Wednesday, August 29, 2007

മെയ് 9, 1993

കാലത്ത് പുത്തുക്കാവില്‍ പോയി.

വഴിക്ക്, ആ ഷെല്‍ബിയുടെ വീടിന്റെ അടുത്തുള്ള ക്ടാവിനെ കണ്ടു. മാപ്ലമാരാ. ഭയങ്കര പാവപ്പെട്ട വീട്ടിലെയാ. ആ ഏരിയയില്‍ ഒറ്റ ഓലവീടേ ഉള്ളൂ. അതവള്‍ടെയാ. അവളൊക്കെ കുറച്ച് കാശുള്ള വീട്ടിലെയാണെങ്കില്‍ നല്ല ചെങ്കല്ല്‌ കളര്‍ ചൂരിദാറും പൌഡറും നല്ല പൊട്ടും കുത്തി നല്ല മാച്ചിങ്ങായ വളയും ചെരുപ്പും ഒക്കെ ഇട്ട് നടന്നിരുന്നെങ്കില്‍... പെണ്ണില്‍ പെണ്ണ് കൊതിച്ചേനിരുന്നു. പക്ഷെ, എന്ത് ചെയ്യാം . കാര്‍ന്നോര് പോരാ. എന്നുംണ്ട് ഒരു ഇളം നീല ജാക്കറ്റും പാവാടയും.

ഇന്ന് നമ്മളയിലേ പോകുമ്പോള്‍ ക്ടാവ് പാത്രം മോറായിരുന്നു. എനിക്കാ ഏരിയയിലെത്തിയാ പിന്നെ ചങ്കിടിപ്പ് കുറച്ച് കൂടും. വളവ് തിരിയുന്നതിലും മുന്‍പ് കണ്ണാടിയില്‍ നോക്കി തലമുടി ഒന്നും കൂടി ഈരി വെച്ചു. വെറ്തേ! എനിക്ക് ചിലപ്പോള്‍ തോന്നും. നല്ല കാശൊക്കെ ആവുകയാണേല്‍ അങ്ങിനെ ഭയങ്കര പാവപ്പെട്ട വീട്ടിന്ന് പെണ്ണ് കെട്ടണം. എന്നിട്ട് അവരേക്കൂടെ നല്ല സെറ്റപ്പാക്കണം. എന്തായിരിക്കും അപ്പോള്‍ നമ്മുടെ വെയിറ്റ്!! ഹോ!!

പക്ഷെ, എന്നാലും പ്രശ്നാ. തോളോട് ചേര്‍ന്ന ബന്ധമേ കൊള്ളൂ എന്നതാണ് ശരി. തീരെ കഴിവു കുറഞ്ഞ കുടുംബത്തിലെ റോസിലി ചേച്ചീനെ അങ്കമാലിയിലുള്ള ഒരു ഗള്‍ഫുകാരന്‍ മാത്തേട്ടന്‍ ഗ്ലാമര്‍ നോക്കി കെട്ടിയിട്ട് എന്തായി?

ആ ചേച്ചിടെ റോള്‍ ഒന്ന് കാണണം. എന്താ പത്രാസ്! അങ്ങേര്‍ക്ക് അവിടെ തലമുടി വെട്ടാന്നാ കേട്ടേ. പക്ഷെ, കല്യണം കഴിഞ്ഞ് ആള്‍ ഗള്‍ഫീ പോയിട്ട്, റോസിലേച്ചി സ്പ്രേയടിച്ച് ഫോറിന്‍ കുടയും പിടിച്ച് വന്ന വരവല്ലേ കാണണ്ടത്? അയലോക്കക്കാരോടൂ പോലും മിണ്ടാതെയായി ത്രേ!! അതാ കുഴപ്പം. അപ്പിടാത്തോന്‍ അപ്പിയിട്ടാ പിന്നെ അപ്പികൊണ്ട് ആറാട്ട് ആവും.

അതുമാത്രമല്ല, നമ്മല്‍ നാട്ടിലുള്ള കാണാന്‍ ഭംഗിയും കഷ്ടപ്പാടും ഒത്തുചേര്‍ന്ന കുട്ടികളെ മുഴുവന്‍ നമ്മള്‍ കെട്ടാന്‍ നടന്നാലും പണീയാവും ല്ലോ??

അമ്പലത്തീന്ന് വരും വഴി സായ്‌വിന്റെ കടേന്ന് 5 രൂപക്ക് പച്ചപ്പയറും രണ്ട് കായയും വാങ്ങി. പച്ചപ്പയറിനേലും ബെറ്റര്‍ ചുവപ്പന്‍ പയറാ. ഉണ്ടായിരുന്നില്ല.

ഉണക്കമീന്‍ വില്‍ക്കാന്‍ കൊടുങ്ങല്ലൂര്‍ സൈഡീന്ന് വരുന്ന ആ ചേച്ചി എന്തോ ഒരു നോട്ടീസ് കൊണ്ടുവന്ന് എന്നോട് വായിച്ച് അര്‍ത്ഥം പറയാന്‍ പറഞ്ഞു. ഞാന്‍ രണ്ടു തവണ മനസ്സിരുത്തി വായിച്ചു. എന്തരോ എന്തോ?? എന്റെ തലച്ചോറിന്റെ എല്ലാചുളിവുകളും ഉപയോഗിക്കേണ്ടി വന്നു തോന്നിയ അര്‍ത്ഥങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍!

അവളാരിത്തി ഭയങ്കര മിടുക്കിയാ. ഭര്‍ത്താവും മിടുക്കനാണ് ത്രേ. ബോട്ടിലാണ് പണീ. കിട്ടണ കാശ് അഞ്ചുപൈസ കളയില്ല. പോരാത്തേന് ഭാര്യ ഉണക്കമീന്‍ വിറ്റ് സമ്പാദിക്കുന്നു. ഭര്‍ത്താവിന് ഇഷ്ടമല്ലാത്തോണ്ട് ചേച്ചി കുറച്ച് വിടുകളില്‍ മാത്രം കൊണ്ടുപോയി കച്ചോടം നടത്തും. അമ്മേടെ സോള്‍ ഗഡിയാ. മീന്‍ കച്ചോടം നടത്തി അലമാരയും രണ്ടരപ്പവന്റെ ചെത്തുതൊരട് മാലയും വാങ്ങി ത്രേ!

ഭാര്യവും ഭര്‍ത്താവും ഒറ്റക്കെട്ടായി നല്ല കട്ടക്ക് കട്ടക്ക് നിന്നാല്‍ പിന്നാ ആ കുടുംബത്ത് എന്തിന്റെ കുറവാ ഉണ്ടാവാ? ഐശ്വര്യം ഓട്ടോമാറ്റിക്കായി വരില്ലേ?

ഹോളില്‍ വക്കാന്‍ പിച്ചളയുടെ ഡെക്കറേഷന്‍ പ്ലേറ്റ് രണ്ടെണ്ണം വാങ്ങി. കേയാര്‍ വെസ്സത്സില്‍ നിന്ന്, 250 രൂപയായി. കോക്കിന്റെ രണ്ടു സൈഡിലായി വച്ചു. ടി.വി.യില്‍ ‘ലാല്‍ അമേരിക്കയില്‍‘ സിനിമ കണ്ടു. ഞായറാഴ്ച പടം.

6:00
9:45

Tuesday, August 28, 2007

മേയ് 5, 1993

ഇന്ന് ഇടപ്പള്ളി പെരുന്നാളായിരുന്നു.

ഇക്കൊല്ലവും ആര്‍മാദത്തിന് ഒട്ടും കുറവ് വരുത്തിയില്ല. എന്തിനാ കുറക്കുന്നത്? നമുക്കെന്തിന്റെ കുറവാ?

മധുരിമയില്‍ പാല്‍ കച്ചവടം, എന്ത് വാങ്ങാന്‍ പോയാലും അടിവലി, ചേട്ടന്റെ ഡി.ഡി മാറ്റി വരാന്‍ സര്‍ച്ചാര്‍ജ്ജ്‍, ചേച്ചിയുടെ വീട് പണിക്ക് മുട്ടുസൂചി വാങ്ങാന്‍ പോയാലും കമ്മീഷന്‍. പോരാത്തേന് വീട്ടില്‍ നിന്ന് നാളികേരം, അടക്ക, കശനണ്ടി, കുരുമുളക് ഇത്യാദി നാണ്യവിളകള്‍ ഇസ്കല്‍ വേറേ!

ജിനുവും ഷാജുവും മാത്തനും പിന്നെ വെള്ളിക്കുളങ്ങരയിലെ ഒരു ഗുണ്ടാസംഘവും സുബ്രമണ്യനും സ്റ്റാന്‍ലിയും ഉള്‍പെടെ 12 പേര്‍ കൂടി ശിവന്‍ ചേട്ടന്റെ ‘ശ്രുതി’ ടെമ്പോ വാന്‍ വിളിച്ചാ ഇടപ്പിള്ളീ പോയത്‍. മൊത്തം 10 കോഴിയെക്കൊണ്ടുപോയി. രണ്ടെണ്ണം ഞാന്‍ സംഘടിപ്പിച്ചു. വീട്ടീന്ന് ഒരു ചാത്തനെ പിടിച്ചു. പ്രഭേച്ചിടെ വീട്ടീന്ന് ഒരു പെടയെയും.

തെക്കേക്കാരോടത്തെ ഗിരിരാജനെ വേണമെങ്കില്‍ കൊണ്ടോക്കോളാന്‍ പറഞ്ഞതാ. പക്ഷെ, അത് മൂത്ത് മുരിക്കടിച്ച് വല്ല ശബരിമലമുട്ടന്റെ പോലെയാ ഇരിക്കുന്നത്. ഇറച്ചി വെട്ടിയാലൊന്നും മുറിയേരിക്കല്ല. അറക്ക വാള്‍ വേണ്ടിവരും. വേവാന്‍ ആയിരം ഡിഗ്രിയില്‍ തിളപ്പിക്കേണ്ടിയും വരും. അങ്ങിനെ ഗിരിരാജന്‍ ഡിസ്കോളിഫൈഡ്. ടൈമില്ല!

വീട്ടിലെ എരണം കെട്ട ആ കഴുത്തി പപ്പി ചാത്തനേയാ ഇന്ന് പിടിച്ചത്. നേരം വെളുത്താല്‍ രാത്രിയാവും വരെ പീഢിപ്പിക്കണം പീഢിപ്പിക്കണം എന്ന ഒരേ ചിന്തയേയുള്ളൂ. ടി.ജി.രവിയുടെ സ്വഭാവമാണ്. കോഴിയധമന്‍. പീഢിപ്പിക്കേണ്ട എന്ന് ഞാന്‍ പറയില്ല, പക്ഷെ, ഒരു ലിമിറ്റ് വേണ്ടേ? ഒന്നും ഓവറാവരുത്. അധികമായാല്‍ ആല്‍ക്കഹോള്‍ പോലും വിഷമല്ലേ?

ഇന്ന് ഞാന്‍ പിടിക്കാന്‍ ചെന്നപ്പോഴും പെടലമ്പടന്‍ പീഢനാസനത്തിലായിരുന്നു. അതു കൊണ്ട് പത്ത് മിനിറ്റ് കഴിഞ്ഞേ ഞാന്‍ ഓടിച്ചുള്ളൂ. കഷ്ടകാലത്തിന് പാണ്ഢു മഹാരാജാവിന് കിട്ടിയ പോലെ ഒടുക്കത്തെ വല്ല ശാപമെങ്ങാനും നമുക്ക് കിട്ടിയാ......ഈശ്വരാ...എനിക്കാലോചിക്കാന്‍ പോലും ശക്തിയില്ല! പിന്നെന്തിനീ ജന്മം? പഞ്ചവാദ്യവും കുടമാറ്റവും വെടിക്കെട്ടുമില്ലാത്ത തൃശ്ശൂര്‍ പൂരത്തിന് എന്ത് ത്രില്ല്!

ഇടപ്പിള്ളീ പോയി. കോഴി ഇറച്ചി തിന്ന് മത്യായി. സുബ്രമണ്യന്‍ 7 പെഗ്ഗ് വരെ അടിക്കണത് ഞാനെണ്ണി. അവിടെ വച്ച് കാലടിയില്‍ നിന്ന് വന്ന ടീമുമായി അടിയുണ്ടാകാന്‍ പോയി. അടുപ്പ് തരാത്ത എന്തോ കേസിനായിരുന്നു. പക്ഷെ, ഇടി നടന്നില്ല. വാനില്‍ വച്ച് വെള്ളിക്കൊളം ടീം പൊരിഞ്ഞ പാട്ടായിരുന്നു. അങ്ങിനെ ഇതുവരെ കേള്‍ക്കാത്ത ലേയ്റ്റസ് ‘പാട്ടുകള്‍‘ രണ്ടുമൂന്ന് കൂടി പഠിച്ചു.

വീട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായി.

Monday, August 27, 2007

മെയ് 8, 1993

ഇന്ന് കാലത്ത് ഒരു അമ്മി കൊത്ത് സംഘം വന്ന് മതിലിന്റെ അപ്പുറത്ത് വാകയുടെ താഴെ തമ്പടിച്ചു. ഒരു കാര്‍ന്നോരും കൂടെ മൂന്നാല് പെണ്ണുങ്ങളും രണ്ടാണുങ്ങളും പിന്നെ ചക്കചൌണി പൊലെ കുറെ കുട്ടികളും.

പല്ലുതേക്കുമ്പോള്‍, എന്തിറ്റാ ഇവര്‍ കാണിക്കണേ എന്ന് നോക്കാന്‍ മതിലിന്റെ അടുത്ത് പോയി നിന്നു. കുളിച്ചിട്ട് അവര്‍ ഒരു കൊല്ലമെങ്കിലും ആയിട്ടുണ്ടാവും. കാ‍ലത്ത് തന്നെ അടുപ്പ് കൂട്ടി, കുക്കിങ്ങ് തുടങ്ങി. ഭയങ്കര കുക്കിങ്ങാണ്. ഒരു പാത്രത്തില്‍ ചോറു വച്ച് എന്തിറ്റൊക്കെയോ ഇട്ട് തിളപ്പിക്കുവാണ്. വേറെ കറിയൊന്നുമില്ല.

അതില്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍ കൊച്ച് കൂട്ടത്തിലെ ഒരുത്തനുമായി ഭയങ്കര ചിരിയും കളിയും പിടിവലിയും വര്‍ത്താനവുമാണ്. ഞാന്‍ കുറേ നേരം എന്തിറ്റാ ഇവര്‍ പറയണേ എന്ന് കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ച് പിടിച്ച് നിന്നു.

പക്ഷെ, നമ്മള്‍ ‘എന്തെങ്കിലും നടക്കുമോ?’ എന്ന രീതിയില്‍ വല്ലതും ഒളിഞ്ഞ് കാണാന്‍ നില്‍ക്കുകയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചോ ആവോ? പെണ്ണ് എന്നെ ചൂണ്ടി എന്തോ പറയണ പോലെ തോന്നിയപ്പോള്‍ ഞാന്‍ തിരിച്ചുപോന്നു. ഓ പിന്നേയ്. ഞാന്‍ അതിനൊന്നുമല്ല അവിടെ നിന്നത്!

ഇന്ന് വപ്പി രാജന്റെ പെങ്ങളുടെ കല്യാണമായിരുന്നു. ഞാന്‍ പോയിരുന്നു. ചെറിയ വീട്ടുകാരാണ്. നിറം കുറവാണെങ്കിലും നല്ല ഐശ്വര്യമുള്ള ചേച്ചിയാണ് അവന്റെ. നല്ല സ്വഭാവവുമാണ്. എന്നെ എവിടെ വച്ച് കണ്ടാലും ചിരിക്കും. ഭര്‍ത്താവ് യമന്‍ എന്ന് പറഞ്ഞ സ്ഥലത്താണത്രേ.

വൈകുന്നേരം മാര്‍ക്കറ്റീന്ന് മീന്‍ വാങ്ങി.

ഏണീറ്റത്: 5:30
കിടന്നത്: 10:15

Monday, August 20, 2007

മെയ് 7, 1993

കാലത്ത് അളിയന്റെ ഫോണ്‍ വരുമെന്ന് പറഞ്ഞതുകൊണ്ട്, എരേക്കത്ത് പോയി കുറേ നേരം വെയ്റ്റ് ചെയ്ത് ചേടത്തിയമ്മ തന്ന ഇഢലിയും ചായയും കുടിച്ച് തിരിച്ച് പോന്നു. അവരുടെ നെല്ലുകുത്തു കമ്പനിയിലെ കട്ടിത്ലാസില്‍ കയറിനിന്ന് വെയ്റ്റും നോക്കി. 72 കിലോ!

അവര്‍ വല്യ നായന്മാരും നമ്മുടെ സെറ്റപ്പ് വച്ച് നോക്കുമ്പോള്‍ വലിയ പണക്കാരുമൊക്കെയാണെങ്കിലും ചേടത്തിയമ്മക്കും മേനോനും നമ്മളെ വല്യ സ്‌നേഹമാണ്. എനിക്കും.

ഡ്രൈവിങ്ങിന് പോയി. പുതുക്കാട് സൈഡിലേക്കാ ഇന്ന് വണ്ടിയോടിച്ചത്. പൊതുവെ സമാധാനപരമായിരുന്നു. മാഷ് ചീത്തയൊന്നും പറഞ്ഞില്ല. ഇന്ന് ചീത്ത പറയാന്‍ വന്നെങ്കില്‍ അങ്ങേരെന്നെകൊണ്ട് തെറി പറയിച്ചേനിരുന്നു. ചില നേരത്ത് ഒരു മൊശകോടന്‍ സ്വഭാവമാണ് ആളുടെ. ഞാന്‍ പിന്നെ വേണ്ടാന്ന് വച്ചിട്ടാ. സംഗതി നമ്മള്‍ അത്യാവശ്യത്തിന് ഡീസന്റാണ്. പക്ഷെ, മെക്കട്ട് കയറാന്‍ വന്നാല്‍ പ്രായമുണ്ടെന്നൊന്നും നോക്കില്ല. നമുക്ക് മര്യാദക്ക് വണ്ടിയോടിക്കാനറിയുമെങ്കില്‍ അങ്ങേരുടെ അടുത്ത് പോണോ???

ഇന്നാളൊരു ദിവസം ഞാനങ്ങിനെ വളരെ കംഫര്‍ട്ടബിളായി വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍,

“നിന്റെ കണ്ണില്‍ മത്ത കുത്തിയേക്കാണോ.. ഇത്രേം വല്യ ആ വണ്ടിയുടെ നെഞ്ചെത്തേക്ക് കയറ്റാനെന്ന്“ പറഞ്ഞ് സ്റ്റീയറിങ്ങ് പിടിച്ചൊരു ഒറ്റ തിരി!

എനിക്കങ്ങ് ശരിക്കും കെലുത്ത് വന്നതായിരുന്നു. പിന്നെ, ‘ഹൈവേയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 4 മരണം‘ എന്നൊരു ന്യൂസ് ഉണ്ടാവാതെ കാത്ത ആളല്ലേ എന്ന് കരുതി ഞാനങ്ങ് ക്ഷമിച്ചു.

പോണവഴിക്ക് ഊരുക്ക് ചരക്കുമണി മഞ്ചിതയും നിതയും വര്‍ത്താനോം പറഞ്ഞ് റോഡ് സൈഡിലൂടെ പോണത് കുളത്തൂര്‍ വച്ച് കണ്ടു. തലവെട്ടിച്ച് നോക്കാന്‍ നിന്നാല്‍ വണ്ടി പാടത്തേക്ക് പോകും. അല്ലെങ്കില്‍ ‘ഞാന്‍ വണ്ടിയോടിക്കണത് കണ്ട്രീ...’ എന്ന റോളില്‍ ഒന്ന് നോക്കാമായിരുന്നു. ഇമേജ് കുത്തനെ കൂടുകയും ചെയ്‌തേനെ!

ഇന്ന് പാടത്ത് ട്രാക്ടര്‍ അടിച്ചു. 40 മിനിറ്റ്. ശിവരാമേട്ടന്റെ ജാംബവാന്റെ കാലത്തുള്ള വണ്ടിയാ ഇത്തവണ ഇറങ്ങിയത്. “ശിവരാമേട്ടന്റെ ട്രാക്റ്ററിന് പഴയ പിക്കപ്പില്ല“ എന്ന്‍ കൊയ്ത്തുകാരി പെണ്ണുങ്ങള് പറയന്നത് കേട്ടല്ലോ. ശരിയാണോ? എന്ന് ചോദിച്ചപ്പോള്‍ ‘വിളഞ്ഞ കണ്ടത്തിലേക്ക് തേവല്ലേ ഡാ മോനേ‘ എന്ന് പറഞ്ഞ് എന്നെ ഒരു ചെളിക്കട്ട എടുത്ത് പതുക്കെ വീക്കി.
ആള്‍ അങ്ങിനെയൊന്നും തെറി പറയണ കൂട്ടത്തിലല്ല. പാവമാ. എല്ലാതരക്കാരുമായും ഭയങ്കര കമ്പനിയാണ്.

പാടത്ത് നിന്ന് തിരിച്ച് വരുമ്പോള്‍ ഇന്നൊരു കോഴിക്കുഞ്ഞിനെ കളഞ്ഞ് കിട്ടി. കാക്കകൊത്തി പറന്നപ്പോള്‍ വീണുകിട്ടിയതാ. കുട്ടിക്ക് ഗുരുതരമായി പരിക്കുണ്ട്. ഞാന്‍ കൊണ്ടുപോയി അത്യാഹിത വിഭാഗത്തില്‍ ഫസ്റ്റ് എയിഡ് കൊടുത്തുകൊണ്ടിരിക്കുന്നു. മീന്‍സ്, വിറകുപുരയില്‍ മാനാങ്കുട്ട കൊണ്ട് മൂടിയിട്ടിരിക്കുന്നു.

രാത്രി ഈക്കെയുടെ കൂടെ തേവര്‍മകന്‍ കാണാന്‍ പോയി. സെക്കന്‍റ്റിന്.

ഏണീറ്റത്: 6:00
കിടന്നത്: 1:40

(ഡയറിയെഴുത്തില്‍ നിന്ന്, ഡയറി പറയലിലേക്ക് മാറുന്നു എഴുതി വരുമ്പോള്‍. ആദ്യമാദ്യം ഏസ് ഇറ്റ് ഈസ് എഴുതിയിരുന്നെങ്കില്‍, ഇപ്പോള്‍ കുറച്ച് പൊലിപ്പിക്കുന്നുണ്ട്. ലക്ഷ്യം, ഓര്‍മ്മകളുടെ ഷെയറിങ്ങ് ആയതുകൊണ്ട്, അഭിപ്രായങ്ങള്‍ മാനിക്കുന്നതായിരിക്കും)

Saturday, August 18, 2007

മെയ് 6, 1993

ഇന്നലെ ഇടപ്പള്ളിപ്പെരുന്നാളിന് പോയിട്ട് ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് വന്ന് കിടന്നത്. അതോണ്ട് എണീക്കാന്‍ ലേയ്റ്റായി.

കാലത്ത് ഡ്രൈവിങ്ങിന് പോയി. പേരാമ്പ്ര സൈഡിലേക്കാണിന്ന് ഓടിച്ചത്. ഇപ്പോള്‍ വണ്ടി അങ്ങോട്ടും ഇങ്ങോട്ട് പോകുമ്പോള്‍ മനസ്സിലാവുന്നൊക്കെയുണ്ട്. മുന്നത്തെ പോലെയല്ല.

റോഡിന്റെ ഇടത് ഭാഗത്തുകൂടെ നേരെ വണ്ടി ഓടിക്കാന്‍ നമുക്ക് ന്യായമായും അധികാരമുണ്ടെന്നും എതിരേ വണ്ടികള്‍ കയറി വരുമ്പോള്‍ പേടിച്ച് സൈഡിലേക്കിറക്കേണ്ട യാതൊരു ആ‍വശ്യമില്ലെന്നും മാഷ് പറഞ്ഞു. പകരം, ഹോണ്‍ അടിച്ചും ഡിപ്പടിച്ചും അവന്മാരെ വിരട്ടണം ത്രേ!

പേടിയുണ്ടായിട്ടൊന്നുമല്ല, പക്ഷെ തമിഴന്‍ ലോറിയും ഫാസ്റ്റ് പാ‍സഞ്ചറും ഓവര്‍ട്ടേക്ക് ചെയ്ത് നമ്മുടെ നേരെ വരണ ആ വരവു കാണുമ്പോള്‍ അന്തപ്രാണന്‍ കത്തി ഓട്ടോമാറ്റിക്കായി വണ്ടി സൈഡിലേക്കിറങ്ങിപ്പോണതാ മാഷേ എന്ന് ഞാന്‍ പ്രതിവചിച്ചു.

പിന്നെ ഇറച്ചിയില്‍ മണ്ണായി കിടക്കാന്‍ കണ്ടിടത്തോളം വല്യ എയിമൊന്നുമില്ല. തന്നെയുമല്ല, ഞാന്‍ ചത്താല്‍ നമ്മുടെ ലൊക്കാലിറ്റിയിലുള്ള പെണ്‍കുട്ടികളെ മുഴുവന്‍ പിന്നെ ആരു കെട്ടും??

ഡ്രൈവിങ്ങ് കഴിഞ്ഞുവന്ന്, കഞ്ഞികുടികഴിഞ്ഞ് നേരെ പാടത്തേക്ക് പോയി.

തോട്ടുവരമ്പത്തെ വല്യ കണ്ടം മൊത്തം കളച്ച് കഴിച്ചു. സതീശന്റെ കണ്ടത്തിന്റെ സൈഡില്‍ത്തെ മാത്രേ ബുദ്ധിമുട്ടുള്ളൂ. അത് വല്ല, സ്കൈയില്‍ ചെരിച്ച് വച്ച കനത്തിലാ അവന്‍ ചെത്തി വച്ചേക്കുക. പറഞ്ഞിട്ട് കാര്യമില്ല. ‘നഖം കൊണ്ട് ചോറുണ്ടാ വയറ് നിറയില്ല’ മനസ്സിലാവണ്ടേ? പാവം!

ഇന്ന് ചേച്ചി വരണ കാരണം, ആട്ടെര്‍‌ച്ചിയായിരുന്നു‍ കൂട്ടാന്. അതോണ്ട് വരമ്പുകള വേഗം തീര്‍ന്നു. ഒരുമണിയാവുമ്പോഴേക്കും ഒരു കണ്ടം ഫിനിഷ് ചെയ്ത് കയ്യും കാലും തേച്ചെഴുകി നമ്മള്‍ വീട്ടിലെത്തി.

ചേച്ചി വന്നപ്പോള്‍ ജയ ബേക്കറിയില്‍ നിന്ന് ആറ്‌ ജിലേബിയും ആറ്‌ ലഡുവും വാങ്ങി കൊണ്ടു വന്നിരുന്നു.

നാലുമണിക്ക് ചായക്ക് കടിയായി അടുക്കളഭാഗത്തിരുന്ന് ഈരണ്ടെ‌ണ്ണം വീതമേ കഴിച്ചുള്ളൂ.. പക്ഷെ, വൈന്നാരമായപ്പോഴേക്കും ആകെ മൊത്തം ഒരു മന്ദത‍ ബാധിച്ചു. ഇന്നലത്തെ ഉറക്കവും ബാക്കിയുണ്ടല്ലോ? അതുകൊണ്ട് രാത്രി സഞ്ചാരത്തിന് പോയില്ല. വേഗം വന്ന് കിടന്നു.

എണീറ്റത്: 8:40 ന്
കിടന്നത്: 9:25 ന്

Saturday, August 11, 2007

മെയ് 4, 1993

കുമാരേട്ടന്റെ മോന്‍ സദുചേട്ടന്റെ കല്യാണം ഇന്നായിരുന്നു. പെണ്ണുകൊണ്ടുവരാന്‍ ഞാനും പോയിരുന്നു.

ഭവാനിച്ചേച്ചീടെ ഭര്‍ത്താവ് ലോഹിച്ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ തന്നെ ചാണപ്പച്ച കളറുള്ള ഷര്‍ട്ടാണിട്ടത്. അതിട്ടാല്‍ ഞാന്‍ തച്ചോളി അമ്പുവിന്റെ ലുക്കാണെന്ന് ജീന പറഞ്ഞതില്‍ പിന്നെ ഇത് അഞ്ചാമത്തെ കല്യാണത്തിനാ ഈ ഇടണത്!

പെണ്ണിന്റെ വീട് പെരിഞ്ഞനം സൈഡിലായിരുന്നു.
പോകും വഴി, അടിച്ച് പൂക്കുറ്റിയായി കിടന്ന ഒരു കാര്‍ന്നോരെ വഴിയില്‍ നിന്ന് സൈഡിലേക്ക് മാറ്റിക്കിടത്തി. അന്നേരം ബസിലുള്ള എല്ലാ ചോത്തി ക്ടാങ്ങളും എന്നെ ആരാധനയോടെ നോക്കിയിരിക്കുമോ? നോക്കിയിരിക്കും. നോക്കിയിരിക്കും!

സദു ചേട്ടന്‌ മൊതല് കുറേ കിട്ടിക്കാണണം. സദുച്ചേട്ടനും മറ്റുള്ളവരും സൌദിയില്‍ ബിസിനസ്സല്ലേ. മക്കളൊക്കെ ഗള്‍ഫുകാരായപ്പോള്‍ കുമാരേട്ടന്റെയും ചേടത്തിയുടെയും സാമ്പത്തികം ശരിക്കും മാറി. ഓലവീടൊക്കെ പോയി അലക്കന്‍ ടെറസ്സ് വീട് പണിതില്ലേ.

സദുച്ചേട്ടന്‍ ലീവിന് വന്നപ്പോള്‍ വീട്ടില്‍ മാതൃഭൂമിക്ക് പുറമേ ദീപികയും ഹിന്ദുവും കണ്ട് ‘ഇദാര്‍ക്ക് വായിക്കാനാ അച്ഛാ ഇംഗ്ലീഷ് പത്രം? എന്നാ ഒരു ഹിന്ദിയും തമിഴും കൂടി വരുത്തായിരുന്നില്ലേ?’ എന്ന് ചോദിച്ചെന്നും, ഒന്നൊഴിച്ച് അന്നേ നിറുത്തിയെന്നും, മറ്റും കല്യാണം പറയാന്‍ വന്നപ്പോള്‍ പറഞ്ഞു ചിരിച്ചു.

കല്യാണം ഉഷാറായി. പാലടയും പായസവും പഴവുമായിരുന്നു. തരക്കേടില്ലാത്ത പോളിങ്ങ് നടന്നു. രണ്ടാമത് ചോറ് വാങ്ങിച്ചപ്പോള്‍ എന്റെ ഡബിള്‍ മുണ്ടില്‍ കുറച്ച് സാമ്പാറായി. മുരിങ്ങക്കായ ഉരുണ്ട് വന്ന് വീണതാ. ടേബീളിന് ഒരു സൈഡിലേക്കൊരു ചായ്‌വ് ഉണ്ടായിരുന്നു. അത് കഴുകാന്‍ പോയപ്പോള്‍ ആനന്ദപുരത്തെ രഘുച്ചേട്ടന്റെ അച്ഛന്‍ കുഞ്ഞാമന്‍ ചേട്ടനെ കണ്ടു. നല്ല ഏയ്ജുണ്ട്. പക്ഷെ, കല്യാണം ഒന്നും വിടില്ല. ആള്‍ക്ക് പെണ്‍ വീട്ടുകാരായിട്ട് എന്തോ ബന്ധമുണ്ടത്രേ.

ആള്‍ എന്നെന്നെ കണ്ടാലും അപ്പോള്‍,

‘നിന്റെ ചങ്ങാലൂരത്തെ വല്യമ്മയുടെ കൂടെ ഞാന്‍ സ്കൂളില്‍ പോയപ്പോള്‍...’

എന്ന് തുടങ്ങുന്ന എന്തെങ്കിലും ഒരു പഴയ കഥ പറയും. ഇന്നും പറഞ്ഞു. ഭയങ്കര ആത്മപ്രശംസയാ. എന്നെ വെട്ടിക്കും. പാമ്പിനെ കൊന്ന കഥയാ പറഞ്ഞത്. അണലിയെ പോലെ ഇരിക്കുന്ന പാമ്പാണെത്രേ. ഉം. ഉം. രാജവെമ്പാലയാവും!!

എന്റെ ബലമായ സംശയം ഗഡിയും എന്റെ വല്യമ്മയും തമ്മില്‍ ലൈനായിരുന്നു എന്നാണ്. അമ്മാവനെ പേടിച്ചിട്ടായിരിക്കണം ആള്‍ സംയമനം പാലിച്ചത്. അത് നന്നായി.

ഇതിന്റെ സത്യാവസ്ഥ വല്ല്യമ്മയോട് ഒന്ന് ചോദിക്കാമെന്ന് വച്ചാല്‍ സാധാരണ ശബ്ദത്തിലൊന്നും ചോദിച്ചാല്‍ ചെവിയിലെത്തുന്ന സ്‌റ്റേജിലല്ലോ വല്യമ്മ. ‘വല്യമ്മക്ക് ഇപ്പോള്‍ കുഴപ്പം ഒന്നും ഇല്ലല്ലോ?’ എന്ന് ചോദിച്ച് ആളെ ഒന്ന് മനസ്സിലാക്കിച്ച് വരുമ്പോഴേക്കും ബാക്കിയുള്ളവന്റെ കൊരവള്ളി പൊട്ടിപ്പോകും. പിന്നെയാണ് പ്രേമത്തെ പറ്റി ചോയ്ക്കാന്‍ പോണ്.

ജിനുവിനെയും ഷാജുവിനെയും കണ്ടിരുന്നു. അഞ്ചുമണിക്ക് കല്യാണ വിശേഷങ്ങള്‍ പറഞ്ഞ് റോഡിന്റെ സൈഡിലെ പുല്ലില്‍ ഇരുന്നു

എണീറ്റത്: 5 മണി
കിടന്നത്: 11 മണി