Sunday, August 31, 2008

മെയ് മോള്‍ 15, 1993

ഡ്രൈവിങ്ങിന് പോയി. അവിടത്തെ മഞ്ഞ ചുരിദാറിന് നമ്മളോടെ ചെറിയ അനുഭാവം കാണുന്നുണ്ട്. വെറുതെ, ഗോപി പൊട്ട് ചേരില്ലാന്ന് പറഞ്ഞതിന് ശേഷം അവളാരിത്തി വട്ടപ്പൊട്ടേ കുത്തുന്നുള്ളൂ. ഉം ഉം ഉം. ചിലപ്പോള്‍ ആങ്ങള സ്നേഹവുമാവാംട്ടാ. ഒന്നും പറയാന്‍ പറ്റില്ല.

വൈകീട്ട് ആനന്ദപുരത്തേക്ക് പോയി. ഇന്ന് പറപ്പൂക്കര പള്ളീലെ പെരുന്നാളായിരുന്നു. വൈകീട്ട് ഞാനും സുഗതന്‍ ചേട്ടനും മുരളിയും കൂടെ ബുള്ളറ്റില്‍ തൃബിള്‍ വച്ച് പോയി. മാപ്രാണം ബണ്ട് വഴി.

പാതിരാത്രി പീസ് പടം കണ്ടോണ്ടിരിക്കുമ്പോള്‍ അമ്മാവന്‍ ഹോളിലേക്ക് വന്ന് ചാടിയതിന് ശേഷം, ആനന്ദപുരത്തേക്ക് പോക്ക് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. അതിന് ശേഷം ഇന്നാ പോണേ. അന്ന് സംഗതി, മൊത്തം നാണക്കേടായിപ്പോയി.

അമ്മാവന്റെ, കല്യാണം കഴിഞ്ഞ് ക്ടാങ്ങളുള്ള രണ്ട് ആണ്മക്കള്‍, കല്യാണം കഴിയാത്ത മകന്‍, അമ്മായിയുടെ അനിയന്‍ ‘കൊച്ചമ്മാന്‍’ എന്നറിയപ്പെടുന്ന ശ്രീനിയേട്ടന്‍, പിന്നെ പെങ്ങള്‍ടെ മോന്‍ എവര്‍ പെറ്റ് ഈ ഞാന്‍. എല്ലാം കൂടെ കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന് സീന്‍ കാണുമ്പോഴായിരുന്നല്ലോ.. അമ്മാവന്‍ മൂത്രമൊഴിക്കാന്‍ എണീറ്റ് വന്നത്.

ഡോറ് തുറക്കണ സൌണ്ട് കേട്ടതും അമ്മാനെ കണ്ടതും എല്ലാവരും ഭയങ്കര കൂര്‍ക്കം വലി. ഞാന്‍ തലേക്കോടെ പുതപ്പിട്ടു. ചിരിയും ചമ്മലും സമാസമം.

“എന്തിറ്റാ ഈ ടീ വീല്?” എന്നറിയാന്‍ നോക്കിയ അമ്മാവന്റെ കണ്ണ് അടിച്ച് പോയിരിക്കണം. അമ്മാതിരി സീനായിരുന്നല്ലോ?

“ആരും കാണണില്ലെങ്കില്‍ ടി.വി. ഓഫ് ചെയ്ത് കെടന്നൂടേ നിങ്ങള്‍ക്ക് ??” എന്നൊരു ഡയലോഗടിച്ച് ടി.വി. ഓഫ് ചെയ്ത് അമ്മാന്‍ പിന്നെയൊരു സ്കൂട്ടാവലായിരുന്നു. പാവം!!

പിറ്റേന്ന് എന്നെ പറ്റി ചില നമ്പറുകള്‍ ഇറങ്ങിയിരുന്നു, ‘ഞാറും കണ്ടത്തില്‍ കൊക്ക് നോക്കും പോലെ“ യാണത്രേ ചിലര്‍ ടി.വി.യില്‍ നോക്കിയിരുന്നത് എന്നൊക്കെ.

പെരുന്നാള്‍ കഴിഞ്ഞ് വന്നപ്പോള്‍ പതിനൊന്ന് കഴിഞ്ഞിരുന്നു. ചോറും കൂര്‍ക്ക ഉപ്പേരിയും ബ്രാല്‍ കറിയും മൂടി വച്ചിരുന്നു. സൌണ്ടുണ്ടാക്കാതെ വന്ന് കഴിച്ച് കിടന്നു.