Wednesday, September 3, 2008

മിസ്. മെയ് 19, 1993

കാലത്ത് നാലരക്കെണീറ്റു. ഭയങ്കര മഴയായിരുന്നു!

ഒന്ന് ഒന്നിന് പോയി വീണ്ടും കിടക്കാം എന്ന ന്യായമായ ആഗ്രഹത്തോടെയാണ് എണീറ്റത്. പക്ഷെ, മഴയത്ത് എങ്ങിനെ പുറത്തിറങ്ങും? സണ്‍ഷേഡിനോട് ചേര്‍ന്ന് നിന്നാല്‍ ബോഡിയുടെ ഒരു സൈഡേ കാറ്റടിയില്‍ നനയൂ. പക്ഷെ, ടി കാര്യത്തിന് നില്‍ക്കുമ്പോള്‍ കാലിലേക്ക് ചാറ്റടിയില്‍ മണ്ണും വെള്ളവും തെറിക്കുന്നത് കൊതുകടിക്കുമ്പോലെ ഒരു മഹാ ഇറിറ്റേറ്റിങ്ങ് ഫീലിങ്ങാണ്. അതുമല്ല, കാലില്‍ ചെളിയായാല്‍ പിന്നെ കിടക്കയിലും തറയിലും മൊത്തം അഴുക്കാവും.

സംഭവം ഒരു രണ്ട് മണിക്കൂറ് കണ്ട്രോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊന്നാലോചിച്ചു. ഇല്ല, മഴക്കാലത്തെ മുല്ലപ്പെരിയാറ് പോലെയായിരിക്കുകയാണ്. അങ്ങിനെ വൈഡ് ഗ്രേറ്റര്‍ ദാന്‍ സൈന്‍ പോലെ ആ പൊസിഷനില്‍ സിറ്റൌട്ടില്‍ നിന്ന്, വീണ്ടും!

കാണുന്നവര്‍ക്കെന്തറിയാം? സംഗതി റിസ്കാ. കാല്‍ക്കുലേഷനില്‍ ചെറിയ ഒരു പാളിച്ച വന്നാല്‍ സിറ്റൌട്ടും തിണ്ണയും കൊളമാണ്. കൊളം. കണ്ണും മനസ്സും ഏകാഗ്രമായിരിക്കേണ്ട മറ്റൊരു പ്രകൃയ. വീട്ടുകാര്‍ എണീക്കും മുന്‍പേ കാലത്ത് സിറ്റൌട്ട് വെള്ളമൊഴിച്ച് കഴുകുക എന്നൊക്കെ വച്ചാല്‍ തറവാട്ടുകാര്, ഫസ്റ്റ് ക്ലാസ് ചോന്മാക്ക് പറഞ്ഞിട്ടുള്ള പണിയാണോ??

മഴയും ഇരുട്ടും പണ്ടത്തേ പോലെ പേടിപ്പിക്കുന്നില്ല ഇപ്പോള്‍. ആരും കാണാതെ, ആരേയും കാണാതെ, ആരോടും മിണ്ടാതെ ഇരിക്കാനൊക്കെ ഇഷ്ടമായി തുടങ്ങി. എന്റെ കുഞ്ഞിമുറിയിലെ കിടക്കയില്‍ കാലുകള്‍ ജനല്‍ കമ്പിയിലേക്ക് കയറ്റി വച്ച് കിടക്കുന്ന കിടപ്പാണ് ഏറ്റവും സുഖകരമായ കിടപ്പ്. കാലുകള്‍ ഉയര്‍ന്നിരുന്നാല്‍ തലച്ചോറിലേക്കുള്ള

രക്തപ്രവാഹം കൂടി പെട്ടെന്ന് ഉറക്കം വരുമെന്ന് വായിച്ചതില്‍ പിന്നെ എന്നും ഈ കിടപ്പാണ്.

എട്ടുമണിയായി എണീറ്റപ്പോള്‍. ഇന്നും അമ്മ ഗോതമ്പടയുണ്ടാക്കി. എനിക്കതിഷ്ടമല്ല, പക്ഷെ അച്ഛന് ഗോതമ്പടയില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് .

കാലത്ത് നൂലപ്പോം മൊട്ടക്കറിയുമാണ് ഇഷടം. അല്ലെങ്കില്‍ പുട്ടും കടലയും. ഇഡ്ഡലിയും ദോശയും എന്നും എന്റെ വീക്ക്നെസുമാണ്. പണി എളുപ്പം നോക്കിയാവും, എന്നും പുട്ടാണ്, അല്ലെങ്കില്‍ ഗോതമ്പട.

മഴ കാരണം, പന്ത്രണ്ടരക്കാണിന്ന് ഡ്രൈവിങ്ങിന് പോയത്. സൈക്കിള്‍ പുറത്ത് വച്ചോണ്ട് ഡൈനാമോയില്‍ വെള്ളം കയറി. സീറ്റ് നനഞ്ഞോണ്ട്, പ്ലാസ്റ്റിക് കവര്‍ ഇട്ട് ഒരു കൈ കൊണ്ട് കൊട പിടിച്ച് ചവിട്ടി പോയി.

വാച്ചിന്റെ ബാറ്ററി മാറ്റാന്‍ പോയപ്പോള്‍ അവിടെ വച്ച്, സരികയേം ശ്രീദേവിയേം കണ്ടു. വിക്ടോറിയയിലെ ജൂനിയറ് ആര്‍ട്ടിസ്റ്റുകളാണ്. ഞാന്‍ പെങ്ങന്മാരെ പോലെ കരുതുന്ന ടീമാണ്. ആക്വചലി വിക്റ്റോറിയയില്‍ എനിക്ക് മൊത്തം നാല് പേരെയേ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുള്ളൂ. ഉള്ളതില്‍ ഏറ്റവും ടോപ്പിനോട്, “കുറച്ചും കൂടി തടി വച്ചില്ലെങ്കില്‍, എന്റെ വീട്ടുകാര്‍ സമ്മതിക്കില്ലാന്ന്“ പറഞ്ഞിരുന്നു. അതിനവള്‍, “ചോന്മാര്‍ക്ക് എന്നെ കൊടുക്കില്ല, ഒറിജിനല്‍ നായന്മാര്‍ക്ക് മാത്രമേ കൊടുക്കൂ“ എന്നാണ് പറഞ്ഞതെന്നാ അന്ന് സുമതി പറഞ്ഞത്.

ബാക്കിയുള്ളതില്‍ ഒന്ന് പെന്തക്കോസ്ത, പിന്നെ, ഒരു ക്രിസ്ത്യാനി, ഒരെണ്ണം ചോത്തി ക്ടാവാ. പെന്തക്കോസ്ത ആയത് നമുക്കൊരു ഇഷ്യു അല്ല, ബട്ട്, അവള്‍ക്ക് എന്നേലും ഒരു വയസ്സ് മൂപ്പ് കൂടുതലാണ്. അക്രമായി പോയി! പനമ്പിള്ളി കോളേജില്‍ ഹാള്‍ട്ടിക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍, മഴയത്ത് കുടയില്‍ ഞാനും വന്നോട്ടേ എന്ന വെറും ചൊദ്യത്തിന് എല്ലാവരുടേം മുന്‍പില്‍ വച്ച് ‘എന്നാ വാ’ എന്ന് വിളിച്ചതും, ഞങ്ങളങ്ങിനെ ഒരു കുടക്കീഴില്‍ പോയത് എങ്ങിനെ ഞാന്‍ മറക്കും?? അതിന്റെ ഉപകാരസ്മരണക്കായിരുന്നു, എലൈറ്റില്‍ കിടന്നിരുന്ന അവളുടെ ആങ്ങളയെ കാണാന്‍ ഞാന്‍ പോയത്. അവിടന്ന് ഒരുമിച്ച് തിരിച്ച് പോന്നത് എങ്ങിനെ മറക്കും?

കൃസ്ത്യാനി ക്ടാവിന്റെ കുടുമ്മത്ത് അഞ്ചിന്റെ പൈസക്ക് കൂറാടില്ല. കാര്‍ന്നോര്‍ യൂ. ടി. ആയി കള്ളും കുടിച്ച് നടക്കുകയാണ്. ഒരു ഗതിയും പരഗതിയും ഇല്ല. പക്ഷെ, ക്ടാവ് തെളി ക്ടാവാണ്. പിന്നെ, ചോത്തിക്ടാവ് ഭയങ്കര കാശുള്ള വീട്ടിലെയാ... പോലീസോ മറ്റോ ആണ് കാര്‍ന്നോര്. നമ്മള്‍ അഭ്യര്‍ത്ഥനയും കൊണ്ട് ചെന്നാല്‍ അവരുടെ വീട്ടുകാര്‍ പുളിവിറകും കൊണ്ട് ജീപ്പില്‍ വന്നിറങ്ങും! പിന്നെ, അത്രേം റിസ്ക് എടുക്കാനുള്ള എടുപ്പൊന്നും അവള്‍ക്കില്ലേനും. തിരുവാതിര കളിയുടെ അന്ന് കണ്ടല്ലോ സാരിയുടുത്തുള്ള ലുക്ക്!

ഇന്ന് ഒരു പിക്കാസ് വാങ്ങി. 75 രൂപ തായക്കും 20 രൂപ പിടിക്കുമായി.

വൈകീട്ട് ജിമ്മിന് പോയി. ജിനുവും വന്നിരുന്നു. ഗിരിജേല് ഉഗ്രനൊരു പടം വന്നിട്ടുണ്ടെന്ന് പറഞ്ഞു.

എണീറ്റത്: 8
കിടന്ന്: 8:40

19 comments:

അരവിന്ദ് :: aravind said...

" പണി എളുപ്പം നോക്കിയാവും, എന്നും പുട്ടാണ്, അല്ലെങ്കില്‍ ഗോതമ്പട."
ഹഹഹ
ഇവിടെയും അതു തന്നെ സ്ഥിതി. ശനി ഞായര്‍ എന്നും പുട്ട്. അല്ലെങ്കില്‍ ഗോതമ്പപ്പം (തടിയന്‍ എന്ന് തെക്കന്മാര്‍ പറയുന്ന കൈകൊണ്ട് ഗോതമ്പ് പരത്തി ചുട്ടെടക്ക്‌ണ..മൊളഗ് ചമ്മന്തി കൂട്ടി ശൂ ശൂ എന്ന് വെച്ച് തിന്നണ..അദ്)
മടുത്തോ ച്യേട്ടാ എന്നാല്‍ ഉപ്പ്‌മാവ് ഉണ്ടാക്കട്ടേ എന്ന് ശ്രീമതി. (അതിന്റൊരു കൊറവൂട്യേള്ളൂ-)വേണ്ടേയ് പുട്ട് മതി എന്ന് ഞാന്‍ പറയും.

അഭയാര്‍ത്ഥി said...

ഫയങ്കര വിശാലമന്‍സ്സുള്ള ആള്‌ന്നെ

ശരിക്കുമൊരു വിശാല മനസ്കനായ്‌ ഒരാള്‍

Jishad said...

വൈഡ് ഗ്രേറ്റര്‍ ദാന്‍ സൈന്‍ എന്ന് പറഞ്ഞ്ചാല്‍ എന്തുവാ?

സാജന്‍| SAJAN said...

ആഹാ, ദുര്‍ബലന്‍ തിരിച്ചുവന്നോ?എന്ത്യേ ഇപ്പൊ മതവും മാറിയോ? തുടക്കത്തില്‍ ക്രിസ്താനിയായിരുന്നല്ലോ:)

അഭയാര്‍ത്ഥി, ഡൊണ്ടൂ ഡോണ്ടൂ:)
അരവിന്ദന്റെ മുഴുകമന്റ് ചിരിപ്പിച്ചു.

രമേഷ് said...

പനമ്പിള്ളി കോളേജില്‍ ഹാള്‍ട്ടിക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍, മഴയത്ത് കുടയില്‍ ഞാനും വന്നോട്ടേ എന്ന വെറും ചൊദ്യത്തിന് ..
ഹ്മ്മ്...ഹ്മ്ം വെറുംചോദ്യം...
വിശ്വസിച്ചു..വിശ്വസിച്ചൂ‍ന്ന്..
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:പുട്ടിനെന്താ ഒരു കുഴപ്പം !!! ഹലോ പുട്ട് ഫാന്‍സ് അസോ അല്ലേ ദേണ്ടേ ഇവിടെ.......

ഗുപ്തന്‍ said...

ഹഹഹ വീണ്ടും തുടങ്ങിയോ.. നിറുത്തിക്കളയല്ലേ മാഷേ..

കു.ചാ ചോയിച്ച ചോദ്യം തെറ്റായിപ്പോയി. അരിപ്പുട്ടിനെ ആക്ഷേപിക്കാന്‍ ഗോസായികള്‍ കണ്ടുപിടിച്ച കൊളോണിയല്‍ ഇറക്കുമതിയാണ് ഗോ.പുട്ട്. അരിപ്പുട്ടിന്റ്നെ ആരാധകര്‍ കെണിയില്‍ വീഴാതിരിക്കുക!

നരിക്കുന്നൻ said...

''മഴയും ഇരുട്ടും പണ്ടത്തേ പോലെ പേടിപ്പിക്കുന്നില്ല ഇപ്പോള്‍. ആരും കാണാതെ, ആരേയും കാണാതെ, ആരോടും മിണ്ടാതെ ഇരിക്കാനൊക്കെ ഇഷ്ടമായി തുടങ്ങി. എന്റെ കുഞ്ഞിമുറിയിലെ കിടക്കയില്‍ കാലുകള്‍ ജനല്‍ കമ്പിയിലേക്ക് കയറ്റി വച്ച് കിടക്കുന്ന കിടപ്പാണ് ഏറ്റവും സുഖകരമായ കിടപ്പ്.''

കൊതിപ്പിച്ചു. വളരെ നല്ല അവതരണം.

കാന്താരിക്കുട്ടി said...

ഇവിടെത്താന്‍ വൈകി പോയി..നല്ല അവതരണം കേട്ടോ..ചിരിപ്പിച്ചു !

krish | കൃഷ് said...

“സംഗതി റിസ്കാ...”
അല്ലേലും ഈ റിസ്കുള്ള സംഗതിയല്ലേ നമ്മള്‍ ഏറ്റെടുക്കൂ..

കലക്കീട്ട്ണ്ട് ദുര്‍ബൂ..
ഒരു വായനോക്കി പട്ടം പണ്ടേ തരേണ്ടതാരുന്നൂ..

പോങ്ങുമ്മൂടന്‍ said...

:)

N.J ജോജൂ said...

വിശാലേട്ടനില്ലാത്ത ബൂലോകം.......

കണ്ടതില്‍ സന്തോഷം.
ഇനിയും കാണണം.

Vempally|വെമ്പള്ളി said...

തലയിലേക്ക് രക്ത പ്രവാഹം കൂട്ടി പെട്ടന്ന് ഉറക്കം വരാനുള്ള സൂത്രം പറഞ്ഞു തന്നതിന് നന്ദി അറിയിക്കട്ടെ. കട്ടിലേക്കിടക്കും റ്റിവി ഓണാക്കും വീണ്ടും കിടക്കും അതിനിടക്ക് “മനുഷ്യരെ ഒറങ്ങാനും സമ്മതിക്കേലെ” എന്ന് ഡയലൊഗ് പിന്നെ ബ്ലൊഗെഴുതാം എന്നു കരുതി കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കണം ഒന്നുറങ്ങാന്‍.

അരവിന്ദാ ഇതെങ്ങനെ ട്രെയിന്‍ ചെയ്യിച്ചെടുത്തു “ചേട്ടാ“ എന്നു വിളിക്കാന്‍? ഇവിടെ “നീ ചേട്ടാന്നു വിളി“, “ചേട്ടാന്നു വിളി പ്ലീസ്“ എന്നെല്ലാം പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടായില്ല അവസാ‍നം സ്നേഹം തോന്നുമ്പൊഴുള്ള “അണ്ണാ“ എന്നുള്ള വിളി കേള്‍ക്കുമ്പൊ എനിക്കൊരു തമിഴന്റെ കോരിത്തരിപ്പാണ്.

പിന്നെ ദുര്‍ബ്ബൂ മഴേത്തു മിറ്റത്തു മുള്ളിയാലും കുഴപ്പമില്ല - അതൊരു ഫാക്റ്റാണ്

അനൂപ് തിരുവല്ല said...

:)

Vempally|വെമ്പള്ളി said...

പിന്നെ ഡ്രൈവിങ്ങിന്റെ കാര്യം ഞാന്‍ ഡ്രൈവിങ്ങ് പഠിച്ചത് കോലാപ്പൂരില്‍ വച്ചാണ് അന്ന് എം ആര്‍ എഫില്‍ സെയിത്സ് ഓഫീസില്‍ പണി ഒരുദിവസം ഞാനും ഡ്രൈവിങ്ങ് പഠനം തുടങ്ങി ഒരു മറാഠിയാണ് പഠിപ്പിക്കുന്നത് രാവിലെ മാരുതി 800 ആയിട്ടു പോകും അയാള്‍ക്കു മറാഠിയേ അറിയൂ എനിക്ക് ഒന്നും തിരിയുന്നില്ല. രണ്ടു ദിവസം ഓടിച്ചിട്ട് ഞാന്‍ പറഞ്ഞു “ടെസ്റ്റ് കൊടുക്കാം” അയാളു പറഞ്ഞു അതിനു നീ പഠിച്ചില്ലല്ലൊ? ഞാന്‍ പറഞ്ഞു ഒക്കെ ടെസ്റ്റില്‍ ശരിയായിക്കൊള്ളും. ഫീസു മുഴുവനും കിട്ടിയപ്പൊ അയാ‍ളു സമ്മതിച്ചു. ടെസ്റ്റിന്റെ ദിവസം ഇന്‍സ്പെക്റ്റര്‍, പഠിപ്പിച്ച സാര്‍ എല്ലാവരും ഇരുന്നു വണ്ടി ഫസ്റ്റില്‍,സെക്കന്റില്‍ പിന്നെ ഗിയറു മാറിയില്ല നൂറു മീറ്ററായപ്പൊ ഇന്‍സ്പെക്റ്റര്‍ പറഞ്ഞു നിറുത്തിക്കൊ ഞാന്‍ വിചാരിച്ചു -ഹോ ഇത്ര പെട്ടന്ന് ഇയാളു ലൈസന്‍സു തരാന്‍ തീരുമാനിച്ചോ? ഇറങ്ങിയിട്ടു പറഞ്ഞു “താന്‍ ഡ്രൈവിങ്ങു പഠിച്ചിട്ടു വാ” എന്നിട്ടു അങ്ങേരു നേരെ അങ്ങേരുടെ ഓഫീസിലേക്കു നടന്നു. വണ്ടി മാസ്റ്ററെ ഏല്‍പ്പിച്ച് ഞാനും പുറകെ ചെന്നു വാതിലില്‍ മുട്ടി അകത്തു ചെന്നു
“എന്താടോ”
“അല്ല സാര്‍ എന്തായിരുന്നു പ്രോബ്ലം?”
“തനിക്ക് ഗിയറുമാറാന്‍ പോലും അറിയില്ല ഒരുമാസം കൂടി ഓടിച്ചു പഠിച്ചിട്ടു വാ”
ഞാന്‍ അവിടെത്തന്നെ നിന്നു കുറെ ഫയലൊക്കെ നോക്കിയിട്ട് അയളു ചോദിച്ചു
“താന്‍ എന്തു ചെയ്യുന്നു”
“സര്‍ ഞാനിവിടെ എം ആര്‍ എഫിന്റെ സെയിത്സില്‍ ജോലി ചെയ്യുന്നു”
“ഓഹൊ ആണൊ എന്റെ കാറിന്റെ രണ്ടു ടയറു തേഞ്ഞു തീരാറായി“
“ഓ അതിനെന്താ സാറെ സാറു നാളെ ഓഫീസില്‍ വാ ഹോള്‍സെയില്‍ പ്രൈസില്‍ തരാമല്ലൊ”
“ലൈസന്‍സു ഞാനൊപ്പിടാം അപ്പുറത്ത് കൊണ്ടുപോയി ശരിയാക്കി വാങ്ങിച്ചോളൂ”

അങ്ങിനെ എനിക്കു ലൈസന്‍സു കിട്ടി!

Sarija N S said...

ഗോതമ്പടയെ എന്തു വേണേലും പറഞ്ഞോ പക്ഷെ പുട്ടിനെ പറയരുത്. :)

ഇഷ്ടപ്പെട്ടു.

ടെസി said...

ദുര്‍ബലമനസ്കാ കലക്കുന്നുണ്ട്ട്ടോ...

പിന്നെ പുട്ടിനെ പറ്റി ഇത്രയും പറഞ്ഞ സ്ഥിതിക്കു : എന്റെ കെട്ടിയോന്‍ പൂട്ടോഫോബിയ കാരണം എനിക്കിതു ഒരു പുട്ടു കുറ്റി വാങ്ങി തന്നിട്ടില്ല... കല്യാണത്തിനു മുന്‍പു കരഞ്ഞും കാലു പിടിച്ചുമാണോടുവില്‍ ഒരു മലയാളി ഹോട്ടലില്‍ കൊണ്ടുപോയി അതു മേടിച്ചുതന്നതു...

അരവിന്ദേ: ഞാന്‍ ഒരു ദിവസം ഉപ്പുമാവുണ്ടാക്കി നോക്കി ഇവിടെ... നെയ്യ് ഒക്കെ ഒഴിച്ചു നല്ല ഉപുമാവു... അതു കാണുന്ന വരെ ഭയങ്കരമായി വിശന്നിരുന്ന ആള്‍ അരിഷ്ടം കഴിക്കുന്നതു പോലാ മൂന്നു സ്പൂണ്‍ ഉപ്പുമാവ് കഴിച്ചതു... വാശിക്കു ഞാന്‍ അന്നു രവിലെയും ഉച്ചക്കും വൈന്നേരവും അതു തന്നെ കഴിച്ചു... :)

ഓ.ടോ : ഈ ഓണത്തിനു ആരേലും ഒരു പുട്ടുകുറ്റി തന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ട്... എനിക്കത്ര ഇഷ്ടാ ആ സാധനം :(

aham said...

ഒകെ... ഒകെ...

ബട്ട്‌ ഇതൊക്കെ ഓര്‍ത്തിരിക്കാന്‍ എങ്ങിനെ പറ്റുന്നു? വേളിയ മെനകേടല്ലേ സാറെ?

ഏറനാടന്‍ said...

ഓണാശംസകള്‍...