Monday, September 1, 2008

മെയ് കുട്ടി 16, 1993

കാലത്ത് കുറേ പഴുത്ത ചക്ക തിന്നു. ആനന്ദപുരത്ത് ചക്കകള്‍ക്ക് വീട്ടിലേതിനേലും മധുരമാണ്. തേന്‍ വരിക്ക എന്നാല്‍ റിയല്‍ തേന്‍ വരിക്ക തന്നെ. അമ്മ ആനന്ദപുരത്തുനിന്ന് എക്സ്പോര്‍ട്ട് ചെയ്ത് വീടിന്റെ നാലെതക്കലും ചര്‍ക്കേപര്‍ക്ക പ്ലാവും മാവും കശുമാവും വച്ചിട്ടുണ്ട്. മാവും കശുമാവും കാച്ചിട്ടില്ല. പക്ഷെ, പ്ലാവ് 3 എണ്ണം കാച്ചു. പക്ഷെ, മധുരം പോരാ. ഒരു ജാതി ഞണുഞണുപ്പാണ്.

ഇതൊക്കെ നടാന്‍ കുഴി കുത്തികൊടുക്കുന്ന എന്നോട് അമ്മ പറയും.

‘ഡാ ഇതിന്റെ മാങ്ങേം ചക്കേം ഒക്കെ തിന്നുമ്പോള്‍ നിന്റെ ക്ടാങ്ങളോട് പറയണം ട്ടാ. എന്റെ അമ്മ നിങ്ങള്‍ക്ക് വേണ്ടി വച്ചതാണെന്ന്!’

‘എനിക്കൊഴിവില്ല. അമ്മ തന്നെ പറഞ്ഞാല്‍ മതി!’ എന്ന് ഞാനും പറയും.

ആനന്ദരത്തെ ചക്ക; കൂട്ടാന്‍ വക്കാനും ഉപ്പേരി വറക്കാനും പഴുത്താലും സൂപ്പറാണ്. പണ്ട് രക്ഷസിരുന്ന കിണറ് നികത്തി വച്ച പ്ലാവിലെ ചക്കകളാണ് ഏറ്റവും ടോപ്പ്. തറവാട് കുഞ്ഞമ്മാന് കിട്ടിയതുകൊണ്ട്, അവരോടാണ് എന്നും ഇഷ്ടം. വല്യമ്മാന്റെം ചെറിയമ്മാന്റെം വീട്ടില്‍ ഇന്നുവരെ നിന്നിട്ടില്ല. അതിന് ഇടക്ക് പരാതിയും പറയും. ആനന്ദരത്തെ ചേട്ടന്മാരേലും അവര്‍ കെട്ടിക്കൊണ്ടുവന്ന ചേച്ചിമാരോടായിരുന്നു കൂടുതല്‍ സ്നേഹം. എന്റെ മഹാഭാഗ്യമായി, അവരെക്കെല്ലാം എന്റെ അതേ പ്രായത്തില്‍ ആങ്ങളമാരുമുണ്ട്.

ഞാന്‍ ഒരു ലോഡ് കഥയുമായാണ് എന്നും ചെല്ലുക. എന്നിട്ട് കൊപ്രകുത്തുമ്പോഴും പയറ് പൊട്ടിക്കുമ്പോഴുമെല്ലാം അവരോട് കഥ പറയലാണ് മെയിന്‍ പരിപാടി. കോളേജ് ലൈന്‍ കഥകളാണ് അന്ന് ഏറ്റവും കൂടുതല്‍ ഓടുക. അമ്മ ചെല്ലുന്നതും അവര്‍ക്ക് ഭയങ്കര ഇഷ്ടാണെന്ന് പറയും. അമ്മയും കഥക്ക് മോശല്ലേ!!

ആനന്ദരത്തെ അമ്മാന് ആരേയും വിലവക്കാത്ത പ്രകൃതമാണ്. സൌമ്യമായി സംസാരിക്കാനേ അറിയില്ല. പക്ഷെ, അമ്മയെ ഭയങ്കര സ്നേഹമായിരുന്നു, ശരിക്കും റെസ്പെക്റ്റ് ചെയ്തിരുന്നു.
പണ്ട് അമ്മേടെ കല്യാണം കഴിയണേനും മുന്‍പ്, പാടത്ത് കൊയ്യാന്‍ പോയപ്പോള്‍ കണക്കന്മാരുടെ കല്യാണം കാണാന്‍ കൊയ്ത്ത് നിര്‍ത്തി പോയതിന് മെതിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മാന്‍ തൃശ്ശൂര്‍ത്തെ കുഞ്ഞമ്മേന്യും മൂത്രത്തിക്കരത്തെ വല്യമ്മേനേം ചീത്തപറഞ്ഞപ്പോള്‍

“കുറെ നേരായല്ലോ?? എന്തിറ്റ് തേങ്ങ്യാ ഇപ്പോ ഇവിടെ ഇണ്ടായേ?? കൊയ്ത് മുടങ്ങിയൊന്നുല്ല്യല്ലോ??” എന്ന് ചോദിച്ചേന്, അമ്മാന്‍ വന്ന് അമ്മയുടെ ചെകിടത്തടിച്ചെന്നു, ആ അടിയില്‍ അമ്മയുടെ കല്ല് കമ്മല്‍ തെറിച്ച് പോയെന്നും പറഞ്ഞിട്ടുണ്ട്.

അടികൊണ്ടിട്ടും അവിടെ നിന്ന് മെതിച്ച് നിന്ന അമ്മേനെ, വീണ്ടും അടിക്കാന്‍ ചെന്നപ്പോള്‍

“വേണ്ട്രാ മാധവാ... വേണ്ട്രാ...“ ന്ന് പറഞ്ഞ് അമ്മാമ്മയും അച്ചാച്ഛനും വല്ല്യമ്മയും കൂടി പിടിച്ചെന്നും.... അത് കേട്ട് അമ്മ;

“ആ രോമത്തിനെ അങ്ങ് വിട്....അവന്‍ എന്നെ കൊല്ലാണെങ്കില്‍ കൊല്ലട്ടേ...” എന്ന് പറഞ്ഞെന്നും; കൊയ്ത് കാരുടേം പണികാരുടേം മുന്‍പില്‍ വച്ച് അങ്ങിനെ ഇന്‍സള്‍ട്ട് ചെയ്തതിന് പോത്തിനെ അടിക്കുന്ന കോലുകൊണ്ട് അമ്മയെ കുറെ തല്ലിയെന്നും പറഞ്ഞിട്ടുണ്ട്, അമ്മ. അത് കേട്ട അന്ന് അമ്മാവനെ പന്നിപ്പടക്കം വച്ച് കൊല്ലണമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ, പന്നിപ്പടക്കം കിട്ടാത്തതുകൊണ്ട് നടന്നില്ല.

പക്ഷെ, കല്യാണം കഴിഞ്ഞ് പോയപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും അമ്മാന്‍ വന്ന് അമ്മയെ കണ്ടിരുന്നു. അത്രക്കും സ്നേഹമായിരുന്നു. അവരുടെ വീട്ടില്‍ എന്താവശ്യം ഉണ്ടെങ്കിലും ‘മുകാമി’ വരണം എന്നും, അവള്‍ക്കേ വകതിരുവുള്ളൂ എന്നും അമ്മാന്‍ പറയും. ഞാനും വലുതാവും വരെ അമ്മയുടെ പേര്‍ മുകാമി ന്നായിരുന്നു എന്നാണ് വിചാരിച്ചത്. പിന്നെയാണ്, മൂകാംബിക ആണെന്ന് മനസ്സിലായത്.

രാവിലെ തൈക്കാരുടെ പറമ്പിന്റെ അടുത്തുള്ള പറമ്പ് വാങ്ങിയത് കാണാന്‍ അമ്മാവന്റെ കൂടെ പോയി. അമ്മാവന്റെ പറമ്പ് ഭാഗം വച്ചപ്പോള്‍ ചില ചേട്ടന്മാര്‍ക്ക് ചിലര്‍ക്ക് കൂടുതല്‍ കൊടുത്തെന്ന “വയര്‍ വീര്‍ക്കല്‍“ ഉണ്ടായതായി പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ഈ വക ഐറ്റംസില്‍ ഒന്നും മിണ്ടാതിരിക്കലാ ബെറ്റര്‍.

വൈകീട്ട് വീട്ടില്‍ പോയി. മോഹന്‍ലാല്‍ ദുബായ് പ്രോഗ്രാം കാസറ്റ് കണ്ടു.

6 comments:

RR said...

ഇങ്ങനെ ദിവസം ഒരെണ്ണം വെച്ചു പോരട്ടെ :)

ദുര്‍ബലന്‍ said...

ഇതെഴുതി, ഒന്ന് വായിക്കാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല. മനസ്സ് പതിനഞ്ച് കൊല്ലം പിറകോട്ട് പോയപ്പോള്‍, തൊണ്ടക്ക് ഭയങ്കര കനം.

മുകാമി ചേടത്തിയേം മുണ്ടക്ക മാധവേട്ടനേം എടത്താടന്‍ രാമേട്ടനേം ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു.

അലിഫ് /alif said...

ദുർബൽ‌സ്..
വീണ്ടും കണ്ടുമുട്ടാനായതിൽ അതിയായി സന്തോഷിക്കുന്നു..എഴുത്ത് വല്ലാതെ മിസ്സ് ചെയ്തിരുന്നു..!

-അലിഫ്

വി.ആര്‍. ഹരിപ്രസാദ്‌. said...

അവരെയൊക്കെ മിസ്സ്‌ ചെയ്‌തുകൊണ്ടിരിക്കുക. അവരാണല്ലോ നിന്നെ ദുര്‍ബലനും വിശാലനുമാക്കിയത്‌, നിന്നെക്കൊണ്ട്‌ എഴുതിക്കുന്നത്‌.
മൂവര്‍ക്കും പ്രണാമം.

വി.ആര്‍. ഹരിപ്രസാദ്‌. said...

:)

അഭയാര്‍ത്ഥി said...

തല്ലുകാരായ കാരണവന്മാര്‍ക്ക്‌ ഗുണപാഠമേകുന്നിക്കഥ.

തേന്‍ വരിക്കയിലെ ചുളകള്‍ പോലെ വാക്കുകള്‍.

സ്വീറ്റ്‌ എംകിലും നോസ്താള്‍ജിക്ക്‌ വയറ്റുനോവുണ്ടാക്കും ഏറെക്കഴിച്ചാല്‍.

(അച്ചനും ഞാനുമൊത്ത്‌ നട്ടിട്ടുള്ള പ്ലാവുകളിലും കശുമാവുകളിലും പ്രീയോര്‍ മാവിലും നിറയെ
പൂവുകളും ഉണ്ണികളും വിരിയിക്കുന്നു ഈ ഡയറിക്കുറിപ്പുകള്‍)