Thursday, March 29, 2007

ജനുവരി 11, 1993

അങ്ങിനെ തൃക്കണിക്ക് വച്ചത് കാക്ക കൊണ്ടുപോയി. സ്റ്റാറ്റി ചൂറ്റി. ഏതൊക്കെ വരില്ലാന്ന് വിചാരിച്ചോ അതൊക്കെ വന്നു.

ദൈവമേ എന്താ ഞാനിങ്ങനെ? എന്തുമാത്രം പഠിച്ചതായിരുന്നു? ഒരു ദിവസം പോലും കുരിശുവരക്കാതെ എണീറ്റിട്ടുണ്ടോ? കിടന്നിട്ടുണ്ടോ?

എന്നിട്ടും എനിക്ക് ദൈവം എപ്പോഴും ദുഖം മാത്രം തരും. ഞാനൊന്നും രക്ഷപ്പെടാന്‍ ദൈവത്തിന് വല്യ താത്പര്യമൊന്നുമില്ല.

മനസ്സില്‍ നിറച്ചും ദുഖമാണിന്ന്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ജോണിച്ചേട്ടന്റെ വര്‍ക്ക് ഷോപ്പില്‍ പോകാന്‍ പറഞ്ഞത് കേള്‍ക്കാതെ, ഇനിയും പഠിക്കണമെന്ന് മോഹിച്ചതൊക്കെ തെറ്റായിരുന്നു. നമുക്കൊന്നും ഒന്നും പറഞ്ഞിട്ടില്ല. അതൊക്കെ ചിലര്‍ക്ക് വേണ്ടി ദൈവം റിസര്‍വ് ചെയ്ത് വച്ചിരിക്കും. യോഗമുള്ളവര്‍.

ഒരു 50 മാര്‍ക്ക് കിട്ടുമായിരിക്കും. പക്ഷെ, അതുപോരല്ലോ നമുക്ക്. ജെയിംസിനും പോളിക്കും വേണുവിനും അത്ര കിട്ടിയില്ലെങ്കിലും സാരമില്ല. അവര്‍ ഒക്കെ ഒള്ളോടത്തെ അല്ലേ? ജോലിക്കാരും പണക്കാരുമായ മാതാപിതാക്കള്‍ക്ക് പിറന്ന ഭാഗ്യം ചെയ്തവര്‍. നമ്മളോ?

പരീക്ഷ എങ്ങിനെയുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അമ്മയോട് മറുപടി ഒന്നും പറഞ്ഞില്ല. മുറിയില്‍ കയറി വാതിലടച്ചിരുന്നു. കുറെ നേരം കരഞ്ഞു.

ഭയങ്കരമായ അപകര്‍ഷതാബോധം തോന്നുന്നു.

മര്യാദക്കുള്ള ഒരു മനുഷ്യക്കോലം കിട്ടിയില്ല. ഒരുമനുഷ്യനും നമ്മളോട് സ്‌നേഹവുമില്ല. നിലയുമില്ല, വിലയുമില്ല. സ്വന്തമെന്ന് പറയാന്‍ എന്താ ഉള്ളത്? ഒന്നുമില്ല. വെറും പാഴ് ജന്മം.

നന്നാവില്ല. വിചാരിച്ചാലും. ഇങ്ങിനെയൊക്കെ വെറുതെ ജീവിച്ച് മരിച്ച് പോകും. ഓരോരോ ജന്മങ്ങള്‍! മനസ്സ് ശൂന്യമാണ്. ഒന്നും ആഗ്രഹിക്കണ്ട.

നാളെ ബാങ്കിങ്ങാണ്. പഠിക്കാന്‍ തോന്നുന്നില്ല.

എണീറ്റത്: 5 മണിക്ക്
കിടന്നത്: 9 മണിക്ക്

Wednesday, March 28, 2007

ജാനൂട്ടി 10, 1993

ഇന്ന് ജോളിച്ചേച്ചിയുടെ ഭര്‍ത്താവ് വര്‍ഗ്ഗീസ് ചേട്ടന്‍ ഗള്‍ഫീന്ന് വന്നു.

കണ്ടാ ലോറി ഓടിക്കണ തമിഴന്മാരുടെ മട്ടും മാതിരിയുമെല്ലാമാണെങ്കിലും പാന്റ് ‍സിനെ ‘ഫാന്റ്’ എന്നാ പറയുകയെങ്കിലും നല്ല സ്‌നേഹമുള്ളവനാ. എനിക്ക് ഒരു ടീഷര്‍ട്ടും ഒരു പുള്ളിമുണ്ടും മുല്ലപ്പൂവിന്റെ മണമുള്ള സ്പ്രേയും തന്നു. അപ്പനും അപ്പാപ്പനും ഒരു കുപ്പിയും. അപ്പനത് വിറ്റ് ആ കാശുകൊണ്ട് നാടന്‍ വാങ്ങണമെന്ന് പറയുന്നു.

വര്‍ഗ്ഗീസേട്ടന് സൌദി അറേബിയയിലാണ് ജോലി. ഇരുപതിനായിരം രൂപ എല്ലാ ചിലവും കഴിച്ച് ബാക്കിയുണ്ടാകുമത്രേ! കാണാന്‍ ലുക്കിത്തിരി കുറഞ്ഞാലും എന്താ, ജോളിച്ചേച്ചിനെയും പിള്ളാരെയും പൊന്ന്‍ പോലെയല്ലേ നോക്കുന്നത്.

ഇന്ന് അവരുടെ വീട്ടിലേക്ക് വൈകീട്ട് ഭക്ഷണം കഴിക്കാന്‍ എല്ലാരെയും വിളിച്ചിരുന്നു. ഞാന്‍ പോയില്ല. എനിക്കീ ഗള്‍ഫുകാരുടെയും രോമങ്ങളുടെയും കൂടെ ഡൈനിങ്ങ് ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ ആ ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല. തന്നെയുമല്ല, അപ്പനും അപ്പാപ്പനും പോയിരുന്നു. അപ്പന്‍ രണ്ടെണ്ണം അടിച്ചാല്‍ പിന്നെ ചവു ചവുന്നൊള്ള ഡയലോഗുണ്ട്. അത് കണ്ടാ എന്റെ ഉള്ള മൂഡ് പോകും.

നമുക്ക് നമ്മുടെ അടുക്കളേല് ചമ്രം പണിഞ്ഞിരുന്ന്, പയര്‍ കുത്തിക്കാച്ചിയതാണെങ്കില്‍ അത്, അതും ഇല്ലെങ്കില്‍ വെറും തൈരും കൊണ്ടാട്ടവും ഒരു പച്ചമുളകും കൂട്ടിക്കൊഴച്ച് ഒരു കപ്പ് കൂജേലെ പച്ചവെള്ളവും കുടിച്ചാല്‍ കിട്ടണ രസമൊന്നും ആരോടെ പോയി ചില്ലിച്ചിക്കന്‍ കഴിച്ചാലും കിട്ടില്ല.

അപ്പോ ഇനി ജോളിച്ചേച്ചി ഫുള്‍ ബിസിയാവും!

നാളെ എക്സാം തുടങ്ങുന്നു. കുറെ പഠിച്ചു. എന്താവുമോ എന്തോ?

എണീറ്റത്: 5 മണിക്ക്
കിടന്നത്: 11:20 പി.എം. ന്

Tuesday, March 6, 2007

ജാന്‍സി 9, 1993

രാംദാസ് മാഷിന്റെ അടുത്ത് ഇന്ന് ഞങ്ങള്‍ ട്യൂഷന് പോയിരുന്നു. ഭയങ്കരമായി ഉറക്കം വന്നതോണ്ട് ആള്‍ പറഞ്ഞത് കാര്യമായൊന്നും മനസ്സിലായില്ല. അതിനിടക്ക് എല്‍.സി. എന്ന് ആള്‍ പറഞ്ഞപ്പോള്‍ ഉറക്കം കുറച്ച് വിട്ടതായിരുന്നു.

രാത്രി അപ്പാപ്പന്‍ ചീത്തപറഞ്ഞു. റ്റ്യൂഷന്‍ കഴിഞ്ഞ്, പിള്ളാരോട് വര്‍ത്താനം പറഞ്ഞിരുന്നതുകൊണ്ട് മുളഞ്ഞപ്പോള്‍ പത്തുമണിയായി.

എവിടെയായിരുന്നു ഇത്രേം നേരം ? എന്ന് ചോദിച്ചപ്പോള്‍

‘റ്റ്യൂഷന്‍ കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ മഴ വരണ പോലെ തോന്നി. അപ്പോള്‍ കുറച്ച് നേരം ആ തട്ടുകടയില്‍ കയറി നിന്നു അപ്പാപ്പാ‘ എന്ന് നമ്പറിട്ടു.

‘അതെന്താ? തട്ടു കടയില്‍ നിന്റെ അപ്പന്‍ വണ്ടിയിടിച്ച് ചത്ത് കിടക്കുന്നുണ്ടോ?‘ എന്ന് അപ്പാപ്പന്‍ ചോദിച്ചത് കേള്‍ക്കാത്ത പോലെ പോയി.

എന്നാലും അപ്പാപ്പന്റെ സ്വന്തം മോനായ എന്റെ അപ്പനെപ്പറ്റി ആളുടെ സ്വന്തം മോനായ എന്നോട് അങ്ങിനെ പറയരുതായിരുന്നു.

നാളെ സ്റ്റാറ്റി എക്സാമാണ്. ഫുള്‍ കോണ്‍ഫിഡന്‍സൊന്നുമില്ല. എങ്കിലും, നല്ല പേപ്പറായിരുന്നാല്‍ ഞാന്‍ പെരുക്ക് പെരുക്കും. ഒക്കെത്തിനെയും വീണ്ടും ഞെട്ടിക്കും.

അപ്പാപ്പന്‍ ചീത്തപറഞ്ഞതൊഴിച്ചാല്‍, നല്ല ദിവസം.

എണീറ്റത്: 5:00
കിടന്നത്: 11:20

ജാ‍നമ്മ 8, 1993

വീട്ടില്‍ നാളികേരം ഇട്ടു. 620 എണ്ണം ഉണ്ടായി. കുഞ്ഞി തോട്ടില്‍ വീണുകിടക്കുന്ന 7 എണ്ണം അവിടെ കിടക്കുന്നത് ആരും കണ്ടിട്ടില്ല. അവിടെ കിടക്കട്ടെ. ആവശ്യം വരും.

ഇന്ന് ഫൈനല്‍ ഇയറിന്റെ അപ്ലിക്കേഷന്‍ ഫില്ല് ചെയ്തുകൊടുത്തു. ഫീസ് 55+10=65. വൈകീട്ട് ട്യൂഷന് പോയി. പോരും വഴി സ്കൂളില്‍ ആനിവേഴസറി കണ്ടു. പാട്ടും മിമിക്രിയും കണ്ടിട്ട്, അവറ്റങ്ങള്‍ടെ കാല് പിടിച്ച് തല തറയിലടിക്കാന്‍ തോന്നി.

ഇന്ന് ആറര മണിക്ക് വീടിനടുത്ത് ആകാശത്ത് ഒരു ചെറിയ ഭാഗത്ത് മാത്രം ചുവപ്പ് നിറം കണ്ടു. അത് എന്താണെന്ന് യാതൊരു പിടിയും കിട്ടിയില്ല. കുറെ നേരം മുകളിലേക്ക് നോക്കി ‘എന്തായിരിക്കും?’ എന്നാലോചിച്ച് നിന്നു.

സോമാലിയയില്‍ ഇതേ പോലൊരു സംഭവം പണ്ടുണ്ടായിട്ടുണ്ടെന്നും അന്ന് അത് നോക്കി നിന്ന ആയിരത്തോളം പേരുടെ കാഴ്ച പോയെന്നും ദാമോദരേട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ ‘നോക്കി നൊക്കി കഴുത്തു കഴച്ചു’ എന്ന് പറഞ്ഞ് വേഗം ഞാനവിടെ നിന്ന് പോന്നു. ഇനി അന്ധനും കൂടി ആകാത്തേന്റെ ഒരു കുറവേ ഉള്ളൂ!!

ഇന്ന് ജീനയുടെ കത്ത് വന്നിരുന്നു. കത്തില്‍ അവള്‍ അവളുടെ കൂട്ടൂകാരിക്ക് ഞാന്‍ കത്തയച്ചത് മഹാ ചെറ്റത്തരമായിപ്പോയി എന്ന് സൂചിപ്പിച്ചിരുന്നു.

‘ഏത് ക്ലബിലാ ജിമ്മിന് പോണേ?‘ എന്ന്‍ ഞാന്‍ ചോദിച്ചെന്നും മറ്റും എഴുതിയിരിക്കുന്നു. കത്തയച്ചത് നേര്. പക്ഷെ... അങ്ങിനെ എഴുതിയതായി എനിക്കോര്‍മ്മയില്ല. ആ.. ചോദിച്ചെങ്കില്‍, കണക്കായിപ്പോയി.

എണീറ്റത് : 5:05
കിടന്നത്: 12:10
ചിലവ്: 75 രൂ.

Monday, March 5, 2007

ജാനി 7, 1993

ഇന്ന് രാവിലെ ഒരു കോഴിപ്പിടയുടെ പിടച്ചിലും കരച്ചിലും‍ കേട്ടാണ് എണീറ്റത്.

വല്ല പൂവനും പീഢിപ്പിക്കാന്‍ ശ്രമിച്ചതാവുമെന്നോര്‍ത്താണ് ചാടിയെണീറ്റത്. അനീതി നമ്മള്‍ പൊറുക്കില്ല. പക്ഷെ, ഉണ്ടമല്ലികളും ചെട്ടിമല്ലികളും ഇടതൂര്‍ന്ന് നില്‍ക്കുന്ന എന്റെ ഏദന്‍ തോട്ടത്തില്‍ ഒരു ചേരപ്പാമ്പിനെ കണ്ട് പേടിച്ചായിരുന്നു, പാവം നിലവിളിച്ചത്.

ചേരപ്പാമ്പ് എന്നെ കണ്ട് ഒന്ന് ചിരിച്ചു. എന്നിട്ട് ഷോള്‍ഡര്‍ പൊക്കി കണ്ണിറുക്കി കാണിച്ചു. എന്നിട്ട് തലതാഴ്ത്തി നാണിച്ചെന്ന പോലെ വേഗം വച്ചു പിടിച്ചു. നാണിച്ചത് എന്തിനെന്ന് മനസ്സിലായില്ല. എങ്കിലും ഞാന്‍ മടക്കിക്കുത്തൊന്നഴിച്ചിട്ടു. വെറുതെ...

കോഴിയും പാമ്പുമാണിന്നത്തെ കണി. കോഴിയിറച്ചിയും കള്ളും കൂട്ടി കഴിച്ച് ഞാന്‍ പാമ്പാകാന്‍ വഴിയുണ്ട് എന്നാണോ ലക്ഷണം?

ഡോളിച്ചേച്ചിയുടെ ആങ്ങള സാംസണ്‍ ഇന്ന് കിണറ്റീ വീണു. ആടിന് പ്ലാവിലക്ക് വേണ്ടി പ്ലാവില്‍ കയറിയ സാംസന്റെ കരച്ചില്‍ കേട്ട് അന്വേഷിച്ചപ്പോഴാണ് കിണറ്റീന്ന് ‘ഞാന്‍ ദേ ഇവിടെ, കിണറ്റില്‍ ഉണ്ട്’ എന്ന മറുപടി കേട്ടതും, കയറ് ഇട്ടുകൊടുത്ത് കയറ്റിയതും.

പ്ലാവില്‍ നിന്ന് കയ്യാലക്ക് മുകളിലേക്ക് വീണ്, അവിടന്ന് ഉരുണ്ടു..ഉരുണ്ടു പോയി കിണറ്റീ വീഴുകയായിരുന്നു. ഭാഗ്യം ഒന്നും പറ്റിയില്ല.

ഇന്ന് ചിത്രഗിതം ഉണ്ടായിരുന്നു. വര്‍ഗ്ഗീസേട്ടന്റെ വിഡിയൊ കാസറ്റില്‍ വിയറ്റ് നാം കോളനിയിലെ ‘പാതിരാവായി നേരം‘ റെക്കോഡ് ചെയ്തുകൊടുത്തു. കനക, കൊള്ളാം കേട്ടാ. ഉരുപ്പിടി തമിഴത്തിയാണ്. എന്നാലും എന്താ. എനിക്ക് പ്രശ്നമില്ല. എന്റെ വീട്ടുകാരെക്കൊണ്ട് ഞാന്‍ സമ്മതിപ്പിച്ചോളാം.

എണീറ്റത്: 8 ന്
ഉറങ്ങിയത്: 12:30 ന്