ഇന്ന് കാലത്ത് ഡ്രൈവിങ്ങിന് പോയി. വാസുപുരം വരെ ഓടിച്ചു. അവിടെ ഇറങ്ങി, അവിടെനിന്നിങ്ങോട്ട് ബസില്‍ പോന്നു. വീട്ടില്‍ വക്കോലിട്ട് വക്കണ ചാച്ചെറക്ക് ഓലമേയാന്‍ കുട്ടപ്പേട്ടനോട് വരാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു..
വരും വഴി വിസ്ഡത്തില്‍ കൂടെ ട്യൂഷന് വന്നാര്‍ന്ന മറ്റത്തൂരുള്ള റൂബിയെ കണ്ടു. കട്ടപ്പല്ലുണ്ടെങ്കിലും എന്താ കളറ്!
ആറേഴുമാസം മുന്‍പ് അതിലേ പോയപ്പോള്‍ അവളുടെ വീട്ടില്‍ പന്തല്‍ കണ്ടാണ് അവള്‍ടെ കല്യാണമാണെന്ന് മനസ്സിലായത്. ഗര്‍ഭിണിയായിട്ടുണ്ടാകണം. പക്ഷെ, വയറൊന്നും വലുതായിട്ടില്ല!
എന്നെക്കണ്ടിട്ട് ചിരിച്ചൊന്നുല്ല്യ. ചിലപ്പോള്‍ അവള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല. അല്ലെങ്കിലും കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് ക്ടാങ്ങളാവും വരെ കൂടെ പഠിച്ച ആണ്‍ പിള്ളാരെ കണ്ടാല്‍ പൊതുവേ പെമ്പിള്ളാര്‍ ചിരിക്കില്ല. ചിലപ്പോള്‍ കെട്ടിയോന്മാര്‍ക്ക് ‘ഇവള്‍ ഇവന്റെ ലൈനായിരിക്കുമോ?’ എന്ന ധാരണ കൊടുക്കേണ്ട എന്ന് വച്ചാവും. പറയാന്‍ പറ്റില്ല, വെറുതെ എന്തിനാ ചൊറ എന്ന് വച്ചാവും.
കപ്പേളയുടെ മുന്‍പി വച്ച് പെട്ടി ഓട്ടോയില്‍ ഒട്ടുമാവും റോസും വില്‍ക്കാന്‍ നടക്കുന്നവരെ കണ്ടു. ഇച്ചിരിക്കോളം പോലത്തെ മാവിന്മേല്‍ മാങ്ങയുണ്ടായി കിടക്കനത് കാണാന്‍ തന്നെ ഒരു ഭംഗി തന്നെയാണ്. വാങ്ങണം.
കുട്ടപ്പേട്ടന് ഓലമേഞ്ഞെന് 35 രൂപയേ കൊടുത്തുള്ളു. രണ്ടുമണിയായപ്പൊഴേക്കും തീര്‍ന്നല്ലോ. സാമ്പാറും കല്ലാരള്‍ വറുത്തതുമായിരുന്നു സെറ്റപ്പ്. ഇന്നലത്തെ മീങ്കൂട്ടാന്റെ ചാറുമുണ്ടായിരുന്നു.
കുട്ടപ്പേട്ടന്‍ ഒരു ജീനിയസ്സാണ്. മീന്‍ പിടിക്കാന്‍ ആളെക്കഴിഞ്ഞേ കൊടകര മറ്റൊരുമുള്ളൂ. എന്നെ വള്ളിക്കൂടുണ്ടാക്കാന്‍ പഠിപ്പിച്ചത് ആളാണ്. പാടത്ത് ഏറ്റുമീന്‍ കയറുമ്പോള്‍ വള്ളിക്കൂട് വച്ച് ദിവസം അഞ്ചുകിലോ മീനെങ്കിലും കുട്ടപ്പേട്ടന്‍ പിടിക്കും. ഭയങ്കര നേയ്ക്കാ. യൂണിയനിലെ പണി ശിവന് കൊടുത്തേപ്പിന്നെ കുട്ടപ്പേട്ടന്‍ ഇതുപോലെയുള്ള തക്കിടതരിക പണികളുമായാണ് നീങ്ങുന്നത്.
കുട്ടപ്പേട്ടന്‍ കള്ളുകുടിക്കാത്തപ്പോള്‍ ഇത്രേം ഡീസന്റ് വേറെ ഇല്ല. പക്ഷെ, കള്ളുകുടിച്ചാ ഒരു രക്ഷയുമില്ല. ചിലപ്പോള്‍ ആ വള്ളിയമ്മേനെ പറയാത്ത തെറി ഒന്നുല്യ. എന്നാലും വള്ളീമ്മെനെ സമ്മതിച്ചു. ഭയങ്കര തെറി വിളിച്ച് തല്ലാനോടീച്ച് പോയ ടീം പിറ്റേന്ന് പോണ പോക്ക് കണ്ടാല്‍ അങ്ങിനെയൊരു സംഭവം നടന്ന ഭാവമുണ്ടാവില്ല. ഭയങ്കര സ്നേഹം തന്നെ. സമ്മതിച്ചു.
ഇന്നൊരു ജാക്കിച്ചാന്റെ കാസറ്റ് എടുത്ത് കണ്ടു. എന്തിറ്റാ പെരുക്ക്.
എണീറ്റത്: 6 മണിക്ക്
കിടന്നത്: 10 മണിക്ക്
ചിലവ്: 7:50
Monday, January 21, 2008
Subscribe to:
Posts (Atom)