Sunday, January 24, 2010

1993 മെയ് ഇരുപത്തൊന്നേ..

കാലത്തേ ടൈപ്പിന് പോയി.

വൃന്ദാവന്റെടുത്ത് വീടുള്ള മാധുരി ദീക്ഷിത്തിനെ കണ്ടു. ഇടംകണ്ണിട്ട് നോക്കിയപ്പോള്‍ അവളുടെ മുഖത്ത് ഒരു മന്ദഹാസം ദര്‍ശിച്ചു. ഇനി അവളെ നോക്കി എന്റെ പട്ടി ചിരിക്കും!

ടൈപ്പിന് വരുന്ന ഏതോ ഒരു പേട്ട ചെക്കൻ പാസായതിന്; വേണുമാഷ്, ‘നിന്റെ സൈഡിലിരിക്കുന്ന എല്ലാവര്‍ക്കും കൊടുക്കൂ‘ എന്ന് പറഞ്ഞ് തന്ന 6 ലഡു, വിതരണം നടത്തിയപ്പോള്‍ അവള്‍ക്കും ഒരെണ്ണം കൊടുത്തതിന്റെ പേരില്‍ ‘ഞാന്‍ ലഡു കൊടുത്ത് ലൈനാക്കാന്‍ ട്രൈ ചെയ്തൂന്ന്‘ പറഞ്ഞുണ്ടാക്കിയ പിശാശാണവൾ.

ഏണി എടുക്കാന്‍ പൈലേട്ടന്റെ വീട്ടില്‍ പോയപ്പോള്‍, അവള്‍ടെ കൂടെ പോളിയില്‍ പഠിക്കുന്ന പൈലേട്ടന്റെ താഴെയുള്ള മോള്‍ എല്ലാവരുടേം മുന്നില്‍ വച്ച്,

“കല്യാണം കഴിയാത്ത നായന്മാര്‍ പെമ്പിള്ളാരുള്ളതുകൊണ്ട് പ്രിയാ ബേക്കറിയില്‍ ലഡുവിന് ഭയങ്കര ചിലവാണ്” എന്ന് പറഞ്ഞത കേട്ട് എല്ലാവരും കൂടി ‘ക ക ക’ ന്ന് പറഞ്ഞ് ചിരിച്ച നേരത്ത്, ഛായ്! എല്ലാവരുടേം മുന്നില്‍ ഞാന്‍ വെറുമൊരു സ്ത്രീലമ്പടനായിപ്പോയില്ലേ?

അവള്‍ അങ്ങിനെ ഒരു ഗോസിപ്പ് ഇറക്കിയ നിലക്ക്, ലക്ഷണവശാൽ നോം ഒന്ന് മനസ്സുവച്ചാൽ മാധൂരി ദീക്ഷിത്ത് ചാഞ്ഞ് ചാഞ്ഞ് വരും!


ബാര്‍ബര്‍ ആറുമുഖന്‍ എന്നെ പറ്റി അമ്മയോട് കമ്പ്ലയിന്റെ ചെയ്യാന്‍ വന്നിരുന്നു. ഞാന്‍ ടൌസറ് ഇട്ട് നടക്കണ കാലത്ത് തൊട്ടേ എന്നെ കണ്ടിട്ടുണ്ടെന്നും, അവന്‍ എന്നോട് അങ്ങിനെ പെരുമാറുംന്ന് വിചാരിച്ചില്ല എന്നുമൊക്കെ പറഞ്ഞ് ഭയങ്കര സെന്റിമെന്റ്സ്.

മനസ്സിന് ഒരു സുഖമില്ല. അതുകൊണ്ട് ഇന്ന് വൈകീട്ട് 6 മണിക്കും രാത്രി 9 മണിക്കും ചോറുണ്ടു.

5 comments:

N.J ജോജൂ said...

വിശാലേട്ടാ,

ഇനി ഒരു കൊടകരപുരാണം കൂടി പോരട്ടെ...
ഇന്ന് പഴയ രണ്ടു പുരാണം ഒരിക്കല്‍ കൂടി വായിച്ചു. ഉണ്ടോണ്ടിരുന്നാപ്പോള്‍ ഞാന്‍ ചിരിയ്ക്കുന്നതു കണ്ട് കാര്യമന്യ്വേഷിച്ച തമിഴനൊട് ഒരു ബ്ലോഗ്ഗു വായിച്ചിട്ടാണെന്നു പറഞ്ഞു.

വശംവദൻ said...

ബാര്‍ബര്‍ ആറുമുഖന്‍ ഒന്നുകിൽ ആളൊരു ഭാവനാസമ്പന്നനാണ്. അല്ലെങ്കിൽ ഒരാളെപ്പോലെ ഭൂമിയിൽ ഏഴൊ ഒമ്പതോ പേരോ ഒക്കെ കാണുമെന്നല്ലേ? അങ്ങനെയുള്ള ഒരു പ്രതിഭാസമായിരിക്കും അന്ന് ‘ഓട്ടോറിക്ഷയില്‍ കയറി പാലസ് റോഡിലൂടെ‘ പാഞ്ഞത്.

ഒരുപാട് ചിരിപ്പിച്ചു.

ആശംസകൾ.

ലൈബ്രറിക്കായി പ്രതീക്ഷിച്ച് കൊണ്ട്....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:എന്നാലും അന്ന് ഓട്ടോറിക്ഷയില്‍ കയറി പാലസ് റോഡിലൂടെ പോയതാരായിരിക്കും??

R. said...

ഹൈശ് !!
:=D

sreekumarptb said...

വിശാലേട്ടാ ,മനസിന്‌ ടെന്‍ഷന്‍ വരുമ്പോള്‍ അടിക്കടി ചോറുന്നുന്ന ശീലം എനിക്കുമുണ്ട് ,അങ്ങിനെ പറ്റിയ ഒരു കൂട്ട് കിട്ടി ,