Saturday, November 17, 2007
മെയ് 13, 1993
സ്വപ്നങ്ങള്‍ ഈയിടെയായി കുറച്ച് കൂടുതലാണ്. ഒടുക്കത്തെ ഈ സ്വപ്നങ്ങള്‍ കാരണം മനുഷ്യന് ഉറങ്ങാന്‍ പേടിയാവുകയാണ്! മൂന്ന് ദൈവങ്ങളേം പ്രാര്‍ത്ഥിക്കുന്നുണ്ട്. പോരാത്തതിന് തലോണയില്‍ ‘നാരായണ, കര്‍ത്താവേ, അല്ലാഹു’ എന്നും എഴുതി മൂന്ന് മതങ്ങളുടെ ലോഗോയും വിരല്‍ കൊണ്ട് വരക്കും. എന്നിട്ടും ഒരു രക്ഷയുമില്ല.
നമ്മള്‍ എവിടെ ഇടിച്ച് നില്‍ക്കും? എന്ന രീതിയില്‍ ഭാവിയെ കുറിച്ചാലോക്കുമ്പോള്‍ പകല്‍ യാതോരു മനസ്സമാധാനമില്ല, സ്വപ്നങ്ങള്‍ കാരണം ഇപ്പോള്‍ രാത്രിയുമില്ല. എന്തൊരു ത്വയിരക്കേടാണിത്.
സ്വപ്നം കണ്ടോട്ടേ, പക്ഷെ, ഈ ആനചവിട്ടിക്കൊല്ലാന്‍ വരണതും കൊക്കയിലേക്ക് വീഴുന്നതും കാണണ നേരം, വല്ല ശ്രീദേവിയുടെയോ പൂനം ദാസ് ഗുപ്തയുടെ കൂടെയോ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്ന് കുളിക്കണതോ... ഊട്ടിക്കോ കൊടൈക്കനാലിലെക്കോ പോണതോ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അങ്ങിനെയെങ്കില്‍ ഒരു ദിവസം ഒരു പതിനാറ് മണിക്കൂറെങ്കിലും ഞാന്‍ കിടന്നുറങ്ങിയേനെ!
റ്റെലിപ്പതിയുടെ ഉപദ്രവം ഈയിടെയായി കൂടി കൂടി വരുന്നുണ്ട്. എവിടെ ചെന്നവസാനിക്കുമോ എന്തോ?
ഹിപ്നോട്ടൈസ് കാരന്‍ ഗഡി പറഞ്ഞത് ആയിരത്തിലൊരാള്‍ക്കേ ഇതുണ്ടാവു, പ്രാക്റ്റീസ് ചെയ്താല്‍ കൂട്ടി ഒരു സംഭവം ആയി മാറും എന്നൊക്കെയുമാണ്. പിന്നെ, നമുക്ക് വേറെ പണിയില്ലല്ലോ. സന്യാസം സ്വീകരിച്ചാല്‍ തിളങ്ങാം എന്നും സൂചിപ്പിച്ചു. ബെസ്റ്റ്! ജോറ് അങ്കമാവും.
സത്യം പറഞ്ഞാല്‍, അങ്ങേര്‍ അന്നങ്ങിനെ പറഞ്ഞേന് ശേഷം, സന്യാസത്തെക്കുറിച്ച് തമാശക്കായിട്ടാണെങ്കിലും ചിന്തിച്ചിട്ടൊക്കെയുണ്ട്. ബസില്‍ യാത്രചെയ്യുമ്പോഴാണ് പൊതുവേ ഇങ്ങിനെ ഭാവി പരിപാടികളെപ്പറ്റി കൂടുതല്‍ ആലോചന. പക്ഷെ, ചില ചില തിയറ്ററുകളിലെ പോസ്റ്റര്‍ കാണുമ്പോള്‍, സന്യാസം ഒന്നും നമുക്ക് പറ്റില്ല എന്ന് തോന്നുകയും ചെയ്യും.
കാലത്ത് തൃശ്ശൂര്‍ പോയി. ഈകെയും ഞാനും. പവര്‍ ന്റെ ഷോറൂമില്‍ പോയി ഒരു ഷൂ വാങ്ങി. 450 രൂപയായി. മാന്‍ഷയറിലും പോയിരുന്നു. ഐ.ആര്‍.എസിലും കയറി.
ബസ് സ്റ്റോപ്പില്‍ വച്ച് സൂസനെ കണ്ടു.
എണീറ്റത്: 5:20
കിടന്നത്: 10:30
Wednesday, November 14, 2007
മെയ് 12, 1993
ചേച്ചിക്ക് കൊടുക്കാന്‍ ആട്ടുംതല വാങ്ങാന്‍ പോയി.
ഉച്ചക്ക് ഉറങ്ങി. ഗംഗ വന്നിരുന്നു. അര്‍ഹത യുടെം യോദ്ധ യുടെം കാസറ്റ് കൊടുത്തു.
ടൈപ്പിന് പോയിരുന്നു. 20 രൂപ അവിടെ കൊടുത്തു. രവിമാഷ് ലഡു തന്നു. ഏതോ ഒരു ക്ടാവിന്റെ പിറന്നാളിന്റെ ആണത്രെ.
എണീറ്റത്:
കിടന്നത്:
മെയ് 11, 1993
ഉറക്കം അങ്ങട് എയിമായില്ല. തൊഴുത്തിന്റെ സൈഡിലെ വാതില്‍ കുറച്ച് തുറന്ന് കിടന്നതുകൊണ്ടാണെന്ന് തോന്നുന്നു, രാത്രി ഒടുക്കത്തെ കൊതുകടി ആയിരുന്നു.
ഇന്ന് ലേണീങ്ങ് ടെസ്റ്റായിരുന്നു. ആറര ക്ക് ഇരിങ്ങാലക്കുട പോയി. ആദ്യം ഡ്രൈവിങ്ങ് സ്കൂളില്‍ പോയി, ഷമീമില്‍. പിന്നെ അവിടെന്ന് ടെസ്റ്റ് നടക്കുന്നോടത്ത് പോയി. ബൈക്കിന്റെ ലൈസന്‍സിന് 8 എടുക്കാന്‍ കൊണ്ടുവന്ന സ്കൂട്ടര്‍ ചുമ്മാ ഓടിച്ചു. കുറെ തവണ 8 എടുത്തു. നല്ല സുഖം. വെറുതെ ഗിയറിലിട്ടാല്‍ മതി പയ്യെ പയ്യെ തന്നെ പൊക്കോളും. അതിലേത് പോലീസ്‌കാരനും ഈസ്യായി 8 എടുക്കാം.
ഓവര്‍ടേക്ക് ചെയ്തോ എന്ന സിഗ്നല്‍ കൊടുക്കണമെങ്കില്‍ കയ്യ് വലിയ ‘റ‘ പോലെ താഴേന്ന് കമിഴ്ത്തി ആക്ഷന്‍ കാണിക്കണം, ഓവര്‍ട്ടേക്ക് ചെയ്യല്ലേ.. എന്നാണെങ്കില്‍.. കൈ നീത്തിപ്പിടിച്ച് താഴ്തുകയും പൊക്കുകയും വേണം. അതൊക്കെ ഞാന്‍ പഠിച്ചതായിരുന്നു, പക്ഷെ, 150 രൂപ കൊടുത്താല്‍ മതി കൂടുതല്‍ ഗോഷ്ടിക്കോ അഭ്യാസത്തിനോ നില്‍ക്കണ്ട എന്ന് പറഞ്ഞതുകൊണ്ട്, അതു കൊടുത്തു. അപ്പോള്‍ പാസായി.
ഇന്ന് ഉച്ചക്കായിരുന്നു ഡ്രൈവിങ്ങ് ക്ലാസ്. സെന്റ്രല്‍ ബാങ്കിന്റെവിടെ സൈക്കിള്‍ വച്ചു. വര്‍ഗ്ഗീസ് മാഷ് 200 രൂപ ചോദിച്ചു, കടം. അതാണത്രേ രീതി. കിട്ടാനൊന്നും പോണില്ല. ഇന്ന് പത്ത് കിലോമീറ്റര്‍ വണ്ടിയോടിച്ചു. സംഗതി ഓടിക്കണുണ്ടെങ്കിലും അങ്ങട് എയിമാവണൊന്നുമില്ല. ഒരു പോക്കാണ്. കാറിന്റെ വലുപ്പത്തിന്റെ ഒരു രൂപരേഖയങ്ങട് പിടി വന്നിട്ടില്ല. വണ്ടി റോഡ് നിറഞ്ഞ് പോകുകയാണെന്നാ ഫീലിങ്ങാണ്. നമ്മുടെ വണ്ടിക്ക് തന്നെ പോകാന്‍ റോഡില്‍ സ്ഥലം ഇല്ലാന്ന് തോന്നാ..
എണീറ്റത്: 4:30
കിടന്നത്:
Monday, November 12, 2007
മെയ് 10, 1993
എത്ര എത്ര മോഹങ്ങളായിരുന്നു. ഒന്നും നടന്നില്ല.
കൈനറ്റിക് ഹോണ്ടയില്‍ അവളുടെ കോളേജില്‍ ചെന്നിറങ്ങുന്നത്.. മദ്രാസ് ഈന്തപ്പനയുടെ തണലില്‍ അവളോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മരത്തില്‍ നിന്ന് പിങ്ക് നിറമുള്ള ഒരു പൂവ് എന്റെ ഷോള്‍ഡറില്‍ പൊഴുഞ്ഞു വീഴുന്നു..... അവള്‍ അത് കൈ കൊണ്ട് എടുത്ത് കളയുന്നു...
നാടോടിക്കാറ്റില്‍ മോഹന്‍ലാലും ശോഭനയും കൂടി റോഡ് സൈഡിലെ തട്ടുകടയില്‍ നിന്ന് പഴമ്പൊരിയും ചായയും വാങ്ങി കഴിച്ചപോലെ കഴിക്കുന്നത്, മഴ പെയ്യുമ്പോള്‍ ഒരു വാഴയിലയില്‍ രണ്ടാളും കൂടി ഇങ്ങിനെ നനഞ്ഞ് ഓട്ടിയൊട്ടി പോകുന്നത്, ബസില്‍ ഒരേ സീറ്റില്‍ മുട്ടി മുട്ടി ഇരുന്ന് വര്‍ത്താനം പറയുന്നത്... അങ്ങിനെ എന്തെല്ലാം!!
എല്ലാം കഴിഞ്ഞ കൊല്ലം ഇതേ ദിനത്തില്‍ ചൂറ്റിപ്പോയി.
സുന്ദരനും ഉയര്‍ന്ന ജോലിക്കാരനുമായി നമുക്ക് ഒരു നിലക്കും കട്ടക്ക് നില്‍ക്കാന്‍ പറ്റാത്ത ഒരു വൃത്തികെട്ടവന്‍ വന്ന് അവളെ കെട്ടിക്കൊണ്ട് പോവുകയായിരുന്നു. സത്സ്വഭാവിയാണെന്നൊക്കെ പറയുന്നു. ആര്‍ക്കറിയാം. എനിക്കങ്ങിനെ തോന്നുന്നില്ല. മഹാപാപി.
സംഗതി ഞാന്‍ ഒരുമാസം വെയ്റ്റ് വരെ വെയ്റ്റ് ചെയ്തതായിരുന്നു, ചില സിനിമേലൊക്കെ കാണും പോലെ എന്തെങ്കിലും നിസാര കാര്യത്തിന് അവര്‍ ഡൈവോഴ്സാവുകയാണെങ്കില്‍, അവളെ കെട്ടാന്‍ വേണ്ടി. പക്ഷെ.. മാസവും കഴിഞ്ഞു വര്‍ഷവും കഴിഞ്ഞു. നാളിതുവരെ ഒരു പ്രശ്നവുമില്ലെന്നാ കേള്‍വി!! :(
ഇനിയിപ്പോള്‍ ആ വെള്ളം കലം അടുപ്പത്തു വക്കുന്നതില്‍ കഥയില്ല. കഴിഞ്ഞ മാസം അവള്‍ നമ്മുടെ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് പ്രസവിക്കുകയും കൂടെ ചെയ്തില്ലേ?.
ഡെലിവറിക്ക് ചേര്‍ത്തിയിരുന്നപ്പോള്‍ ആശുപത്രിയില്‍ വച്ച് എന്നെ കണ്ടപ്പോള്‍ അവള്‍ വയറ് തലയിണ കൊണ്ട് മറച്ചു പിടിച്ചു, നാണമായിട്ടായിരിക്കും.
അവളുടെ കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് വടക്കന്‍ വീരഗാഥയിലെ ഒരു ഡയലോഗ് ഓര്‍മ്മവന്നതായിരുന്നു. പറഞ്ഞില്ല!
ആകാശത്തെ നക്ഷത്രങ്ങളെപ്പോലെ എനിക്ക് ഒത്തിരി വണ്‍ വേ പ്രേമങ്ങള്‍. പക്ഷെ, അതില്‍ ചില വലിയ നക്ഷത്രങ്ങള്‍. ഒരുപക്ഷേ, ഇവളായിരിക്കണം കൂട്ടത്തിലെ ചന്ദ്രന്‍! സോ ഫാര്‍.
ഒരിക്കല്‍ എന്റെ മുഖക്കുരു പൊട്ടി ചോര വന്നപ്പോള്‍ തുടക്കാന്‍ അവളുടെ സ്വന്തം കര്‍ച്ചീഫ് തന്നത്, ഊണ് മേശക്കു മുന്‍പിലിരിക്കുമ്പോള്‍ ആരെയും പേടിക്കാതെ ഇമ വെട്ടാതെ എന്നെ നോക്കാറുള്ളത്... കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വിളിച്ച് ഒരുപാട് നേരം സംസാരിക്കാറുള്ളത്...അതൊക്കെ എനിക്കെന്നും ഇഷ്ടപ്പെട്ട ഓര്‍മ്മകളാണ്. നിന്റെ അച്ഛന്‍ ചിത്രത്തിലെ തന്തയെപ്പോലെ വന്നെന്നോട് ‘വിഷ്ണ്‍ഊ...പ്ലീസ് ഒന്നെന്റെ മോളെ കല്യാണം കഴിക്കാമോ? എന്ന് ചോദിച്ചപ്പോള്‍... സോറി അങ്കിള്‍..‘ എന്ന് പറഞ്ഞതായി സ്വപ്നം കണ്ടത് പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചത്..
അവളെക്കെന്നോട് പൊരിഞ്ഞ പ്രേമം തന്നെയായിരുന്നും, പറഞ്ഞില്ലെങ്കിലും! പക്ഷെ, ഞാന്‍ പറഞ്ഞില്ലേ??? ഇല്ലേ?? ആ... എനിക്കറിഞ്ഞൂടാ.. ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാവും.
ഇന്ന് ഡ്രഗ് ബസ്റ്റേഴ്സ് എന്നൊരു സിനിമ കണ്ടു. പീസ് കുറവായിരുന്നെങ്കിലും കൊള്ളാം.
എണീറ്റത്: 6:45
കിടന്നത്:9:45