‍. ഒരുക്കം കണ്ടാല്‍ ഇന്ന് ത്രിബിള്‍ സെഞ്ച്വറി അടിക്കുമെന്ന് തോന്നും. എരപ്പ.

ജീന ഇപ്പോള്‍ എന്തെടുക്കുകയായിരിക്കും? ഉറങ്ങിയിരിക്കും. ഉറങ്ങുമ്പോള്‍ അവള്‍ കൂര്‍ക്കം വലിക്കുമായിരിക്കുമോ? അങ്ങിനെയാണെങ്കില്‍...ഫ്രീക്വന്‍സി എന്തായിരിക്കും? ആ!

ഇന്നലെ ടി.വി.യില്‍ രണ്ട് സിനിമ കണ്ടു. സര്‍വ്വകലാശാല, കടിഞ്ഞൂല്‍ കല്യാണം. എഴുതാന്‍ വിട്ടു.

5:10 - 23:00
ഒറ്റ പൈസ ഒരു നിലക്കും കിട്ടിയില്ല.
50 പൈസ പോക്കറ്റിന്റെ ഗ്യാപ്പിലൂടെ എവിടെയോ വീണു പോയി. വേറെ ചിലവില്ല.

ജാനു 3, 1993

ഇന്നും നേരത്തെ എണീറ്റു. 5 മണിക്ക്. ചായക്ക് കടി ഉണ്ടായിരുന്നില്ല. അമ്മക്ക് തണ്ടല്‍ വേദനയാണ്. പാവം.

കാലത്ത് ചേച്ചിയുടെ വീട്ടില്‍ പോയി. അവിടെ കയ്യാല പണി നടക്കുന്നു. നാല് ചാക്ക് സിമന്റ് എത്തിച്ചുകൊടുക്കാന്‍ പറഞ്ഞു. അവിടന്ന് കൂര്‍ക്ക ഉപ്പേരി കൂട്ടി കഞ്ഞി കുടിച്ചു. തലേന്നത്തെ ചിക്കന്‍ കറി എടുത്തപ്പോള്‍ തന്നെ വളിച്ച മണമടിച്ചു. അതുകൊണ്ട്, കടുത്ത ദുഖത്തോടെ വേണ്ട എന്ന് വച്ചു.

രാത്രി സുനില്‍ മാഷുടെ വീട്ടില്‍ ട്യൂഷനുണ്ടായിരുന്നു. കോസ്റ്റിങ്ങ് ലേബര്‍ എടുത്തു. സുനില്‍ മാഷ് നല്ലവനാണ്. കട്ടന്‍ ചായ വച്ച് തരും.

ഇന്ന് ജീനയുടെ കത്ത് വന്നു.

‘വെരി സോറി!‘ എന്ന് മാത്രമേ എഴുതിയിരുന്നുള്ളൂ. അതും അയച്ചിട്ട് ഒരു മാസമായ കത്ത്. അവള്‍ എന്തിനെന്നോട് സോറി പറഞ്ഞുവെന്നാലോചിച്ചിട്ട് എനിക്ക് യാതൊരു ക്ലൂവും കിട്ടിയില്ല. നേരിട്ട് ചോദിക്കാം.

ജീനയെ പറ്റിയാല്‍ കെട്ടണം. നല്ല മാച്ചാവുകയും ചെയ്യും.

‘ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്‘ എന്ന് നാട്ടുകാര് കമന്റ് പറയുമെന്നോര്‍ത്ത് എനിക്ക് ടെന്‍ഷനൊന്നുമില്ല. പക്ഷെ, ഉണ്ടാകാന്‍ പൊകുന്ന കുട്ടികളെപ്പറ്റീ ആലോചിക്കുമ്പോള്‍..... ഒരു പരവശം.

നോക്കട്ടേ. അവളുടെ അപ്പന് വല്ലാണ്ട് എയര്‍ പിടിച്ചാല്‍ മത്തായിക്ക് എന്തോ ആണ്.

ഉത്സാഹിച്ചാല്‍ ഈ കോലവും ബാക്ക് ഗ്രൌണ്ടും വച്ച് എനിക്കും കിട്ടും. ഒരു ഡോക്ടറെ. കെട്ടുപ്രായം തെറ്റി നില്‍ക്കണ വല്ല ദന്ത ഡോക്ടറേയോ മറ്റോ.. പിന്നെ, കാലിനോ കയ്യിനോ ചില്ലറ കുഴപ്പം ഉണ്ടായാല്‍ കണ്ടില്ലാന്ന് വക്കേണ്ടി വരും. നോക്കട്ടേ.

എണിറ്റത്: 5. എ.എം.
കിടന്നത്: 10:10 പി.എം.
വരവ്: 12 രൂപ (സിമന്റ് വകയില്‍ ചേച്ചിയെ പറ്റിച്ചത്)
ചിലവ്: 2:50 പൈസ (സാദാ മുറുക്കാന്‍, വിത്സ്, ധര്‍മക്കാരന് കൊടുത്തത്)

Monday, February 26, 2007

ജാനു 2, 1993

ഇന്ന് നല്ല ദിവസമായിരുന്നു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ലാസ്റ്റ് രണ്ടക്കം കറക്റ്റായി വന്നതിനാല്‍ അഞ്ചുരൂപ സമ്മാനം, ഇത്തവണ എനിക്ക്. ഹോ! എന്തൊരു സന്തോഷം.

ചിലപ്ലങ്ങെ ഇതൊരു തുടക്കമാവാം. 50 ലക്ഷവും എനിക്കിഷ്ടപ്പെട്ട നിറത്തില്‍ പുതിയ മോഡല്‍ അമ്പാസഡര്‍ മാര്‍ക്ക് ഫോര്‍ ഡീലക്സ് കാറും എന്നെങ്കിലും അടിക്ക്യാതിരിക്കില്ല.

അങ്ങിനെയെങ്ങാനും അടിച്ചാല്‍ ആദ്യം വണ്ടി കൊരട്ടി പള്ളിയില്‍ കൊണ്ടുപോയി ഒന്ന് വെഞ്ചരിക്കണം. എന്നിട്ട് ജീന പഠിക്കണ മഠത്തിലേക്ക് ഒരു പോക്കുണ്ട്. മുന്നുനാല് സൌണ്ടുള്ള ഹോണ് വക്കണം. പെപ്പരപേ എന്ന് അടിക്കണത്.

കാശുകൊണ്ട് എന്ത് ചെയ്യണം? നോക്കിക്കോ പത്തിന്റെ പൈസ ഒരുത്തനും കൊടുക്കില്ല ഞാന്‍. ബാങ്കിലിടും. പത്തേക്കറ റബറും വാങ്ങും. എറണാകുളം സെന്ററില്‍ ഒരു വീടും വക്കും.

ജീനയെക്കെട്ടും. അവള്‍ടെ വീട്ടുകാര്‍ അടുക്കുന്നില്ലെങ്കില്‍, വല്ല നഴ്സുമാരെയും കെട്ടി, ജര്‍മ്മനിയിലേക്കോ അമേരിക്കയിലേക്കോ പോയി സുഖസുന്ദരമായി ജീവിക്കും.

ഇന്ന് നിതയുടെ വീടിന്റെ അടുത്തുള്ള വീട്ടില്‍ നിന്ന് ചാരം വാങ്ങി. പെട്ടി ഓട്ടോയില്‍ ഒറ്റക്ക് ലോഡ് ചെയ്തു കൊണ്ടു പോന്നു.

എണീറ്റത്: 6 ഏ.എം.
കിടന്നത്: 9:30 പി.എം.

Sunday, February 25, 2007

ജാനു 1, 1993

ഇന്ന് ന്യൂയര്‍.

നേരത്തെ എണീറ്റു കുളിച്ചു. അഞ്ചുമണിക്ക്. പതിവില്ലാത്തതാണ്. പിന്നെ, ന്യൂയറൊക്കെയല്ലേ? ഇഢലിയായിരുന്നു കടി. 7 ഇഢലിയും ചട്ട്ണിയും ഒരു കപ്പ് ചായയും കുടിച്ചു. എന്തൊരു സാറ്റിസ്‌ഫാക്ഷന്‍.

ആകാശം പൊതുവേ നേവി ബ്ലൂ നിറത്തില്‍ കാണപ്പെട്ടു. ന്യൂയറായോണ്ടാണോ എന്തോ ഇന്ന് അമ്മേടെ കയ്യീന്ന് ചീത്തയൊന്നും കേട്ടില്ല.

ആദ്യത്തെ ഹാപ്പി ന്യൂയര്‍ ജോണ്സേട്ടനില്‍ നിന്നായിരുന്നു. വാരഫലം പ്രകാരം, ഈ വര്‍ഷത്തില്‍ ജീവിതത്തില്‍ വഴിത്തിരുവുകള്‍ ഉണ്ടായേക്കാം എന്ന് ദീപികയില്‍ കണ്ടു. ഇറക്കമാണോ കയറ്റമാണൊ എന്ന് കാത്തിരുന്ന് കാണാം. കര്‍ത്താവേ... കൊള്ളാവുന്ന വഴിത്തിരുവുകളാകണമേ...

ഈക്കെയുടെയുടെയും ടിജിയുടെയും കൂടെ ഈക്കെയുടെ പാടത്തെ പറമ്പില്‍ പോയി. എന്റെ വരയന്‍ ഷര്‍ട്ടുകൊണ്ട് തളപ്പുണ്ടാക്കി ചെന്തെങ്ങില്‍ കയറി, മൂന്ന് കരിക്കിട്ടു. നല്ല മധുരമുള്ള വെള്ളം. നല്ല രുചി.

വൈകിട്ട് ക്രിക്കറ്റ് കളിച്ചു. വഴിയിലൂടെ ലാസ്യവതി ശ്രീജ പോകുന്നത് കണ്ടപ്പോള്‍... ‘ദേ ബോള്‍ വരുന്നു...തല മാറ്റ്..തല മാറ്റ്..’ എന്ന് പറഞ്ഞ് അവളെ പേടിപ്പിച്ചു.

ശ്രീജ നമ്മളെ, വല്ല വെട്ടുപോത്ത് നോക്കുമ്പോലെയാണ്‍ നോക്കുകയെങ്കിലും ആളൊരു സുന്ദരിപാറു തന്നെ ആണ്. അവള്‍ടെ അത്ര ഗ്ലാമറുള്ള ഒരു പെണ്ണൊന്നും എനിക്ക് ചേരില്ല. നമ്മള്‍ക്ക് കോട്ലി അംബ്രോസിന്റെ നിറവും മുഖവുമല്ലേ. അവളെയൊക്കെ മാച്ചിങ്ങുള്ള നല്ല ആമ്പിള്ളാര്‍ ഉദ്ദ്യോഗസ്ഥന്മാര്‍ കെട്ടി സൂ‍പ്പറായി ജീവിക്കും.

പക്ഷെ, ഞാനൊരു നായരായിരുന്നെങ്കില്‍... ഒന്നാലോചിക്കായിരുന്നു. ചുമ്മാ... എന്താ അവര്‍ പറയുകാന്നറിയാലോ.

ശ്രീജ നമ്മളെ പ്രേമിക്കുന്നുവെന്ന് വക്ക. എനിക്കീ ചേട്ടനെ തന്നെ കെട്ടിയാ മതിയെന്ന് അവള്‍ പറഞ്ഞൂന്ന് വക്ക. അപ്ലോ? അപ്പോ അവള്‍ടെ അച്ഛന്‍ നാരായണന്‍ നായര്‍ എന്ത് ചെയ്യും?

അയ്യോ ആലോചിക്കുമ്പോള്‍ ഉള്ള് കത്തണൂ. ആ ഭാഗത്തേക്ക് ചിന്തിക്കുമ്പോള്‍ പ്രശ്നമാ‍ണ്.

വെറുതെ പ്രേമിച്ച് നടക്കുവാണേല്‍ ഓക്കെ. ആരും അറിയാതെ.

ചുമ്മാ ബസില്‍ ഇങ്ങിനെ മുട്ടി മുട്ടി ഇരുന്ന് വര്‍ത്താനൊക്കെ പറഞ്ഞ്. നമുക്ക് കല്യാണമൊക്കെ കഴിച്ച്, വെസ്പ സ്കൂട്ടറില്‍ ഇരുന്ന് പോകണ്ടേ ന്നൊക്കെ പറഞ്ഞ്, നല്ല രസായിരിക്കും ല്ലേ?

എന്തായാലും ഇന്നൊരു നല്ല ദിവസമായിരുന്നു.

എണീറ്റത് : 5 ഏ.എം
കിടന്നത് : 11 പി.എം.

എന്റെ ഡയറിക്കുറിപ്പുകള്‍..

ഏപ്രില്‍ 9, 1991

കാലത്ത് 8 മണിക്ക് എണീറ്റു. 4 നൂല്‍ പൂട്ട് നാളികേരം പാലും പഞ്ചസാരയും കൂട്ടി കഴിച്ചു. ബാജിയുടെ കൂടെ പുഴയില്‍ കുളിക്കാന്‍ പോയി. ബൈനാക്കുലറിലൂടെ കുളി സീന്‍ കാണാന്‍ ശ്രമിച്ചു. ആ സൈഡില്‍ നിന്ന് ഉച്ചത്തില്‍ ഒരു അമ്മായി വിളിച്ച തെറി എക്കോ വഴി കേട്ടപ്പോള്‍ ‘വേണ്ടായിരുന്നു’ എന്ന് തോന്നി.

ബാജിയുടെ ടീ ഷര്‍ട്ട് ഇട്ടിട്ടാണ് തിരിച്ച് പോന്നത്. പോരും വഴി ഒരു ഐസ് ക്രീം വാങ്ങി, 5 രൂപ.

തിരിച്ചു പോരുമ്പോള്‍ കൊടുങ്ങല്ലൂരമ്മ‍ വണ്ടിയില്‍ കണ്ടക്ടര്‍ വിനയന്‍ ചേട്ടനായിരുന്നു. നിര്‍ബന്ധിച്ചിട്ടും കാശ് വാങ്ങിയില്ല. ആളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി കൈ വിട്ട് അഭ്യാസം കാട്ടിയപ്പോള്‍, പിറകില്‍ നിന്നിരുന്ന ഞാന്‍ ഒരു സെക്കന്റുകൊണ്ട് മുന്‍പിലെത്തി. ഭാഗ്യം, നടുക്കമ്പിയില്‍ ഇടിച്ചില്ല.

സ്ഥലത്തെ പ്രധാന പയ്യന്‍സ് സിനിമ കണ്ടു.